ജയറാമിനെ കാണുന്നവരെല്ലാം പറയുന്നു - ‘ഹെന്റമ്മേ, കിടു...!’

‘പൂമര’ത്തിലൂടെ നായകനായി കാളിദാസൻ എത്തുന്നു എന്ന വാർത്തയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട കുടുംബചിത്രം കണ്ടവരെല്ലാം ജയറാമിന്റെ പുതിയ ലുക്ക് കണ്ടു പറഞ്ഞു: ‘ഹെന്റമ്മേ, കിടു...!’
താടിയും സോൾട്ട് ആൻഡ് പെപ്പർ മുടിയും, ചെല്ലുന്നിടത്തു നിന്നെല്ലാം ജയറാമിനു ഗുഡ് സർട്ടിഫിക്കറ്റ് നേടിക്കൊടുക്കുകയാണ്. കാളിദാസൻ തന്നെയാണോ ഈ ലുക്കിനു പിന്നിൽ എന്നായിരുന്നു കണ്ടവർക്കു സംശയം. താൻ നായകനായി വരുമ്പോൾ അച്ഛനങ്ങനെ ‘പയ്യൻ’ വേഷത്തിൽ വിലസേണ്ട എന്ന കുഞ്ഞു കുശുമ്പ്?
പുതിയ ലുക്കിനെക്കുറിച്ചു ജയറാം പറയുന്നു:

‘ചിത്രീകരണം പൂർത്തിയായ തെലുങ്ക് ചിത്രത്തിനു വേണ്ടി മുടി പറ്റെ വെട്ടിയിരുന്നു. പിന്നീടു വളർന്നു വന്നതാണു ദേ ഈ സോൾട്ട് ആൻഡ് പെപ്പർ മുടി! വെറുതെ പറയുകയല്ല, സോൾട്ടും പെപ്പറും ഫിഫ്റ്റി ഫിഫ്റ്റി. വെളുപ്പിലോ കറുപ്പിലോ ഏറ്റക്കുറച്ചിലില്ലാതെ വന്ന ഈ ‘മുടി കിടു’ എന്ന് ആദ്യം പറഞ്ഞതു ഭാര്യ പാർവതി. ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ ചെന്നുകയറിയപാടെ തല തടവി പാർവതി പറഞ്ഞു: ‘അയ്യോ, ഇതു കറുപ്പിച്ചു നശിപ്പിക്കരുതു കേട്ടോ...’.

ഇത്തരം കാര്യങ്ങളിൽ പാർവതിയുടെ നിരീക്ഷണങ്ങൾ എപ്പോഴും കൃത്യമാണ്. അവൾ നന്നായി എന്നുപറഞ്ഞാൽ പിന്നെ കാണുന്നവരെല്ലാം അടിപൊളി എന്നു പറയുമെന്നുറപ്പ്.
കാളിദാസന്റെയും മാളവികയുടെയും സർട്ടിഫിക്കറ്റ് കൂടിയായതോടെ ഇരട്ടി ധൈര്യമായി. തൽക്കാലം കറുപ്പിക്കേണ്ടെന്നു വച്ചു. എന്നുകരുതി, കഥാപാത്രത്തിനുവേണ്ടി മാറാതെ പറ്റില്ലല്ലോ.
ദീപൻ സംവിധാനം ചെയ്യുന്ന ‘സത്യ’ ആണ് അടുത്ത ചിത്രം. സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചു കഴിഞ്ഞതാണ്. അടുത്ത ഷെഡ്യൂൾ ചിത്രീകരണം തുടങ്ങുന്നതുവരെ ഈ ലുക്ക് ഇരിക്കട്ടെയെന്നു വച്ചു. ലൊക്കേഷനിലെത്തിയപ്പോൾ കണ്ടപാടേ ദീപൻ പറഞ്ഞു: ‘അതേയ് ചേട്ടാ, ഇതാണു കേട്ടോ നമുക്കു വേണ്ടത്. പത്തു ദിവസം ഷൂട്ട് ചെയ്തതിന്റെ നഷ്ടം ഞാനങ്ങു സഹിച്ചു എന്നു നിർമാതാവും. അങ്ങനെ, സത്യയിലെ നായകന് ഈ മുഖമായി. ചിത്രീകരിച്ചത്രയും ഭാഗം ഒന്നുകൂടി ഷൂട്ട് ചെയ്തു. സത്യയ്ക്കു പിന്നാലെ വരാനിരിക്കുന്ന മൂന്നു സിനിമകളിൽ കൂടി ഈ ലുക്ക് മതിയെന്നാണു സംവിധായകരുടെ തീരുമാനം. അടുത്ത ഡയറക്ടർ ‘കറുപ്പിക്കൂ’ എന്നു പറയുന്നതു വരെ നിങ്ങൾക്കെന്നെ ഇങ്ങനെതന്നെ കാണാം.

