ഫഹദിനെ സ്റ്റൈലിഷാക്കി, എെശ്വര്യയെ കംഫർട്ടാക്കിയ വരത്തനിലെ മാജിക്

ഇളംനിറക്കൂട്ടൂകളിൽ ഫ്ലോറൽ ഡ്രസുകൾ, അലസമായി ഒഴുകിയിറങ്ങുന്ന ഗൗണുകൾ, ചിക് ലുക്കുള്ള വൈറ്റ് ടീ & ഡഗ്രിസ് കോംബിനേഷൻ – ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ന്യൂജെൻ ഗാൽസിനെ പ്രലോഭിപ്പിക്കുന്ന അഴകും കംഫർട്ടുമാണ് പ്രിയയുടെ വസ്ത്രങ്ങൾക്ക്. 

പ്രിയ എന്നാൽ വരത്തനിലെ പ്രിയ പോൾ !

സിനിമ തിയറ്ററിലെത്തുംമുമ്പേ ശ്രദ്ധിക്കപ്പെട്ടതാണ് വരത്തനിലെ easy – breezy കോസ്റ്റ്യൂംസ്. പക്ഷേ ഒറ്റക്കാഴ്ചയിലെ ഇഷ്ടത്തേക്കാൾ ചിന്തിപ്പിക്കുന്ന ഏറെക്കാര്യങ്ങളുണ്ട്  വരത്തനിലെ വസ്ത്രങ്ങൾക്ക്. സിനിമയിലെ വരത്തൻ നായികയോ നായകനോ അല്ല; വസ്ത്രങ്ങളാണ് ! 

ഹൈറേഞ്ചിലെക്കുള്ള യാത്രയ്ക്കിടെ ചായക്കടയിൽ കാർ നിർത്തിയിറങ്ങുമ്പോൾ നാട്ടിടവഴിയിലെ നോട്ടങ്ങളെല്ലാം അവരുടെ വസ്ത്രങ്ങളിലേക്കാണ് . മര്യാദലംഘിക്കുന്ന, പ്രലോഭിപ്പിക്കുന്ന വസ്ത്രങ്ങളല്ല അവയൊന്നും, കംഫർട്ടാണ് പ്രിയുടെയും എബിയുടെയും ഫാഷൻ; പക്ഷേ  വഴിയരികിലെ വായ്നോക്കികൾക്ക് അത് എത്തിനോട്ടത്തിനുള്ള ന്യായീകരണവും.

2014ൽ നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയിൽ തുടങ്ങി വരത്തനും കടന്നുപോകുന്ന വസ്ത്രലോകത്തെപ്പറ്റി കോസ്റ്റ്യും ഡിസൈനർ മാഷർ ഹംസ പറയുന്നു –

I dress the imaginary, 

I bring them to life

മാഷർ ഹംസ എന്ന കോസ്റ്റ്യൂം ഡിസൈനറുടെ ജീവിതം ഇങ്ങനെ ചുരുക്കാം. പക്ഷേ സിനിമയ്ക്കു വേണ്ടി വസ്ത്രങ്ങളൊരുക്കുന്നതിന്റെ കഥ മാഷർ പറയുമ്പോൾ ചുരുക്കിയെഴുതാനാകില്ല, േകട്ടിരിക്കാനേയാകൂ.

അമൽ നീരദിനൊപ്പം ചിത്രമൊരുക്കുകയെന്നാൽ ഒരേ സമയം വെല്ലുവിളിയും സന്തോഷവുമാണെന്നു മാഷർ. വേണ്ടതെന്തെല്ലാമെന്നു കൃത്യമായി പറഞ്ഞുതരും, അതിനുള്ള സ്വാതന്ത്ര്യവും ലഭിക്കും. റിസൽട്ട് തിരികെ നൽകുകയെന്നതാണ് ഉത്തരവാദിത്തം. വരത്തനിൽ വസ്ത്രങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. പല സീനുകളും സംഭവിക്കുന്നതു വസ്ത്രങ്ങളിലുടെയാണ്. ചിത്രീകരണത്തിനു രണ്ടു മാസം  മുമ്പു തന്നെ കോസ്റ്റ്യൂംസിന്റെ ചർച്ച നടത്തി.  രണ്ടാഴ്ചയോളം നീണ്ട സിറ്റിങ്ങിൽ ഓരോ സീനിലെയും വസ്ത്രങ്ങളെക്കുറിച്ചു വിശദമായി ചർച്ചചെയ്തു. കാഷ്വൽ വസ്ത്രങ്ങളാണ് ഏറെയും.  

