Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ താടി കൊണ്ടാണ് ഞാൻ ജീവിക്കുന്നത് : ബിനീഷ് ബാസ്റ്റിൻ

Bineesh Bastin

റഫ് ആൻഡ് ടഫ് പ്രകൃതം, അതുകൊണ്ടു തന്നെ പരിചയപ്പെടാൻ മടിച്ചു ദൂരെ മാറി നിൽക്കുന്നവർ. അവർക്കിടയിലേക്ക് ബിനീഷ് ബാസ്റ്റിൻ യാതൊരു താര ജാഡകളുമില്ലാതെ ഇറങ്ങി ചെല്ലും, ഒരിക്കൽ പരിചയപ്പെട്ടാൽ ചങ്കായ സുഹൃത്തായി മാറും. സ്വന്തം വഴിയിൽ മുന്നോട്ടു ഉയരത്തിലേക്ക് പോകുമ്പോഴും പഴയ വഴികളിലേക്ക് എല്ലായ്പ്പോഴും തിരിഞ്ഞു നോക്കി സ്വയം മനസ്സിലാക്കിയ ബിനീഷിനെ പോലെയുള്ളവർ ഒരുപക്ഷെ അപൂർവ്വമായിരിക്കും. തെരി എന്ന വിജയ് സിനിമയാണ് ബിനീഷ് ബാസ്റ്റിൻ എന്ന നടന് ബ്രെക്ക് കൊടുത്തത്. സംഘട്ടന രംഗങ്ങളിൽ പിന്നാമ്പുറങ്ങളിലെവിടെയോ ഒതുങ്ങി നിന്നിരുന്ന ഗുണ്ടാ മുഖം ഇപ്പോൾ  മലയാള സിനിമയിലെ നായകന്റെ ലുക്കിലാണ്. നീണ്ട താടി, കൊച്ചി സ്ലാങ്ങിലെ സംസാരം, പക്ഷെ റഫ് ആയ ലുക്ക്... ബിനീഷ് സ്വയം അദ്ദേഹത്തിന്റെ ബ്രാൻഡ് അംബാസഡറാണ്. തനിയ്ക്ക് വേണ്ടി സംസാരിക്കാൻ മറ്റാരുമില്ലെന്ന് ഓർമ്മിക്കുന്നയാൾ. അതുകൊണ്ട് കൂടുതൽ വിശദീകരണം ബിനീഷ് നൽകും.

താടി ജീവിക്കാൻ വേണ്ടിയാണ്...!

ആദ്യമൊക്കെ അഭിനയിച്ച സിനിമകളിൽ താടിയില്ല. ബോഡി ബിൽഡിങ് വഴിയാണ് സിനിമയിലേയ്ക്ക് വന്നത്, അങ്ങനെ ആ വഴി ദിലീപേട്ടന്റെ പാണ്ടി പ്പടയിൽ അവസരം കിട്ടി. അപ്പോഴൊന്നും ഈ താടിയില്ല. പക്ഷെ ഇപ്പോഴത്തെ ഈ ലുക്ക് ഇല്ലാരുന്നു. ലുക്കിന് വേണ്ടിയാണ് താടി വളർത്തി തുടങ്ങിയത്. അണ്ണൻ തമ്പി സിനിമയിലാണ് ആദ്യമായിട്ട് അത് പരീക്ഷണം. അതിനു വേണ്ടി തമിഴ്‌നാട്ടിൽ ഷൂട്ടിങ്ങിനു പോയത് ട്രെയിനിലാണ്. അതിൽ വരയ്ക്കുന്ന ഒരാളുണ്ടായിരുന്നു, പുള്ളി എന്നെ വരച്ചു, അപ്പോ അയാള് പറഞ്ഞു ഇതേ പോലെ ഒരു പ്രശസ്ത സിനിമാ നടനുണ്ട്. ക്ലാസ്സിക് ആയിട്ടുള്ള ഒരു സിനിമയിൽ അദ്ദേഹത്തിന്റെ വേഷം ഇങ്ങനെയൊക്കെയാണ്, നല്ല ബോഡി ബിൽഡറുമാണ്, ആൾ മറ്റാരുമല്ല നമ്മുടെ "300 " സിനിമയിലെ ജറാൾഡ് ബട്ട്ലർ ആണ്. കുറച്ചുകൂടി താടി വച്ചാൽ അദ്ദേഹത്തിന്റെ നല്ല ലുക്ക് തോന്നിക്കുമെന്നു അന്ന് പുള്ളി അഭിപ്രായം പറഞ്ഞു. അന്ന് മുതൽ അദ്ദേഹമാണ് എന്റെ റോൾ മോഡൽ. സത്യം പറഞ്ഞാൽ ഫ്രീക്കൻ ആവാനോ ആൾക്കാർ ശ്രദ്ധിക്കാൻ വേണ്ടിയോ അല്ല ഞാൻ താടി വളർത്തിയത്. സിനിമയിൽ നല്ല വേഷങ്ങൾ ലഭിക്കാനാണ്. ആദ്യം മുതൽ വില്ലൻ വേഷങ്ങളാണ് ലഭിച്ചത്. എപ്പോഴും ഒരേ പോലെ കാണുമ്പോൾ മടുക്കുമല്ലോ, അങ്ങനെ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് കൂർത്ത താടിയും മുടി പുറകിലേക്ക് നീട്ടി വളർത്തിയും ഒപ്പം ബോഡി ബിൽഡിങ്ങും എല്ലാം കൂടി ശരിക്കും ത്രീ ഹൺഡ്രഡിലെ സ്പാർട്ടന്റെ സ്റ്റൈൽ .