കറുപ്പിച്ചെടുക്കാൻ, ഇത്തിരി ചായം തേച്ചുപിടിപ്പിക്കാൻ അഞ്ചു മിനിറ്റ് പോരേ... ഇങ്ങനെയൊന്ന് ആക്കിയെടുക്കണമെങ്കിൽ ചുരുങ്ങിയത് ആറുമാസം വേണേ...
സ്വന്തം രൂപത്തിൽ പുറത്തേക്കിറങ്ങാൻ സാധിക്കുന്നതു വളരെ അപൂർവമാണ്. കഥാപാത്രത്തിന്റെ ലുക്കിലാകും മിക്കപ്പോഴും പൊതുസമൂഹത്തിനു മുൻപിൽ പ്രത്യക്ഷപ്പെടാനാവുക. പതിനായിരങ്ങൾ കൂടിനിൽക്കുന്നിടത്തു മേളപ്രമാണിയായി ചെണ്ടകൊട്ടുമ്പോഴും ആയിരങ്ങൾക്കു മുൻപിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കുമ്പോഴും, ഞാനായിട്ടു തന്നെ നിൽക്കാൻ കഴിഞ്ഞാൽ അതുതരുന്ന സന്തോഷം ചെറുതല്ല.

മുടി ഇങ്ങനെയായ ശേഷം ഏതാനും കല്യാണങ്ങൾക്കു പോയി. സാധാരണ ഇത്തരം ചടങ്ങുകൾക്കെത്തുമ്പോൾ നമസ്കാരം, സുഖമാണോ, കുട്ടികൾ നന്നായിരിക്കുന്നോ... അങ്ങനെ ഔപചാരികത മാത്രമാവും അടുത്തെത്തുന്നവർക്കു പറയാനുണ്ടാവുക. ഇപ്പോൾ പക്ഷേ, ആളുകൾ കാണുമ്പോഴേ ആശ്ചര്യത്തോടെ, ഒരു ഔപചാരികതയുമില്ലാതെ, ലുക്ക് നന്നായിട്ടുണ്ട് കേട്ടോ എന്നു പറയുന്നു.’
പാർവതിയോടു ഞാൻ പറഞ്ഞു: ‘കണ്ടോ... കറുത്ത മുടി ഉണ്ടായിരുന്നപ്പോൾ അൻപതു വയസ്സുള്ളവരൊക്കെയായിരുന്നു ആരാധകർ. സോൾട്ട് ആൻ‍‍ഡ് പെപ്പർ ലുക്കിന്റെ ഫാൻസിനെക്കണ്ടോ... ഇരുപതുകാരുടെ ബാച്ച് ചുറ്റും കൂടുന്നതു കണ്ടോ...’

പാർവതി പറഞ്ഞു: ‘അത്രയ്ക്ക് അഹങ്കരിക്കേണ്ട. കറുപ്പിക്കാൻ പോകല്ലേയെന്നു പറഞ്ഞതു ഞാനാണെന്നു മറക്കേണ്ട (എന്നാണിനി ‘മതി, ഇനി കറുപ്പിച്ചോളൂ’ എന്നു പറയുക എന്നു കണ്ടറിയാം). എന്തായാലും ഇപ്പോൾ കേൾക്കുന്ന നല്ല അഭിപ്രായങ്ങൾക്കെല്ലാം മുഴുവൻ ക്രെഡിറ്റും ഭാര്യയ്ക്കുതന്നെ.