ഷോ സ്റ്റോപ്പറായി തബു; കരുത്തോടെ ട്രൈബൽ ഫാഷൻ ഷോ!

ഗോത്രസംസ്കാരത്തെ നെഞ്ചോടണച്ച ഫാഷൻ ഷോ. ലോട്ടസ് മെയ്ക്ക്അപ് ഇന്ത്യ ഫാഷൻ വീക്കിൽ ഡിസൈർമാർ ട്രൈബൽ ഫാഷനു നൽകിയ ആദരം വേറിട്ട സൗന്ദര്യക്കാഴ്ചയായി. ഫാഷനിലൂടെ പാരമ്പര്യവും ആക്ടിവിസവും കലയുമെല്ലാം നിലനിർത്താൻ ശ്രമിക്കുന്ന ഡിസൈനർമാർ ഗോത്രസംസ്കാരത്തെ തനിമ ഒട്ടും ചോരാതെ പുതു തലമുറയ്ക്കു പരിചയപ്പെടുത്തുകയാണ്.

സൻജുക്ത ദത്ത, അർച്ചിത നാരായണം എന്നീ ഡിസൈനർമാരും പോഷ്പ്രൈഡ്, ഡബ്ല്യുഎൻഡബ്ല്യു  എന്ന ലേബലുമാണ് ട്രൈബൽ ഫാഷനെ പുതിയ രൂപത്തിൽ അവതരിപ്പിച്ചത്. പേർഷ്യ, അസം, കശ്മീർ എന്നിവിടങ്ങളിലെ ഗോത്രസംസ്കാരവുമായി ഇഴ ചേർന്ന നിറങ്ങളും തുണിയും നെയ്ത്തുമെല്ലാം ഇതിന്റെ ഭാഗമായി.  

ട്രൈബൽ ഫാഷന്റെ വക്താവായി അറിയപ്പെടുന്ന ഡിസൈനർ സൻജുക്ത ദത്തയുടെ ഷോ സ്റ്റോപ്പറായി എത്തിയത് നടി തബു. അസമീസ് പരമ്പരാഗത വേഷമായ മേഖെല ചാതറിനെ പുതിയ രൂപഭംഗിയോടെ അവതരിപ്പിക്കുകയായിരുന്നു സൻജുക്ത. കറുപ്പ് നിറത്തിലുള്ള സാരിക്ക് അലങ്കാരമായി  പിങ്ക്, റെഡ്  കളർ കോമ്പിനേഷനിൽ അസമീസ് സംസ്കാരം വിളിച്ചോതുന്ന എംബ്രോയ്ഡറി. ഹെംലൈനിൽ ഫ്രിൻജ് ഡീറ്റെയിലിങ്. കറുപ്പ്  ബ്ലൗസ്. 

പേർഷ്യൻ ഗോത്ര സംസ്കാരത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വസ്ത്രമായിരുന്നു അർച്ചിത നാരായണം നടി പ്രാചി ദേശായിക്കായി ഒരുക്കിയത്.  നാരങ്ങാ നിറമുള്ള ലെഹംഗയിൽ സിൽവർ സീക്വൻസ് വർക്. ഗോൾഡൻ ഹെംലൈൻ. മൂന്നുനിരയുള്ള നെക്‌ലേസിനൊപ്പം സ്റ്റേറ്റ്മെന്റ് ഇയറിങ്ങും  മിനിമൽ മെയ്ക്ക് അപ്പും. 

പോഷ്പ്രൈഡ് ലേബലിനായി ആതിയ ഷെട്ടി റാംപിലെത്തിയത് പിങ്ക് നിറത്തിലുള്ള ലെയേഡ് ഡികൺസ്ട്രക്റ്റഡ് പാന്റ് സ്കർട്ടിൽ. വിനെക് ടോപ്പും അതിനെ സ്റ്റൈൽ ചെയ്ത് മെറ്റാലിക് സിൽവർ നിറത്തിലുള്ള ജാക്കറ്റ് ഒപ്പം വൈറ്റ് ഹൈഹീൽ ഷൂസും. 

ലേബൽ ഡബ്ല്യുഎൻഡബ്ല്യു (Warp n Weft) കശ്മീർ ഗോത്ര മാതൃകയ്ക്കൊപ്പം വിക്ടോറിയൻ ഡിസൈൻ ചാതുര്യവും ചേർത്തുവച്ചപ്പോൾ യാമി ഗൗതം അണിഞ്ഞ ഓറഞ്ച് നിറമുള്ള എംബല്ലിഷ്ഡ് ലെഹംഗ പ്രൗഡിയുടെ പര്യായമായി.  ലെഹംഗയ്ക്ക് അഴകായി സെമി ഷീർ ദുപ്പട്ട. ടാസിൽ ഇയറിങ്ങിനൊപ്പം മിനിമൽ മെയ്ക്ക്അപ്പ്.