ആദിൽ സിനിമയിലേക്ക്, നായിക പേളി മാണി

ആദിലും പേളി മാണിയും

മഴവിൽ മനോരമയിലെ കിടുക്കൻ ഡാൻസ് റിയാലിറ്റി ഷോ ഡി ഫോർ ഡാൻസിന്റെ അവതാരകൻ ആദിൽ ഇബ്രാഹിം കെമിക്കൽ എൻജിനീയർ കൂടിയാണെന്ന് എത്രപേർക്കറിയാം? എൻജിനീയർ ആകാൻ ആദിലിനെ പ്രേരിപ്പിച്ച ഒരു സംഭവമുണ്ട്.

‘‘പ്ലസ്ടു ആദ്യ പരീക്ഷയിൽ ഞാൻ കെമിസ്ട്രിക്കു പൊട്ടി. ബാപ്പയെ വിളിപ്പിച്ചു ടീച്ചർ കാര്യമായി ചീത്ത പറഞ്ഞു. ബാപ്പ വിഷമിച്ചത് സങ്കടായി. ഇതിനി പഠിച്ചിട്ടേയുള്ളൂ ബാക്കി കാര്യമെന്നു തീരുമാനിച്ചു. പ്ലസ്ടു പാസായപ്പോ കെമിസ്ട്രിക്ക് നൂറിൽ 99! പിന്നെ, കെമിക്കൽ എൻജിനീയറിങ് പഠിച്ചു.’’ ആ പണിക്കു പോകുകയും ചെയ്തു അപ്പോഴും ആദിലിന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു ‘മോനേ.. ഇതല്ല അന്റ പണീ’ന്ന്.‘‘അഭിനയ മോഹമായിരുന്നു മനസ്സിൽ. റേഡിയോ ജോക്കിയായി, അവതാരകനായി. പതുക്കെ സിനിമയിലും അഭിനയിച്ചു. നിർ‌ണായകം എന്ന സിനിമയിലഭിനയിച്ച് തിരിച്ചു ദുബായിലെത്തി. അപ്പോഴാണ് ഡി 4 ഡാൻസിന്റെ പ്രൊഡ്യൂസർ യമുനാ ഷോ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടോ എന്നു ചോദിച്ചു മെസേജ് അയക്കുന്നത്. ശരിക്കും പറഞ്ഞാ ഉമ്മയുടെ ആഗ്രഹം കാരണമാണ് ഞാൻ യെസ് പറഞ്ഞത്.

ഡിഫോർ ഡാൻസ് ടീം

’’ തിരൂരാണ് സ്വദേശമെങ്കിലും ആദിൽ ജനിച്ചതും വളർന്നതുമൊക്കെ അങ്ങു ദുഫായിൽ. അല്ല, അപ്പോ മണി മണി പോലുള്ള ഈ മലയാളം? ‘‘അതിന്റെ സകല ക്രെഡിറ്റും ഉപ്പ ഇബ്രാഹിമിനും ഉമ്മ സബീറയ്ക്കും ഉള്ളതാണ്. എനിക്ക് നാലു സഹോദരങ്ങളുണ്ട്, അവരേക്കാളും ഇത്തിരി കൂടുതൽ നന്നായി മലയാളം സംസാരിക്കുന്നത് ഞാനാണ്. ഇവിടെ ദുബായിൽ തന്നെ ഒരു ആഡ് ഏജൻസി നടത്തുകയാണിപ്പോ. മീഡിയയോട് അത്ര പെരുത്തൊരിഷ്ടമുണ്ട്. അതു പോലെ ഇഷ്ടമാണ് തിരൂർ. ന്റെ നാട്. പുതിയ സിനിമ വരുന്നുണ്ട് കാപ്പിരിത്തുരുത്ത്. ആരാണെന്റെ നായികയെന്നറിയോ...? മറ്റാരുമല്ല നിങ്ങളുടെ സ്വന്തം പേളി മാണി!!’’

‘‘ഡി4ൽ ജഡ്ജസ്, മൽസരാർഥികൾ, ആങ്കേഴ്സ് ഒക്കെ തമ്മിൽ വല്ലാത്തൊരു റാപ്പോ ഉണ്ട്. ’’

ആരും അറിയാത്ത ആദിലിന്റെ മറ്റൊരു വശമാണ് ‘വെർച്യു വെനസ്ഡേ’. അതെന്താണെന്ന് ആദിൽ തന്നെ പറയട്ടേ...‘‘ഒരു ദിവസം അപരിചിതനായൊരാൾ വന്നെന്നോട് വല്ലതും കഴിക്കാൻ പണം തരുമോ എന്നു ചോദിച്ചു. കാശു തരില്ല ഭക്ഷണം വാങ്ങി തരാം എന്ന് അയാളോടു പറഞ്ഞു. ഭക്ഷണം വാങ്ങി തിരികെ വന്നപ്പോ അയാളവിടെ ഇല്ല. വഴിയിൽ കണ്ട മുൻസിപ്പാലിറ്റി ക്ലീനർക്കു ഭക്ഷണപ്പൊതി കൊടുത്തു. അന്ന് ആയാൾ ആ പൊതി വാങ്ങി എന്നെ സന്തോഷത്തോടെ നോക്കി. ആ നോട്ടമാണ് എന്നെ മാറ്റിയത്. അന്നൊരു ബുധനാഴ്ചയായിരുന്നു, 2011 മുതൽ പിന്നീടുള്ള എല്ലാ ബുധനാഴ്ചകളിലും പാവങ്ങൾക്ക് ഭക്ഷണം കൊടുക്കും. ഇപ്പോ സുഹൃത്തുക്കളും ഒപ്പമുണ്ട്. മനസ്സു നിറഞ്ഞ ചിരി തരുന്ന സന്തോഷമാണ് ഇതിനുള്ള ഊർജം.’’