Casual & Comfortable

ദുബായിൽ സ്ഥിരതാമസക്കാരായ കുടുംബത്തിന്റെ ലൈഫ്സ്റ്റൈൽ അനുസരിച്ചുള്ള വസ്ത്രങ്ങളാണ് വരത്തനിൽ. കംഫർട്ടാണ് ഫാഷൻ. വീട്ടിലിരിക്കുമ്പോൾ പ്രിയ ധരിക്കുന്നത് സിംപിൾ ഫ്രോക്ക് ആണ്. നാട്ടിലേക്കെത്തുമ്പോൾ എയർപോർട്ടിൽ ജീൻസും ടീയുമാണ്. വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ ഡംഗ്രിസ്. അതിലെ റിബ്ബ്ഡ് ജീൻസിലേക്കാണ് നാട്ടുകാർ തുറിച്ചുനോക്കുന്നത്. അത്തരം ഡിറ്റെയ്‌ൽസ് ശ്രദ്ധിച്ചാണ് വസ്ത്രങ്ങൾ തിരഞ്ഞെടുത്തത്. 

പ്രിയയുടെ വാർഡ്റോബ് ഒരുക്കാൻ ഷോപ്പിങ് നടത്തിയത് ബാംഗ്ലൂരിൽ നിന്നാണ്. നായിക ഐശ്വര്യ ലക്ഷ്മിയുമായി ഒരുമിച്ചു പോയാണ് വസ്ത്രങ്ങൾ വാങ്ങിയത്. അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടപ്പോൾ അതിനുള്ള ഡേറ്റ് സംവിധായകൻ തന്നു. ട്രയൽ െചയ്തു വാങ്ങുമ്പോൾ ഫിറ്റും കാര്യങ്ങളും കൃത്യമായി മനസിലാക്കാം, മിക്സ് ആൻഡ് മാച്ച് ചെയ്യാം, അങ്ങനെ അവിടെ വച്ചു തന്നെ വിഷ്വൽ മനസിലാക്കി ചെയ്യാനുള്ള സൗകര്യം കിട്ടി. 

ഒരു സാരിക്കഥ

സിനിമയിൽ ഒരു സാരി ഉപയോഗിക്കണമെന്നു അമൽനീരദ് പറഞ്ഞിരുന്നു. ദുബായിലെ നൈറ്റ് ഈറ്റ് ഔട്ട് സീനിലാണ് ഐശ്വര്യ സാരിയുടുക്കുന്നത്, ഒപ്പം സ്റ്റേറ്റ്മെന്റ് സിൽവർജ്വല്ലറിയും. ഇതിനു വേണ്ടി 10 സാരികളുടെ റഫറൻസ് സംവിധായകൻ തന്നിരുന്നു. അതിൽ ഒരെണ്ണം എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. അതുപോലൊന്ന് ഇൻസ്റ്റഗ്രാമിൽ ഒരു മോഡൽ പോസ്റ്റ് ചെയ്തതു കണ്ടിരുന്നു. അങ്ങനെ അവർക്കു മെസേജ് അയച്ചു. അവർ അത് ഓൺലൈൻ സ്റ്റോർ വഴി വാങ്ങിയതാണ്. അവര്‍ അതിന്റെ ലിങ്ക് അയച്ചുതന്നു. പിന്നീട് അവർ വഴി വാങ്ങി അയച്ചുതരികയായിരുന്നു. 

