കല്യാണം മുപ്പത്തിരണ്ടിൽ മതി: ആലിയ ഭട്ട്

ഇന്ത്യൻ പ്രസിഡണ്ട് ആരെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാൻ എന്ന് ഉത്തരം നൽകി ചോദ്യകർത്താവിനെയും പ്രേക്ഷകരെയും ഞെട്ടിച്ച താരമാണ് ബോളിവുഡിലെ ക്യൂട്ടി സ്റ്റാർ ആലിയ ഭട്ട്. പക്ഷേ ആ ഒരൊറ്റ അബദ്ധത്തിലൂടെ കക്ഷി പലതും പഠിച്ചുവെന്നു വേണം പറയാൻ. ഇപ്പോൾ അളന്നും മുറിച്ചുമേ ആലിയ പൊതുവേദികളിൽ സംസാരിക്കാറുള്ളു. വിവാഹപ്രായത്തെക്കുറിച്ച് ആലിയ നടത്തിയ പ്രസ്താവനയാണ് ഇപ്പോഴത്തെ വാർത്ത. വിവാഹം കഴിക്കാൻ പറ്റിയ പ്രായം മുപ്പത്തിരണ്ടു വയസാണ് എന്നാണ് താരത്തിന്റെ അഭിപ്രായം. ബാല്യാകാല സുഹൃത്തു കൂടിയായ അനുഷ്കാ രഞ്ജന്റെ അരങ്ങേറ്റചിത്രം വെഡിങ് പുലാവിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് ആലിയ ഇക്കാര്യം പറഞ്ഞത്.

എനിക്കിപ്പോൾ 22 ആയതേ ഉള്ളു. വെഡിങ് പുലാവ് രുചിക്കാൻ പറ്റിയ പ്രായം മുപ്പത്തിരണ്ടാണെന്നാണ് തോന്നുന്നത്. വിവാഹം ചെയ്യാൻ പോകുന്ന പുരുഷനെക്കുറിച്ചുമുണ്ട് ആലിയയ്ക്ക് സങ്കൽപ്പം. തന്റെ പുരുഷന്‍ നല്ല ഹ്യൂമർ സെൻസ് ഉള്ള ആളായിരിക്കണം. അദ്ദേഹം ചിരിപ്പിക്കുന്നയാളും കാണാൻ സുന്ദരനുമായിരിക്കണം. തന്നെ എങ്ങനെ ഇംപ്രസ് ചെയ്യണമെന്ന് ഒരിക്കലും പറയില്ല, പക്ഷേ സ്നേഹിക്കുന്നയാൾക്ക് തീർച്ചയായും തന്നെ എങ്ങനെ ഇംപ്രസ് െചയ്യാമെന്ന് അറിഞ്ഞിരിക്കണം.-ആലിയ പറയുന്നു.