അവധിക്കാലം ആഘോഷിക്കാതെ 'ചക്കരമുത്ത് '

അക്ഷര കിഷോർ

എറണാകുളത്തെ വെണ്ണലയിലുള്ള കിഷോറിന്റെ വീട്ടിൽ ആരാധകരുടെ തിരക്ക് അവസാനിക്കുന്നില്ല. വരുന്നവരെല്ലാം തിരയുന്നത് കിഷോറിനെയല്ല, മകൾ 5 വയസ്സുകാരി അക്ഷരയെയാണ്. കക്ഷിയാണല്ലോ, ഇപ്പോൾ നാട്ടിലെ താരം . അക്ഷര എന്ന് പറയുന്നതിനേക്കാൾ ബാലമോൾ എന്ന് പറയുന്നതാകും വീട്ടമ്മമാർക്ക് മനസിലാക്കാൻ എളുപ്പം.ഇഷ്ടവും അത് തന്നെ. കറുത്തമുത്ത് എന്ന ഒറ്റ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷകരുടെ സൂപ്പർസ്റ്റാർ ആയിരിക്കുകയാണ് അക്ഷര. ഇപ്പോളാകട്ടെ, ആടുപുലിയാട്ടം, ഹലോ നമസ്തേ , വേട്ട തുടങ്ങി കൈ നിറയെ സിനിമകളും. ഓടിച്ചാടി നടന്ന് അഭിനയിച്ചു തകർക്കുകയാണ് ഈ കുഞ്ഞു നക്ഷത്രം. വ്യത്യസ്തമായ ഭാവങ്ങൾ അനായാസേന അഭിനയിച്ചു ഫലിപ്പിക്കുന്ന ഈ കൊച്ചു മിടുക്കി, ഏറെ ആഗ്രഹിച്ചു കിട്ടിയ ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാനാവാത്തതിന്റെ വിഷമത്തിലാണ്. എന്തുകൊണ്ടാണ് അവധിക്കാലം ഇല്ലാതെ പോയതെന്ന വിശേഷം അക്ഷര മനോരമ ഓണ്‍ലൈനിനോട് പറയുന്നു.

എന്തൊക്കെയാണ് അക്ഷരക്കുട്ടിയുടെ വിശേഷങ്ങൾ?

നല്ല വിശേഷം...സീരിയലിന്റെ ഷൂട്ട്‌ നടക്കുന്നു. ഇടക്കിടക്ക് സിനിമയുടെ ഷൂട്ടും. പപ്പയാണ്‌ കൊണ്ട് പോകുന്നത്. നല്ല രസമാണ് ഷൂട്ട്‌.

അക്ഷര കിഷോർ

അപ്പോൾ അഭിനയിക്കാൻ വലിയ ഇഷ്ടമാണല്ലേ ? എന്തൊക്കെയാണ് കറുത്തമുത്തിലെ വിശേഷങ്ങൾ ?

എനിക്കിഷ്ടാ അഭിനയിക്കാൻ . കറുത്തമുത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം ഡയറക്ടർ പ്രവീണ്‍ കടക്കാവൂർ അങ്കിളിനേം കിഷോർ (കിഷോർ സത്യാ ) അങ്കിളിനേം ആണ്. പിന്നെ, എല്ലാരും നല്ല തമാശയാ. എന്നെ എല്ലാർക്കും വലിയ ഇഷ്ടാ.

എന്നും ഷൂട്ട്‌ ആകുമ്പോൾ , സ്കൂളിൽ പോകാൻ പറ്റുമോ ?

കുറെ നാളായി സ്കൂളിൽ പോയിട്ട്. മിക്കപ്പോഴും ഷൂട്ട് ഉണ്ടാകും. പക്ഷെ കഴിഞ്ഞ ദിവസം പോയിരുന്നു കേട്ടോ. നോട്സ് ഒക്കെ അപ്പോൾ എഴുതി എടുക്കും. അമ്മയും ടീച്ചർമാരും മിസ്സ്‌ ആയ ലെസ്സൻസ് പഠിപ്പിച്ചു തരും . ടീച്ചർമാർക്ക് ഒക്കെ എന്നെ വലിയ ഇഷ്ടാ. ക്ലാസ് മുടങ്ങുമ്പോൾ വഴക്കൊന്നും പറയൂല്ല , പഠിക്കണംന്നു മാത്രേ പറയൂ.

അക്ഷര കിഷോർ

പഠിച്ചു വലുതായി ഒരു സിനിമാ നടി ആവണം എന്നാണോ ആഗ്രഹം ?

അല്ലല്ലോ, എനിക്ക് വലുതാകുമ്പോൾ ഡോക്ടർ അങ്കിളിനെ പോലെ ( സീരിയലിൽ കിഷോർ സത്യാ ചെയ്യുന്ന കഥാപാത്രം ) ഒരു ഡോക്ടർ ആയാൽ മതി. കുട്ട്യോളെ നോക്കണ പീടിയാട്രീഷ്യൻ ഡോക്ടർ.

വീട്ടിലെ വിശേഷം എന്തൊക്കെയാ?

അമ്മേം അച്ഛനും ചേച്ചീം ഞാനുമാ വീട്ടിൽ ഉള്ളത്. ചേച്ചീം ഞാനും എപ്പോഴും വഴക്കിടും. ചുമ്മാ തമാശയ്ക്കാണ് കേട്ടോ. എനിക്ക് വലിയ ഇഷ്ടാ ചേച്ചിയെ . ഞങ്ങൾ പാട്ട് പഠിക്കുന്നുണ്ട്. നേരത്തെ ഡാൻസ് പഠിച്ചിരുന്നു, പക്ഷെ ഇപ്പോൾ ഷൂട്ടിങ്ങ് കാരണം സമയം ഇല്ലാത്തത് കൊണ്ട് ഡാൻസ് നിർത്തി.

അക്ഷര കിഷോർ

ഇപ്പോൾ ക്രിസ്തുമസ് വെക്കേഷൻ ആയില്ലേ , ഇനി പഠിക്കാല്ലോ ഡാൻസ്?

അത് പറ്റില്ലാ.. വെക്കേഷന് ഞങ്ങൾ വീട്ടിൽ റെഡ് കളർ സ്റ്റാർ ഇട്ടു , പുൽക്കൂട്‌ ഉണ്ടാക്കി. പക്ഷേ അവധിക്കാലം അധികം ആഘോഷിക്കാൻ പറ്റൂല്ല. എല്ലാ ദിവസവും സിനിമയുടെ ഷൂട്ടിങ്ങ് ഉണ്ട്.

ആഹാ....സിനിമയിലും എത്തിയോ, അക്ഷരയുടെ സിനിമകളെ കുറിച്ചു പറയാമോ

ജയൻ അങ്കിൾ ഡയറക്റ്റ് ചെയ്യണ ഹലോ നമസ്തയുടെ ഷൂട്ട് കഴിഞ്ഞു. ഇനി ഡബ്ബിംഗ് മാത്രം ബാക്കി ഉണ്ട്. പിന്നെ, ജയറാം അങ്കിളിന്റെ കൂടെ , കണ്ണൻ അങ്കിൾ ഡയറക്റ്റ് ചെയ്യണ ആടുപുലിയാട്ടം , പിന്നെ കുഞ്ചാക്കോ ബോബാൻ അങ്കിളിന്റെ കൂടെ വേട്ട എന്ന സിനിമ.

അക്ഷര കിഷോർ

എങ്ങനെയാ അക്ഷര സീരിയലിൽ എത്തിയത്?

അതോ...അത്, കിഷോർ സത്യാ അങ്കിളിന്റെ ഒരു ഫ്രണ്ട് അച്ഛന്റെ ഫ്രണ്ട് ആണ്. ആ അങ്കിൾ ആണ് എന്നോട് അഭിനയിക്കാൻ ഇഷ്ടാണോന്നു ചോദിച്ചത്. അതെന്നു പറഞ്ഞപ്പോൾ, സീരിയലിന്റെ ഡയറക്ടർ അങ്കിൾ വന്നു കണ്ടു. അഭിനയിപ്പിച്ച് നോക്കി ഇഷ്ടായപ്പോൾ സീരിയലിൽ അഭിനയിക്കാൻ തുടങ്ങി.

സിനിമയാണോ സീരിയൽ ആണോ അക്ഷരയ്ക്ക് ഇഷ്ടം?

അയ്യോ...അതെങ്ങനാ പറയാ.? എനിക്ക് രണ്ടും ഇഷ്ടാ....ആകെ വെക്കേഷന് കളിയ്ക്കാൻ പറ്റില്ലാലോ എന്ന ഒരു സങ്കടം മാത്രേ ഉള്ളൂ

അക്ഷര കിഷോർ