White നല്ലതാണ്

Aishwarya is good in whites. വസ്ത്രങ്ങൾ ട്രയൽ ചെയ്തപ്പോൾ ഐശ്വര്യ ലക്ഷ്മിക്ക് ഏറ്റവും സ്യൂട്ടായി തോന്നിയത് വൈറ്റ് ആണ്. പല സിനിമയിലും വൈറ്റ് കോസ്റ്റ്യൂംസ് പ്രശ്നമാണ്, പലപ്പോഴും ക്യാമറമാൻ സമ്മതിക്കില്ല. പക്ഷേ വരത്തനിൽ അങ്ങനെയൊരു ബുദ്ധിമുട്ടുണ്ടായില്ല. സിനിമയിലെ പല പ്രധാന സീനുകളിലും ഐശ്വര്യ ധരിക്കുന്നതു വെള്ള വസ്ത്രങ്ങളാണ്. 

സ്റ്റൈലിഷ് എബി

നിർമാതാവ് കൂടിയായ ഫഹദ് ഒറ്റക്കാര്യമാണ് പറഞ്ഞത്, ‘‘ ബജറ്റിന്റെ തടസങ്ങളില്ലാതെ വസ്ത്രങ്ങളെടുത്തോളൂ, അതു പിന്നീട് എനിക്ക് ഉപയോഗിക്കാമല്ലോ’’. ഫഹദിന്റെ ‘എബി’ക്കു വേണ്ടി വസ്ത്രങ്ങളും ആക്സസറീസും തിരഞ്ഞെടുത്തത് ഈ സ്വാതന്ത്ര്യത്തോടെയാണ്. മികച്ച ബ്രാൻഡുകൾ നോക്കിയെടുത്തു. ദുബായിലെ ഒരു സീനിൽ ഉപയോഗിക്കുന്ന സ്യൂട്ട് കസ്റ്റംമെയ്ഡ് ആണ്. നിറത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തശേഷം തുണിയെടുത്തു സ്റ്റിച്ച് ചെയ്തു. 

പണ്ടേയിഷ്ടം സ്റ്റൈലിങ്

ഓരോരുത്തർക്ക് ഓരോ ഇഷ്ടങ്ങളാണല്ലോ. എനിക്കു പണ്ടേ വസ്ത്രങ്ങളോടു വലിയ ഇഷ്ടമാണ്. ആളുകൾ നന്നായി ഡ്രസ് ചെയ്യുന്നതു കാണാൻ ഇഷ്ടമായിരുന്നു. അതിന്റെ ഡിറ്റെയ്‌ൽസ് ശ്രദ്ധിക്കാറുണ്ടായിരുന്നു. ആ ഒബ്സർവേഷൻ എന്നും കൂടെയുണ്ടായിരുന്നു. ബികോം പഠിക്കുകയായിരുന്നു. അത് ഒട്ടും ഇഷ്ടമായിരുന്നില്ല, റിസൽറ്റും മോശമായി. പഠനത്തിൽ ഒരു വർഷം ബ്രേക് എടുത്തു. അപ്പോഴാണ് ഫാഷനാണ് പറ്റിയ മേഖലയെന്നു തോന്നിയത്. അങ്ങനെ ഫാഷൻ ഡിസൈനിങ് ചെയ്തു. മലപ്പുറത്തെ താനൂർ എന്ന നാട്ടിൽ നിന്നു  കൊച്ചിയിലെത്തി.

പരസ്യം വഴി സിനിമ

പരസ്യമേഖയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള വഴിത്തിരിവെത്തിയത്. ഒരു പരസ്യചിത്രീകരണത്തിന് ഒപ്പമുണ്ടായത് സമീർ താഹിർ ആണ്. അന്നു പരിചയപ്പെട്ടു, പിരിഞ്ഞു. 

പിന്നീട് വീണ്ടും മറ്റൊരു ഷൂട്ടിന് ഒരുമിച്ചെത്തി. അന്നു കുറെക്കൂടി അടുപ്പമായി.  അദ്ദേഹത്തോട് ആഗ്രഹം പറഞ്ഞു – സിനിമയ്ക്കു വേണ്ടി കോസ്റ്റ്യൂംസ് ചെയ്യണം. 

അന്നു പിരിയുമ്പോൾ സമീർ ഫോൺ നമ്പർ കൂടി വാങ്ങി. രണ്ടുമാസം കഴിഞ്ഞപ്പോൾ സിനിമയിലേക്കുള്ള വിളിയെത്തി. സമീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം.

ആദ്യ ചിത്രത്തിൽ ഡിക്യൂ

സമീർ താഹിന്റെ ഓഫിസിലിരിക്കുമ്പോൾ വല്ലാത്ത സന്തോഷമായിരുന്നു. ആഗ്രഹം നടക്കാൻ പോകുന്നു. അപ്പോഴാണ് സമീർ പറയുന്നത്, ദുൽഖർ ആണു നായകൻ. അതു കേട്ടതും എന്റെ മുഖം മാറി. 

സത്യമായും പേടിച്ചുപോയതാണ്. മമ്മൂക്കയുടെ മകൻ, ഞാനാണെങ്കിൽ ആദ്യമായി സിനിമ ചെയ്യുന്നതേയുള്ളൂ. ആ അങ്കലാപ്പ് സമീറിനു മനസിലായി. പേടിക്കേണ്ട, ചെയ്യാവുന്നതേയുള്ളുവെന്ന ആത്മവിശ്വാസം നൽകി. അങ്ങനെ ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കരിയറിന്റെ തുടക്കമിട്ടു. പിന്നീടുള്ള എല്ലാ ചിത്രങ്ങൾക്കും ബന്ധങ്ങൾക്കും വഴിയൊരുക്കിയത് ആ സിനിമയാണ്.

ചന്ദ്രേട്ടൻ എവിടെ,  സുഡാനി ഫ്രം നൈജീരിയ, കിസ്മത്ത് തുടങ്ങി ഒരുപിടി ചിത്രങ്ങൾ പിന്നാലെയെത്തി. കലി, കമ്മട്ടിപ്പാടം, പറവ തുടങ്ങിയ ചിത്രങ്ങളില്‍ വീണ്ടും ദുൽഖറിനു വേഷമൊരുക്കി. ഇനിയിതാ പുതിയ ചിത്രത്തിൽ മമ്മൂട്ടിയെ തന്നെ സ്റ്റൈൽ ചെയ്യാനൊരുങ്ങുന്നു.

And ദ് ഓസ്കാർ ഗോസ് ടു

സിനിമയാണ് ശ്വാസവും ജീവിതവും. സൗബിന്റെ ‘അമ്പിളി’, ടോവിനോയുടെ ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു, മമ്മൂട്ടിയുടെ ‘ഉണ്ട’ എന്നിവയാണ് പുതിയ ചിത്രങ്ങൾ. ഭാവിയിലും സിനിമയെചുറ്റിപ്പറ്റിയുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്. 

‘‘ഏറ്റവും സന്തോഷം നൽകുന്ന ജോലിയാണ് ഇപ്പോൾ ചെയ്യുന്നത്. ഒരു ആക്ടറെ കോസ്റ്റ്യൂം ധരിച്ചു കാണുമ്പോൾ സന്തോഷമാണ്, കണ്ടു തൃപ്തി തോന്നുമ്പോൾ അവരോടു തന്നെ പറയും, കൊളളാട്ടോ മച്ചാനേ, പിന്നെ മോണിറ്ററിലും പോയിനോക്കും, എങ്ങനെയുണ്ട് ഫ്രെയിമിൽ എന്നുകൂടി നോക്കിയാലേ പൂർണത കിട്ടൂ’’. 

സ്വന്തമായൊരു തിരക്കഥ ഒരുക്കുന്നുണ്ട്, സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. ഒപ്പം സ്വന്തമായൊരു ബുത്തീക് കൊച്ചിയിൽ തുടങ്ങണമെന്ന മോഹവുമുണ്ട്.