bineesh-bastin7

ഇത് ഒൻപതു വർഷം മുൻപുള്ള കഥയാണ് കേട്ടോ. അന്ന് താടി വയ്ക്കുക എന്നാൽ അവർ ഭ്രാന്തന്മാരാണ്. അന്ന് റീഥ്വിക് റോഷന്റെ ഒക്കെ പടമാണ് ഹിറ്റ്. താടിയും മീശയുമില്ലാത്ത ക്ളീൻ ഷേവ് ആയുള്ള നായകന്മാരെ എല്ലാവർക്കും ഇഷ്ടമുള്ളൂ. ആ സമയത്താണ് വ്യത്യസ്തതയ്ക്ക് വേണ്ടി ഞാൻ താടി വച്ച് തുടങ്ങിയത്. അന്ന് ഹരിശ്രീ അശോകനും സിദ്ദിക്ക് ലാലിലെ ലാലിനും ഒക്കെയേ ഉള്ളൂ താടി. ഇന്നത്തെ പോലെ ഫ്രീക്കന്മാരുടെ കാലമല്ലല്ലോ. താടി എങ്ങനെയെങ്കിലും വടിച്ചു കളയണം, ഒരു ലുക്കുമില്ല എന്ന് വീട്ടുകാർ പോലും പറഞ്ഞിട്ടുണ്ട്. പക്ഷെ എല്ലാവരും തള്ളി പറഞ്ഞതല്ലേ, അതെ താടി കൊണ്ട് തന്നെ പിടിച്ചു കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അതുകൊണ്ട് താടി കളയാൻ പോയില്ല. ഈ ലുക്കിൽ എന്നെ കണ്ടിട്ടാണ് അന്ന് വിജയ് സാറിന്റെ പടമായ തെരിയിൽ അവസരം കിട്ടിയത്. അത് അവർ പറയുകയും ചെയ്തിരുന്നു. അതിനു ശേഷം ഈ ലുക്ക് എല്ലാവരും അംഗീകരിച്ചു. അതിനു ശേഷം താടി കളയണമെന്നുണ്ടായിരുന്നു, പക്ഷെ അതിനു ശേഷം താടി എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി, തിരിച്ചറിയാനുള്ള മാർഗമായി. അങ്ങനെ പറഞ്ഞു വന്നാൽ കേരളത്തിൽ താടി കൊണ്ട് ജീവിക്കുന്ന ഒരാളാണ് ഞാൻ.  താടി ഒരു വരുമാന മാർഗ്ഗമാണ് എനിക്ക്. 

പക്ഷെ ഈ താടിയും ലുക്കും ഒക്കെ കണ്ടു ഞാൻ മദ്യപാനിയും സിഗരറ്റു വലിയും ഒക്കെ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. പക്ഷെ ഇതുവരെ അത്തരം ശീലങ്ങൾ ഇല്ലാത്ത ഒരാളാണ് ഞാൻ. സിനിമയിൽ ചെയ്യുന്നതൊക്കെ ഡമ്മിയാണ്. വീട്ടിൽ ഇതിന്റെയൊക്കെ ദൂഷ്യഫലങ്ങൾ കണ്ടു വളർന്ന ആളായതുകൊണ്ട് ഇതൊന്നും ഒരിക്കലും സ്വയം ചെയ്യില്ല. പക്ഷെ കുടിക്കാൻ പോകുന്ന സുഹൃത്തുക്കൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു കമ്പനി കൊടുക്കാറുണ്ട്. ഞാൻ കഴിക്കാറില്ല. 

Bineesh Bastin

ഞാൻ സാധാരണക്കാരൻ

സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുൻപ് ടൈൽസിന്റെ പണിയ്ക്കു പോകുമായിരുന്നു. തെരി സിനിമ റിലീസ് ചെയ്യുന്ന ദിവസം പോലും പണിയ്ക്ക് പോയ ആളാണ് ഞാൻ. അതിൽ ഒരു മോശവും ഇപ്പോഴും ഇല്ല. പക്ഷെ സിനിമ എന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായിരുന്നു. അതിനു വേണ്ടിയാണ് ബോഡി ബിൽഡിങ് തുടങ്ങിയതും. ചെയ്തിരുന്ന പണിയോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല ഇപ്പോൾ പണിയ്ക്ക് പോകാത്തത്, അത്യാവശ്യം സിനിമയിൽ നല്ല തിരക്കായി തുടങ്ങി, നായകനായി അഭിനയിച്ച സിനിമ ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ പോകുന്നു, നല്ല വേഷങ്ങൾ ഉള്ള സിനിമയിൽ ഒപ്പു വച്ചിരിക്കുന്നു, സമയം കിട്ടുന്നില്ല അതാണ് പ്രധാന കാരണം. പക്ഷെ ഇനിയും സിനിമ ഇല്ലാതെ ആയി പോകുന്ന ഒരു അവസരം വന്നാൽ ഞാനെന്റെ പണിയിലേയ്ക്ക് തന്നെ തിരികെ പോകും. 

എന്റെ തൊഴിലിൽ ഏറ്റവും നന്നായി പണിയറിയുന്ന ഒരാളാണ് ഞാൻ. സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന വർക്കുകളുണ്ടായിരുന്നു. കൂടെ എത്ര പേര് പണിയാൻ ഉണ്ടെങ്കിലും ഞാനും അവർക്കൊപ്പം പണിയെടുക്കും. ഇപ്പോഴും ഞാൻ തന്നെ വർക്ക് ചെയ്യണം എന്ന് പറഞ്ഞു വിളിക്കുന്നവരുണ്ട്. സ്ഥിരം അവർക്കു വേണ്ടി ചെയ്യുന്നതാണ്. അപ്പോൾ അവർ നമ്മളെ തന്നെ വിളിക്കും. അത് നമ്മുടെ വർക്കിന്‌ കിട്ടുന്ന അംഗീകാരം കൂടിയാണ്. 

സിനിമയിൽ വന്നതിനു ശേഷം ആണെങ്കിലും ആദ്യമൊക്കെ പള്ളിയിൽ പരിപാടി ഒക്കെ ഉള്ളപ്പോൾ ഏറ്റവും പിന്നിലാണ് സീറ്റ്. തെരി പുറത്തിറങ്ങിയതിന് ശേഷമാണ് പിന്നിലെ ഇരുത്തം മുന്നിലേയ്ക്കായതും ആൾക്കാർ അംഗീകരിക്കാൻ തുടങ്ങിയതും.  എങ്കിലും സ്വന്തം വീട്ടിലും നാട്ടിലും ഉള്ളവർ ഇപ്പോഴും എന്നെ കലാകാരനായി അംഗീകരിച്ചിട്ടില്ല. എന്നെങ്കിലും അതും ഉണ്ടാകും. പുതിയ കാർ -ഇയോൺ- വാങ്ങിയത് അടുത്തിടെയാണ്. ഞാൻ ഇപ്പോഴും ഇവിടെ പഴയ വീട്ടിലാണ് താമസം. ഞങ്ങള് നാലു പേരാണ്. മൂന്നു ആണുങ്ങളും ഒരു പെണ്ണും. ഓരോരുത്തരും ഓരോ ഇടത്തു താമസം. ഞാനും ഒരു സഹോദരനും ഇവിടെ വീട്ടിൽ അമ്മയും ഒപ്പമാണ്. സിനിമയിൽ ഒക്കെ ആണെന്ന് പറഞ്ഞാൽ ഇപ്പോഴും അവർ നമ്മളെ അംഗീകരിക്കില്ല എന്നതാണ് സത്യം.

Bineesh Bastin

യുവാക്കളാണ് കൂടെ...

ഫ്രീക്കൻ ലുക്ക് കൊണ്ടാണോ എന്തോ യുവാക്കളാണ് കൂടുതലും കൂടെയുള്ളത്. ഫ്രീക്കൻ ആയതു സിനിമയ്ക്ക് വേണ്ടിയാണെങ്കിലും അവർ ഒരുപാടു പേര് കട്ട സപ്പോർട്ടാണ്. എനിക്ക് തോന്നുന്നു കേരളത്തിൽ ഈ ഒന്നര വർഷത്തിനിടെ ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾക്ക് പങ്കെടുത്തത് ഞാനാകും. ചെറിയ ചെറിയ പരിപാടികളൊക്കെയാണ്, പക്ഷെ എല്ലാം ക്ഷണിക്കുന്നത് യുവാക്കളായിരിക്കും. അവരാണ് നമ്മളെ കൂടുതലും അറിയുന്നതും അംഗീകരിക്കുന്നതും. സോഷ്യൽ മീഡിയ വഴിയാണ് എന്നെ അവർ ഒരുപക്ഷെ കൂടുതലും അറിയാൻ തുടങ്ങിയത്. എന്തുണ്ടെങ്കിലും ഞാൻ ലൈവ് വഴിയും അല്ലാതെയുമൊക്കെ സുഹൃത്തുക്കളെ അറിയിക്കാറുണ്ട്. മാത്രമല്ല നമുക്ക് വരുന്ന കമ്മന്റുകൾക്കും മെസേജുകൾക്കും പരമാവധി മറുപടികളും നൽകാറുണ്ട്. നമുക്കൊരു നീല ടിക്കുള്ള വെരിഫൈ ചെയ്ത പ്രൊഫൈലുണ്ട്, അതിൽ നിന്ന് നമ്മളെ ഇഷ്ടമുള്ളവർക്ക് മറുപടി കൊടുക്കുന്നത് കാണുമ്പൊൾ അവർക്ക് വലിയ സന്തോഷമാണ്. നമ്മളായിട്ട് ആ സന്തോഷം കളയരുത്. അതുകൊണ്ട് എല്ലാവർക്കും നമ്മളോട് നല്ല അടുപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ തന്നെ ഒരുപാട് നെഗറ്റീവ് അഭിപ്രായങ്ങളും ട്രോളുകളും ഒക്കെ വന്നിരുന്നു, പക്ഷെ ഞാനതിൽ സന്തോഷിക്കുന്നു. ഇത്തരം നെഗറ്റീവ് വരുമ്പോഴും ആൾക്കാർ നമ്മളെ കൂടുതൽ തിരിച്ചറിയുമല്ലോ. ട്രോളുകൾ എനിക്കിഷ്ടമാണ്. നല്ലതും ചീത്തയുമായ ട്രോളുകൾ എന്റെ മുഖം വച്ച് ഒരുപാടിറങ്ങിയിട്ടുണ്ട്. അതൊക്കെ ആസ്വദിക്കാറുണ്ട്.  നെഗറ്റീവ് പറയേണ്ട കാര്യങ്ങൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. പക്ഷെ എന്തോ അങ്ങനെയും പരാമർശിക്കപ്പെട്ടു. യുവാക്കൾ എവിടെ വച്ച് കണ്ടാലും വരാറുണ്ട്, പക്ഷെ ഈ റഫ് ലുക്ക് ഉള്ളതുകൊണ്ട് സ്ത്രീകൾ സംസാരിക്കാൻ പൊതുവെ ഒന്ന് മടിക്കും. പക്ഷെ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ നല്ല കൂട്ടാണ്, ഒരുപക്ഷെ ഈ കഴിഞ്ഞ വർഷത്തിൽ ചെറുപ്പക്കാരുടെ കൂടെ ഏറ്റവും കൂടുതൽ സെൽഫിയ്ക്ക് പോസ് ചെയ്തതും ഞാനാകും. 

കൊച്ചി എന്റെ കൊച്ചി

കൊച്ചിയിൽ തോപ്പുംപടിയാണ് വീട്. കടലോര പ്രദേശമാണ്. സത്യം പറഞ്ഞാൽ ഓരോ ജില്ലകളിൽ പരിപാടികൾക്ക് പോകുമ്പോൾ എവിടെയാണ് സ്ഥലം എന്ന ചോദിക്കുമ്പോൾ കൊച്ചി എന്ന് പറഞ്ഞാൽ എല്ലാവർക്കും ഭയങ്കര സ്നേഹമാണ്. മറ്റുള്ളവർക്ക് കൊച്ചി എന്നാൽ ലുലു മാൾ, സിനിമ നടൻമാർ, മെട്രോ, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി... എന്നൊക്കെയാണ്. മട്ടാഞ്ചേരി എന്നാൽ പൊതുവെ ചിലർക്ക് പേടിയാണ്, അങ്ങനെയാണല്ലോ നമ്മൾ മട്ടാഞ്ചേരിയെ കണ്ടിരിയ്ക്കുന്നത്. പക്ഷെ മട്ടാഞ്ചേരിക്കാരൊക്കെ നല്ല മനുഷ്യരാണ്. അവിടെ പേടിക്കേണ്ടതായിട്ട് ഒന്നുമില്ല. നമ്മൾ കൊച്ചിയിലായതുകൊണ്ട് മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലെന്ന പറയുന്നത് പോലെയാണ്. പക്ഷെ മറ്റൊരിടത്തു ചെല്ലുമ്പോഴാണ് അതിന്റെ സ്നേഹം മനസിലാകുന്നത് എന്നേയുള്ളൂ. കൊച്ചി നല്ല മോഡേൺ ആയ സ്ഥലമാണ്. നിങ്ങൾക്ക് എന്ത് വേണമെങ്കിലും അതിവിടെയുണ്ട് താനും.

Bineesh Bastin

സിനിമയും ടൈൽസ് പണിയും

ടൈൽസ് പണിക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ ദിവസം ആയിരം രൂപയുണ്ടായിരുന്നു. നല്ല പണിയാണ്, ദേഹം വിയർക്കും, പണി ബുദ്ധിമുട്ടാണ്, ആഴ്ചയിൽ ഒരു ദിവസം കാശ് കിട്ടും, ആഴ്ച അവസാനം കയ്യിൽ കാശൊന്നും ഉണ്ടാവുകയും ഇല്ല. പക്ഷെ മനസ്സിന് യാതൊരു സമാധാനക്കേടും ഇല്ലാതെ ഉറങ്ങാമായിരുന്നു. കൂട്ടുകാരുമൊന്നിച്ചു ചുമ്മാ കറങ്ങുമായിരുന്നു. ഇരുപതോളം പണിക്കാർ എന്റെ ഒപ്പമുണടായിരുന്നു. നമ്മളും ഒപ്പം പണിയെടുക്കും. കൊച്ചിക്കാർക്ക് ഒരു പ്രത്യേകതയുണ്ട്, നമ്മൾ തിങ്കളാഴ്ച പണിയ്ക്ക് പോവില്ല. ചൊവ്വ മുതൽ ശനി വരെ പോകും. ശനിയാഴ്ച പൈസ വാങ്ങി വന്ന വീട്ടിൽ കാശു കൊടുക്കും. ഞായറാഴ്ച കിടന്നുറങ്ങും. തിങ്കളാഴ്ച കൂട്ടുകാരുടെ കയ്യിൽ നിന്ന് പൈസ വാങ്ങി കറങ്ങും. അങ്ങനെയാണ് ജീവിച്ചിരുന്നതും. ജോലിയുടെ ക്ഷീണം കൊണ്ടാണ് ഉറങ്ങി പോകുന്നത്. പക്ഷെ സിനിമയിൽ വന്നതിനു ശേഷം ജീവിത ശൈലി ആകെ മാറിപ്പോയി. എനിക്കിപ്പോഴും അഭിമാനിക്കാൻ കഴിയുന്ന ജോലി പഴയ പണി തന്നെയായിരുന്നു. സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല, പക്ഷെ സമാധാനം ആവോളമുണ്ടായിട്ടുണ്ട്. ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട ആവശ്യമേ അന്നുണ്ടായിരുന്നില്ല. ഇപ്പോൾ നന്നായി ഉറക്കമില്ല, രാത്രിയിലും ഉള്ള ജോലി, ടെൻഷൻ, അധ്വാനം കൂടുതൽ ഇല്ലാത്ത ജോലികൾ, അങ്ങനെ എല്ലാം മാറി. 

പതിനാലു വർഷത്തെ ടൈൽസ് പണിയിൽ നിൽക്കുമ്പോഴും സിനിമ തന്നെയായിരുന്നു മോഹം. ചിലപ്പോൾ പണിയ്ക്കിടയിൽ നിൽക്കുമ്പോഴാണ് ഏതെങ്കിലും പ്രൊഡക്ഷൻ കൺട്രോളർ വിളിക്കുക, അപ്പോൾ പോകും. പണിയൊക്കെ പകുതി ആക്കിയിട്ട് പോകേണ്ടി വന്നിട്ടുണ്ട്. അത്രയ്ക്കുണ്ടായിരുന്നു അഭിനയ മോഹം. 

മിസ്റ്റർ എറണാകുളം 

ബോഡി ബിൽഡിങ് പണ്ടേ ഇഷ്ടമായിരുന്നു. ആദ്യമൊക്കെ ചെയ്തിട്ടുണ്ട്, അന്ന് മിസ്റ്റർ എറണാകുളം ആയപ്പോഴാണ് സിനിമയിലേയ്ക്ക് ചാൻസ് കിട്ടിയതും. എല്ലാ ദിവസവും വർക്ക് ഔട്ട് ചെയ്യുമായിരുന്നു. അന്ന് ഒരു ജീൻസ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടി, അതിന്റെ പരസ്യം പലയിടത്തും ഫ്ളക്സ് ബോർഡുകളായി തൂങ്ങി കിടപ്പുണ്ടായിരുന്നു, അവിടെ നിന്നാണ് സിനിമയിലേയ്ക്ക് വന്നതും.  ആദ്യം അൻപതോളം പടങ്ങളിൽ പിന്നിൽ നിൽക്കുന്ന ഗുണ്ടയായി മാത്രം അഭിനയിച്ചു, അതിനു ബോഡി ആവശ്യമായിരുന്നു താനും. പിന്നീട് തെരിയ്ക്ക് ശേഷമാണ് സ്വഭാവ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളൊക്കെ കിട്ടി തുടങ്ങിയത്. അതിനു പക്ഷേ ബോഡി ഒരു പ്രശ്നമായി മാറിയപ്പോൾ ഫ്ലെക്സിബിൾ ആയി അഭിനയിക്കാൻ ബുദ്ധിമുട്ടായി. അങ്ങനെ ഇപ്പോൾ ഏഴു വർഷമായി ബോഡി ബിൽഡിങ് വർക്ക് ഔട്ട് ഇല്ല. പക്ഷെ ഞാൻ യോഗ പോലെയുള്ള വ്യായാമങ്ങൾ ചെയ്യുന്നുണ്ട് . 

ഇപ്പോൾ ജീവിതം മാറി, അഭിനയം പഠിക്കാൻ ഇവിടെ എറണാകുളത്ത് ഒരിടത്തു പോകുന്നുണ്ട്, ഡ്രൈവിങ് പഠിക്കുന്നുണ്ട്...

എനിക്ക് കിട്ടുന്നതിൽ നിന്നൊരു വിഹിതം അവർക്കും

മനുഷ്യരോട് പറഞ്ഞിരിക്കുന്നത് അങ്ങനെയാണ്, നമുക്ക് എന്താണോ കിട്ടുന്നത് അതിൽ നിന്നും ഒരു വിഹിതം അർഹർക്ക് നൽകുക. നഴ്‌സുമാരുടെ പ്രശ്നം ഉണ്ടായപ്പോൾ എനിക്ക് കിട്ടുന്ന പണത്തിൽ നിന്ന് ഒരു വിഹിതം അവർക്കും നൽകിയിരുന്നു. ഇപ്പോൾ സ്‌കൂൾ തുറക്കുന്ന സമയമായതുകൊണ്ടു കുട്ടികൾക്ക് വേണ്ടി ബാഗും കുടയും ബുക്കും ഒക്കെ നൽകുന്നവർക്ക് വേണ്ടി പണം നൽകിയിരുന്നു. നമുക്കൊരു നൂറു രൂപ ലഭിച്ചാൽ പത്തു രൂപ ഒരാൾക്ക് കൊടുക്കാൻ കഴിയും. പറ്റുന്നത് പോലെ ചെയ്യുക എന്നതാണ് എന്റെ രീതി. 

Bineesh Bastin with Vijay

വിജയ് എന്റെ ഹീറോ

ഒരുവിധം എല്ലാ നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ആരോടും ആരാധന അങ്ങനെ ഉണ്ടായിട്ടില്ല, ഒരാളോടൊഴിച്ചു. അത് തെരിയിൽ അഭിനയിച്ചപ്പോൾ വിജയ് എന്ന മനുഷ്യനെ മനസിലാക്കിയതിനു ശേഷം ഉണ്ടായതാണ്. ഇന്ത്യയിൽ ഉള്ള പല നടന്മാർക്കും ലഭിക്കാത്ത സ്നേഹവും ആദരവും എല്ലായിടങ്ങളിലും അദ്ദേഹത്തിന് എങ്ങനെ കിട്ടിയെന്ന് ഞാൻ അമ്പരന്നിരുന്നു, പക്ഷെ നേരിൽ കാണുമ്പോഴാണ് അത് മനസ്സിലാവുക, പതിനഞ്ചു ദിവസം ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. വെറും സാധാരണക്കാരനെ പോലെയാണ് വിജയ് സാർ ഇടപെടുന്നത്. താര ജാടകളില്ലാത്ത, എല്ലാവരോടും ഒരേ പോലെ പെരുമാറുന്ന ഒരു മനുഷ്യൻ. ഒരുപാട് സഹായങ്ങളും പലർക്കും അദ്ദേഹം ചെയ്യുന്നുണ്ട്. മറ്റുള്ളവർ അതില്ല എന്നല്ല, പക്ഷെ അദ്ദേഹത്തിന് അത് ഇത്തിരി കൂടുതലാണ്. നമ്മുടെ കേരളത്തിൽ പോലും ഇത്ര രാവിലെ ഒക്കെ ഫാൻസ്‌ ഷോ വയ്ക്കുന്നതും വിജയ് പടങ്ങൾക്കാണ്. അടുത്ത മാസം അദ്ദേഹത്തിന്റെ പിറന്നാളാണ്, തീയേറ്ററുകളിൽ പരിപാടികളും സേവന പ്രവർത്തനങ്ങളും ഒക്കെയുണ്ട്, ഫാൻസ്‌ ഷോ പ്രത്യേകം ഉണ്ടാകും. വിജയ് എന്ന സിനിമ നടനോടുള്ള ആരാധനയ്ക്കു പുറമെ ആ മനുഷ്യനോടുള്ള ഇഷ്ടമാണത്. 

മീൻകറി എനിക്കിഷ്ടം!

കടപ്പുറം ഭാഗത്താണ് എന്റെ വീട്. ജനിച്ച കാലം മുതൽ മീൻ കൂടുതൽ കഴിക്കാറുണ്ട്. വെജിറ്റേറിയൻ ഭക്ഷണങ്ങളോട് അത്ര താല്പര്യം ഇല്ല, പക്ഷെ മീൻകറി വ്യത്യസ്തമായി എവിടെ ഉണ്ടെങ്കിലും കണ്ടെത്തി രുചിച്ചു നോക്കും.  ഇവിടെ കൊച്ചിയിലുള്ള എല്ലാ ഹോട്ടലുകളിലും കയറി ഭക്ഷണം കഴിച്ചിട്ടുണ്ട്. എവിടെ പോയാലും വ്യത്യസ്തമായ ഭക്ഷണം (നോൺ വേജ്) പരീക്ഷിക്കും, പ്രത്യേകിച്ച് മീൻ കറി. നമ്മൾ കൂട്ടുകാർ എല്ലാവരും കൂടിയാണ് ഭക്ഷണം കഴിക്കാൻ വേണ്ടിയുള്ള യാത്രകൾ. നല്ല പുളിയുള്ള കറികളാണ് എനിക്കിഷ്ടം. ചോറും മീനുമാണ് ഇഷ്ട ഭക്ഷണം. ഫോർട്ട് കൊച്ചിയിൽ ഒരു സ്ഥലമുണ്ട്, മീനൊക്കെ ഫ്രഷ് ആയിട്ട് കിട്ടും, അവിടെ തന്നെ മീൻ നമുക്കിഷ്ടമുള്ള രീതിയിൽ കറി വച്ച് തരും. അങ്ങനെ ലൈവ് ആയി മീൻ കഴിക്കാൻ വലിയ ഇഷ്ടാണ്. വലിയ പണ ചിലവൊന്നും ഇല്ല. ആയിരം രൂപയൊക്കെ ഉണ്ടെങ്കിൽ മൂന്നു പേർക്ക് കഴിക്കാം. ഭക്ഷണം വായിൽ വച്ച് കഴിഞ്ഞാൽ പഴകിയതാണോ പുതിയതാണോ എന്ന് നമുക്കറിയാം. പഴയ ഭക്ഷണത്തേക്കാൾ ഫ്രഷ് ആയ ഭക്ഷണത്തോടാണ് എനിക്കിഷ്ടം. 

കല്യാണം-വീട്ടുകാർ ആലോചിക്കട്ടെ!

താടി ഒക്കെ കണ്ടു പലപ്പോഴും പെൺകുട്ടികൾ ഇഷ്ടമാണെന്ന് മെസേജുകൾ അയക്കാറുണ്ട്., താടി ഇഷ്ടമാണെന്നൊക്കെ പലരും പറയാറുണ്ട്, അതിൽ ഞാൻ വലിയ കാര്യമൊന്നും കാണുന്നില്ല. ഞാൻ മറ്റുള്ളവർ വളർത്തുന്നത് കണ്ട വളർത്തിയതല്ല, അതിജീവിക്കാൻ വേണ്ടി വളർത്തിയതാണ്.  വീട്ടുകാർ ആലോചിച്ച വിവാഹത്തിന്നാണ് താൽപ്പര്യം. വീട് പണി തുടങ്ങണം, അത് കഴിഞ്ഞു വേണം വിവാഹം ആലോചിക്കാൻ. ഞാൻ ഒരു സാധാരണക്കാരനാണ്, അതിലും സാധാരണക്കാരിയായ ഒരു പെൺകുട്ടിയെ ആണ് ആഗ്രഹിക്കുന്നത്. 

വിനായകൻ ചേട്ടൻ ഹീറോ

വിനായകൻ ചേട്ടൻ നല്ലൊരു റോൾ മോഡലാണ്. എന്നെ പോലെ വളരെ താഴെ നിന്നും കയറി വന്നു ഇപ്പോൾ ദേശീയ തലത്തിൽ വരെ എത്തിയ ആളാണ്. വിനായകൻ ചേട്ടനെ ആണ് ഞാൻ പിന്തുടരാൻ ആഗ്രഹിക്കുന്നത്. ആദ്യ കാലങ്ങളിൽ ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നത്. പിന്നെ അദ്ദേഹത്തെ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് നല്ല വേഷങ്ങൾ ലഭിച്ചത്. ഓരോരോ വേഷങ്ങൾ അഭിനയിച്ചു ചെയ്ത് ചെയ്താണ് നല്ല വേഷങ്ങൾ ലഭിക്കുക. പുള്ളിയൊരു ബോൺ ആക്ടറാണ്. വില്ലൻ വേഷങ്ങളിൽ ഒതുങ്ങി പോയ ഒരാൾ മികച്ച വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ വിനായകൻ ചേട്ടനാണ് എന്റെ പ്രചോദനം. അടുത്ത മാസം ഇറങ്ങുന്ന പടത്തിൽ ഞാനാണ് നായകൻ, ജൂലൈയിൽ ഒരു ചിത്രം തുടങ്ങും അതിലും നായക വേഷമാണ്. ഇപ്പോൾ നല്ല വേഷങ്ങൾ ലഭിക്കുന്നുണ്ട്, ഇനിയും ഇതിൽ തുടരണമെന്നാണ് ആഗ്രഹം. നല്ല വേഷങ്ങൾ ലഭിച്ചാൽ താടിയെടുത്തും അഭിനയിക്കാൻ മടിയൊന്നുമില്ല.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam