വിവാഹത്തിലും സർപ്രൈസുമായി സോനം കപൂർ!

ബോളിവുഡിന്റെ ഫാഷനിസ്റ്റ – മറ്റുവിശേഷണങ്ങൾ ആവശ്യമില്ല സോനം കപൂറിന്. അതുകൊണ്ടു തന്നെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി  ഫാഷൻ ലോകം കണ്ണുനട്ടത് മുംബൈയിലേക്ക്. മെഹന്ദിയും സംഗീതും തുടർന്നു വിവാഹവും റിസപ്ഷനും ഉൾപ്പെടെ മൂന്നു ദിവസങ്ങളിലായുള്ള  സോനത്തിന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളാണ്  അവർ കണ്ണിമ ചിമ്മാതെ കാത്തിരുന്നത്. പങ്കെടുക്കുന്ന വേദികളിലെല്ലാം  സർപ്രൈസുകൾ നൽകുന്ന സോനം വിവാഹത്തിനു കാത്തുവച്ചതും  അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പുകൾ. പാരമ്പര്യം കൈവിടാതെയുള്ള  വിവാഹ വസ്ത്രം,  പഴമയോടൊപ്പം പുതുമയും ഇഴചേർത്തൊരുക്കിയ  സംഗീത് വസ്ത്രം, ഒടുവിൽ വ്യത്യസ്തമായ റിസപ്ഷൻ കോസ്റ്റ്യൂമും – കാത്തിരുന്ന ഫാഷൻ കുതുകികളെ  നിരാശപ്പെടുത്തിയില്ല  സോനം  കപൂർ അഹൂജ!

വെള്ളയാണ് താരം

മെഹന്തി, സംഗീത് ചടങ്ങുകൾക്കു പതിവു നിറം മഞ്ഞയാണെങ്കിലും  സോനം തിരഞ്ഞെടുത്തത് വെള്ളനിറം. അതിഥികൾക്കു നൽകിയ തീമും വെള്ള തന്നെ. 

സംഗീത് ചടങ്ങിനായി സോനം തിരഞ്ഞെടുത്തത്  ഡിസൈനർമാരായ  അബു ജാനി, സന്ദീപ് ഖോസ്‌ലയുടെ  വെള്ള ലെഹംഗ. ‘‘സ്നേഹവും സന്തോഷവും  ചേർത്തൊരുക്കിയ വസ്ത്രം’ എന്നു ഡിസൈനറുടെ വാക്കുകൾ. പുതുമയും പഴമയും പ്രൗഡമായി ഇഴയിടുന്ന ഈ ചിക്കൻകാരി  ലെംഹഗയുടെ പ്രത്യേകത സർദോസി, സറി, സെക്വിൻ, ബീഡ് വർക്കുകളും സരോസ്കി എംബ്രോയ്ഡറിയും . മൾട്ടി പാനൽ ചിക്കൻകാരി  ജോർജറ്റ്  ലെഹംഗയിൽ ഓഫ് വൈറ്റ്, സോഫ്റ്റ് പേസ്റ്റൽ ഷേഡുകൾ ഇടകലരുന്ന ു.  40 വ്യത്യസ്തമായ സ്റ്റിച്ചിങ് ടെക്നിക്കുകൾ ചേരുന്നതാണിത്. 

ബ്ലൗസിൽ മൾട്ടിപ്പിൾ ബോർഡറും ഗോൾഡ്, സിൽവർ സർദോസി , സറി വർക്കും ക്രിസ്റ്റലുകളുമാണുള്ളത്. ദുപ്പട്ടയിൽ  മൾട്ടിപ്പിൾ ചിക്കൻകാരി ബോർഡറിന് ഭംഗിയേറ്റാൻ ഗോൾഡ് സർദോസിയും ക്രിസ്റ്റലുകളും.  സോനം രണ്ടു വർഷത്തിനു മുമ്പേ ഓർഡർ നല്‍കിയ വസ്ത്രം ഒരുക്കാൻ 18 മാസം എടുത്തതായി ഡിസൈനർമാർ  പറയുന്നു

