മൈലാഞ്ചിച്ചോപ്പു മായുംമുമ്പെ േസാനം കാനിലെത്തി, അതിസുന്ദരിയായി!

കാൻസ് ഫിലിം ഫെസ്റ്റിവൽ എന്നു കേൾക്കുമ്പോൾ തന്നെ ബിടൗണിലെ ചില താരസുന്ദരിമാരെ ഓർക്കുന്നവരുണ്ട്. അതിലാദ്യം കാനിന്റെ റാണി ഐശ്വര്യ റായ് ആണെന്നു പ്രത്യേകം പറയേണ്ടല്ലോ, തൊട്ടുപിന്നാലെയുണ്ട് ന‌ടി സോനം കപൂറും. എട്ടാം തവണയാണ് സോനം റെഡ് കാർപറ്റിൽ ചുവടുവെയ്ക്കുന്നത്.  വിവാഹ ആഘോഷങ്ങൾ കെട്ടടങ്ങും മുമ്പ് മൈലാഞ്ചിച്ചോപ്പു മായും മുമ്പ് റെഡ് കാർപറ്റില്‍ ചുവടുവച്ചിരിക്കുകയാണ് സോനം.

ഫാഷന്റെ രാജകുമാരിയായ േസാനം റെഡ് കാർപറ്റിലും ആരാധകരുടെ പ്രതീക്ഷയെ തെല്ലും മങ്ങലേൽപിച്ചില്ല. റാൽഫ് ആൻഡ് റൂസോയുടെ ഓഫ് വൈറ്റ് നിറത്തിലുള്ള മനോഹരമായൊരു ലെഹംഗ ധരിച്ചാണ് സോനം റെഡ് കാർപറ്റിലെത്തിയത്. ലെഹംഗയുടെ മാസ്മരികത കൂട്ടുന്ന ക്രോപ് ടോപ് ഒരു വശം സ്ലീവ് ഉള്ളതും മറുവശം സുതാര്യവുമായിരുന്നു. 

വിവാഹ േമാതിരത്തോടു ചേർന്നു കി‌ടക്കുന്ന കമ്മലുകളാണ് താരം ധരിച്ചത്. മാലയോ വളയോ മറ്റ് ആഭരണങ്ങളോ ഇല്ലെന്നതിനൊപ്പം വിവാഹത്തിനണിഞ്ഞ മൈലാഞ്ചി മായാതെ കിടക്കുന്നതും ശ്രദ്ധേയമായി. ഒപ്പം കാഴ്ചക്കാരുടെ കണ്ണുടക്കിയത് സോനത്തിന്റെ മുടിയിഴകളിലേക്കായിരുന്നു. ഇരുവശത്തേക്കും വകഞ്ഞി ചീകിയ മുടിയിഴകൾ പുറകിൽ പിന്നിയിട്ട് അതിനു മുകളിൽ അണിഞ്ഞ നാഗ ജാഡെയ് അഥവാ കല്ലും മുത്തുംകൊണ്ടുള്ള അലങ്കാരത്തിലായിരുന്നു മിക്കവരുടെയും കണ്ണുകൾ. തെന്നിന്ത്യൻ ഹിന്ദു വിവാഹങ്ങളിൽ വധു പിന്നിയിട്ട മുടിയിൽ അണിയുന്ന ഒരു പ്രത്യേക ആഭരണമാണിത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഈ മാസം ആദ്യമാണ് സോനം കപൂറും ആനന്ദ് അഹൂജയും പഞ്ചാബി ആചാരപ്രകാരം വിവാഹിതരായത്. 

ബിടൗണിൽ നിന്നും ഐശ്വര്യ റായിയും ദീപികയും കങ്കണയുമാണ് കാനിലെ റെഡ് കാർപറ്റിൽ ഇക്കുറി ചുവടുവച്ച സുന്ദരിമാർ. പത്ത്, പതിനൊന്ന് തീയതികളിലാണ് ദീപിക കാനിൽ ചുവടുവച്ചത്. ദീപികയുടെ രണ്ടാം തവണത്തെ ഫിലിം ഫെസ്റ്റിവലാണിത്. കങ്കണയ്ക്കാകട്ടെ കാൻ ഫെസ്റ്റിവലിലെ കന്നിയങ്കമാണിത്. കാനിൽ ഏറ്റവുമധികം പങ്കെടുത്ത ബോളിവു‍ഡ് സുന്ദരിയായ ആഷിന്റെ പതിനേഴാമത്തെ കാൻ ഫെസ്റ്റിവൽ ആയിരുന്നു ഇത്. മെയ് എട്ടിനാരംഭിച്ച കാൻ ഫെസ്റ്റിവൽ വരുന്ന പത്തൊമ്പതിനാണ് സമാപിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam