അനാർക്കലിയിൽ തിളങ്ങും, വളയും മാലയും അന്യമല്ല; ഇത് പുരുഷന്റെയും ലോകം

ആണുങ്ങളായാലും പെണ്ണുങ്ങളായാലും മുണ്ടുടുത്തു നടന്നിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. അതിൽ നിന്ന് എപ്പോഴോ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത വസ്ത്രരീതി വന്നു. അവിടെ നിന്നു വീണ്ടും ലിംഗസമത്വത്തിലേക്ക് കടക്കുകയാണ് ഇന്ത്യയുടെ ഫാഷൻ രംഗവും. കമ്മലിടുന്ന, കണ്ണെഴുതുന്ന ആണുങ്ങൾ ഇന്നു കേരളീയർക്കു പോലും പുതുമയല്ല. മൂക്കുത്തിയണിഞ്ഞ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട് അമീർ ഖാനും അക്ഷയ്കുമാറും രൺവീർ സിങ്ങും. പാവടയണിഞ്ഞ് താൻ യൂണിസെക്സ് ഫാഷന്റെ വലിയ വക്താവാണെന്ന് നേരത്തെ തെളിയിച്ചിട്ടുമുണ്ട് രൺവീർ. 

സ്ത്രീ പുരുഷ വേർതിരിവ് ഇല്ലാത്ത വസ്ത്രസങ്കൽപ്പത്തിന് ലോകമെങ്ങും ആദരം ലഭിക്കുമ്പോൾ ഇന്ത്യൻ ഫാഷനും അത്തരമൊരു പരീക്ഷണത്തിന്റെ പാതയിലാണ്. പൂർണതോതിൽ വേരോട്ടമായിട്ടില്ലെങ്കിലും പല ഡിസൈനർമാരും  ജെൻഡർ ഫ്ലൂയിഡ് ഫാഷനു പ്രാധാന്യം നൽകുന്നു. ഇന്ത്യയിൽ കഴിഞ്ഞ ദിവസമുണ്ടായ ചരിത്രപരമായ വിധിയെയും  അടുത്തിടെ നടന്ന ലാക്മേ ഫാഷൻ വീക്ക് വിന്റർ/ഫെസ്റ്റീവ് 2018 ൽ റാംപ്‌വോക്ക് നടത്തിയ യൂണിസെക്സ് ഫാഷനെയും  ഇതോടു ചേർത്തുവായിക്കാം. 

കംഫർട്ട് ഫാഷൻ

മെൻസ് ഫാഷനിൽ റൺവേ അടക്കി വാണിരുന്ന മാക്സിമലിസം, അത്‌ലീഷർ ട്രെൻഡ്, ബോൾഡ് പ്രിന്റ്സ്, ലോഗോ മാനിയ, സ്ട്രീറ്റ് സ്റ്റൈൽ തുടങ്ങിയവ പതുക്കെ ജെൻഡർ ഫ്ലൂയിഡിറ്റിയിലേക്ക് ചുവടുമാറുകയാണ്. ട്രഡീഷനൽ ഫാഷനിൽ നിന്നു മാറി ‘സംതിങ് ന്യൂ’  എന്ന ആവശ്യത്തിലേക്കു പുതുതലമുറ എത്തിക്കഴിഞ്ഞു. ഒഴുകിക്കിടക്കുന്ന ട്രാൻസ്പെരന്റ് മെറ്റീരിയലുകളും വ്യത്യസ്ത തുണിത്തരങ്ങളിലും പ്രിന്റുകളിലുമായി യൂണിസെക്സ് ഫാഷൻ  പരീക്ഷണം നടക്കുമ്പോഴും കംഫർട്ടിനു തന്നെ മുൻതൂക്കമെന്നു പറയുന്നു ഫാഷൻ വിദഗ്ധർ. 

കടും ചായം, പൂക്കൾ

സ്ത്രീകൾ കുത്തകയാക്കി വച്ചിരിക്കുന്ന കടുംചായക്കൂട്ടിലേക്ക് പുരുഷ ഷർട്ടുകളും പാന്റുകളും ഇറങ്ങിച്ചെല്ലുമ്പോൾ കൂട്ടിന് ഫ്ലോറൽ  ബ്ലോക് പ്രിന്റുകൾ.  ഷർട്ടുകളിൽ കടും നിറങ്ങളും സീക്വൻസുകളും ബോംബർ ജാക്കറ്റുകളിൽ പാച്ച്‌വർക്കും. സ്ത്രീവാദിയായി മുദ്രകുത്തിയിരുന്ന ട്രാൻസ്പെരന്റ് മെറ്റീരിയലുകളും പേസ്റ്റൽ നിറങ്ങളും പുരുഷൻമാരുടെ മനസിലും കൂടുകൂട്ടി.

കാഷ്വൽ -എത്‌നിക് വസന്തം

അസിമെട്രിക്കൽ കട്സ്, അൺഇവൻ ഹെംസ്, കിമോണ സ്‌ലീവ്സ്, വലിയ കോളറുകൾ, റഫൾസ്, ഫർ, ദുപ്പട്ട തുടങ്ങിയ സ്ത്രീപക്ഷ വാദികളെയെല്ലാം ചേർത്തുപിടിക്കുകയാണ് പുതിയ മെൻസ് വെയർ ഫാഷൻ. തലമുതൽ അടി വരെ  വൈബ്രന്റ് നിറങ്ങളിൽ ഒരേ കളർ പരീക്ഷണം നടത്തുന്ന ബ്ലോക് പ്രിന്റ് പുരുഷൻമാരുടെ പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റാകുമ്പോൾ ഷർട്ട് ഡ്രസുകളും ഫ്ലെയേഡ് പാന്റുകളും  പലാസോയും ഡ്രേപ് കുർത്തയും യൂണിസെക്സ് ഫാഷനിലേക്ക് ചേക്കേറി കഴിഞ്ഞു. സ്കാർവ്സ്, ഫ്ലോറൽ ജാക്കറ്റ്സ്, ലൂസ് പാന്റ്സ് എന്നിവയെ യൂണിസെക്സ് ഫാഷൻ ഐക്കൺസ് എന്നു തന്നെ വിശേഷിപ്പിക്കാം. 

അനാർക്കലി, അൻഘ്രഗ, ഗാഗ്ര തുടങ്ങിയ എത്നിക് വസ്ത്രങ്ങളിൽ ഇനി സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും തിളങ്ങും. 

ആടകളിലെ  ലിംഗസമത്വവാദം ആഭരണങ്ങളിലും ചുവടുറപ്പിക്കുമ്പോൾ  ആന്റിക് റിങ്സ്, മാല, വള എന്നിവ പുരുഷനും അന്യമല്ല.