പാരമ്പര്യത്തിനൊപ്പം

ഫാഷനിസ്റ്റയാണെങ്കിലും  ചുവപ്പില്ലാതെ പഞ്ചാബി വധുവാകുന്നതെങ്ങിനെ.? വിവാഹവസ്ത്രത്തിൽ പരമ്പരാഗത മൂല്യങ്ങൾ കൈവിടാതുള്ള തിരഞ്ഞെടുപ്പാണ്  സോനം നടത്തിയത്. അതുകൊണ്ടു തന്നെ വിവാഹവസ്ത്രം  ചുവപ്പും ഗോൾഡനും ഇടകലരുന്ന ലെഹംഗ തന്നെ. സെക്വിനുകളുടെ  തിളക്കം നിറയുന്ന പുതുമകൾക്കു പിന്നാലെ പോകാതെ  വിന്റേജ് ടെക്സ്റ്റൈൽസിനു പ്രാധാന്യം നൽകാനുള്ള സോനത്തിന്റെ തീരുമാനം മികച്ചതായി എന്നു പ്രകീർത്തിക്കുന്നവരാണ് ഏറെയും.

ഡിസൈനർ അനുരാധ വകീൽ ഒരുക്കിയ വിവാഹ ലെഹംഗയിൽ വധു പ്രൗഡിയുടെ മറുവാക്കായി. കടും ചുവപ്പു നിറത്തിലുള്ള ലെഹംഗയ്ക്ക് അഴകേറ്റിയത് ഹെവി സർദോസി എംബ്രോയ്ഡറിയും  ലോട്ടസ് മോട്ടിഫുകളും. ദുപ്പട്ടയിലും നിറഞ്ഞത് ലോട്ടസ് മോട്ടിഫ് തന്നെ, ഒപ്പം ബോർഡറിൽ  അതിസൂക്ഷ്മമായ  ഗോട്ട പാട്ടി വർക്കും.

മേക്കപ് സിംപിൾ

മേക്കപ്പ് തീർത്തും ലളിതമാക്കാനും  സ്വാഭാവിക സൗന്ദര്യത്തിനു തിളക്കമേറ്റാനുമുള്ള സോനത്തിന്റെ തീരുമാനം കൃത്യമായ ഫലം കണ്ടു. മിനിമൽ മേക്കപ്പിൽ അതിസുന്ദരിയായ  വധുവിന്റെ തിളങ്ങുന്ന മുഖവും നിറഞ്ഞ ചിരിയും  അതിഥികളുടെയും  ലോകത്തിന്റെയും  ഹൃദയം കവർന്നു. 

കണ്ണുകളിൽ ബ്ലാക്ക് ഐലൈനറും മസ്കാരയും  സോഫ്റ്റ് പീച്ച് ചീക്സ്, റെഡ് ലിപ്സ്റ്റിക് – ഇത്രമാത്രമാണ് ഒരുക്കമെന്ന് ആണയിടുന്നു മേക്കപ്പ് ആർടിസ്റ്റ് നമ്രത സോണി..

വിവാഹദിനത്തിൽ മുടി പിന്നിൽ ബൺ ചെയ്തു മുല്ലപ്പൂ ചൂടിയ സോനം  റിസപ്ഷൻ വേദിയിൽ   തീർത്തും ലളിതമായി നടുവിൽ വകഞ്ഞെടുത്ത നീളൻ മുടി വിടർത്തിയിട്ടും  ശ്രദ്ധേയയായി.

സ്റ്റൈലിഷ് സോനം

ആരാധകർ കാത്തുകാത്തിരുന്ന  ‘ദ് സോനം ലുക്കി’ൽ വധുവെത്തിയത് മുംബൈ ലീല ഹോട്ടലിലെ  റിസപ്ഷൻ വേദിയിൽ. 

പരമ്പരാഗത നിറങ്ങളും സങ്കൽപങ്ങളും ഒഴിവാക്കി ഗ്രേ, ബ്ലാക്ക് നിറം ഇടകലരുന്ന വസ്ത്രമാണ് സോനം തന്റെ എക്സിപെരിമെന്റൽ  ലുക്കിനായി കാത്തുവച്ചത്. ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ ലെഹംഗയുടെ  പ്രധാന ആകർഷണം ട്രെൻഡി ഷെവ്‌റോൺ  (chevron-striped) സ്ട്രൈപ്സ് തന്നെ.

സോനത്തിന്റെ റിസപ്ഷൻ വസ്ത്രം വ്യത്യസ്തമായും കൂൾ ആയും ഒരുങ്ങാനാഗ്രഹിക്കുന്ന വധുക്കൾക്ക് വഴികാട്ടിയാകും.

സെക്വിനുകളും തൊങ്ങലുകളും  എംബ്രോയ്ഡറിയും ഹെവിവർക്കും ഒഴിവാക്കി വധുവിന് ട്രെൻഡിയാകാമെന്നും  താരം തെളിയിച്ചു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam