ഇതാ സീരിയലുകളിലെ സ്ഥിരം വില്ലത്തി !

എയ്ഞ്ചൽ മരിയ

ആരൊക്കെ, എന്തെല്ലാം പറഞ്ഞാലും സ്വന്തം കാഴ്ചപ്പാടിൽ നിന്ന് അണുവിട ചലിക്കാത്തവൾ പ്രീതി. പെറ്റമ്മ ആയാൽ പോലും ഉൾക്കരുത്തോടെ കാര്യങ്ങൾ തുറന്നു പറയുന്ന ന്യൂജനറേഷൻ പെണ്ണിവൾ. കഴിച്ച ഭക്ഷണത്തിന്റെ കണക്കു പറയുന്ന അമ്മായിയമ്മയ്ക്കു പണം എണ്ണിക്കൊടുക്കാൻ തന്റേടം കാണിച്ച ഉശിരുളള പെൺകുട്ടി.

മഴവിൽ മനോരമയിലെ ശ്രീകുമാരൻ തമ്പിയുടെ ‘ബന്ധുവാര് ശത്രുവാര്’ എന്ന സീരിയലിലെ പ്രീതിയെക്കുറിച്ചു തന്നെയാണ് ഈ സൂചന. ബോൾഡാണെങ്കിലും ഈ കഥാപാത്രം പ്രേക്ഷകമനസ്സിൽ കുടിയേറിക്കഴിഞ്ഞു. പ്രത്യേകതയുളള ചില നെഗറ്റീവ് കഥാപാത്രങ്ങളെയും കുടുംബ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവല്ലേ പ്രീതി. അതുകൊണ്ട് ഇത്രയ്ക്കും ഭാവോജ്വലമായി പ്രീതിയെ മിനിസ്ക്രീനിൽ അവതരിപ്പിച്ച എയ്ഞ്ചൽ മരിയ ജോസഫിനു നൽകാം ഒരു ബിഗ് സല്യൂട്ട് !

എയ്ഞ്ചൽ മരിയ

മഴവിൽ മനോരമയില്‍ എയ്ഞ്ചൽ മരിയ അവതരിപ്പിച്ച മൂന്നാമത്തെ കഥാപാത്രമാണു പ്രീതി. ‘അമല’ യിലെ നീരജ എന്ന സൂപ്പർ വില്ലത്തിയും ‘ആയിരത്തിൽ ഒരുവളി’ലെ കഥാപാത്രവും എയ്ഞ്ചൽ എന്ന നടിയുടെ അഭിനയത്തനിമയ്ക്ക് പൊൻതൂവല്‍ ചാർത്തുന്നവയാണ്. ‘ചന്ദനമഴ’യിലെ അൽപം കൂടിയ ഇനം വില്ലത്തി ശീതളും ‘അമ്മ’ യിലെ വില്ലത്തിയും അഭിനയപ്രാധാന്യം നിറഞ്ഞ കഥാപാത്രങ്ങളാ യിരുന്നു. ഇതിനിടയിൽ തികച്ചും സോഫ്റ്റായ ഒരു കഥാപാത്രത്തെയും എയ്ഞ്ചൽ അവതരിപ്പിച്ചു. ‘മാനസ മൈന’യിലെ മാനസ. ബട്ടർഫ്ലൈയും നന്ദനവും എയ്ഞ്ചൽ അവതരിപ്പിച്ച സീരിയലുകളാണ്.

ഡിഗ്രി ഒന്നാം വർഷത്തിനു പഠിക്കുമ്പോഴാണ് എയ്ഞ്ചൽ മരിയയ്ക്ക് ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കാനുളള അവസരം കൈവന്നത്. മില്ലേനിയം ഓ‍ഡിയോസിന്റെ ‘രണഭൂമി’ എന്ന ആൽബത്തിനു വേണ്ടിയായിരുന്നു അത്. ഇതിൽ ഒരാളുടെ മൂന്ന് സ്റ്റേജുകളാണ് അവതരിപ്പിക്കേണ്ടിയ‌ി രുന്നത്.

എയ്ഞ്ചൽ മരിയ

‘‘ഇതു മൂന്നും ഭംഗിയായി അവതരിപ്പിക്കാൻ എനിക്കു സാധിച്ചു. ഫിലിം സിറ്റി മാഗസിന്റെ ആൽബം വിഭാഗത്തിൽ മികച്ച നടിക്കുളള അവാർഡും എനിക്കായിരുന്നു. ആൽ‌ബത്തിലേക്ക് എന്നെ പരിചയപ്പെടുത്തിയത് നടി ദേവിക നമ്പ്യാരുടെ അമ്മയാണ്.’’

‘രണഭൂമി’യിലെ അഭിനയം കണ്ടാണ് ‘അച്ഛന്റെ മക്കൾ’ എന്ന സീരിയലിലേക്ക് എയ്ഞ്ചൽ മരിയയെ വിളിക്കുന്നത്. അതാണ് എയ്ഞ്ചലിന്റെ ആദ്യ സീരിയൽ. കഥാപാത്രത്തിന്റെ പേര് ദിയ.

സ്കൂൾ പഠനകാലത്ത് കലാകായികരംഗത്ത് കഴിവു തെളിയിച്ച പെൺകുട്ടിയായിരുന്നു എയ്ഞ്ചല്‍ മരിയ. ‍ഡാൻസിനും നാടകത്തിനുമെല്ലാം സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്. സ്പോർട്സിൽ‌ ഷോട്ട് പുട്ടും ഡിസ്കസ് ത്രോയുമായിരുന്നു ഇഷ്ടപ്പെട്ട ഇനങ്ങൾ. ഡാൻസിൽ നാടോടിനൃത്തവും ഒപ്പനയും തിരുവാതിരയും. സ്കൂളിൽ പഠിക്കുമ്പോൾ സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ പ്രസിഡന്റ് ഗൈഡ് ആയിരുന്നു എയ്ഞ്ചല്‍. പ്ലസ് വണ്ണിൽ വച്ച് രാഷ്ട്പതി പ്രതിഭാ പാട്ടീലിൽ നിന്നു നേരിട്ട് അവാർഡ് വാങ്ങാൻ ഭാഗ്യമുണ്ടായി. ‌‌

എയ്ഞ്ചൽ മരിയ

ഇനി സ്വന്തം കുടുംബത്തെക്കുറിച്ച് എയ്ഞ്ചല്‍ മരിയ :

തൊടുപുഴയാണ് എന്റെ വീട്. പപ്പ ബിൽഡിങ് കോൺട്രാക്ടർ സിജി ജോസഫ്.

പപ്പ നന്നായി പാടും. പണ്ട് ഗാനമേളകളിലെല്ലാം പാടാറുണ്ടായിരുന്നു. ‌‌

മമ്മി ഷൈനി സിജി ബ്യൂട്ടീഷനാണ്. രണ്ട് അനുജത്തിമാരാണെനിക്ക് . ആഗ്നൽ എലിസബത്ത് ജോസഫും ആഗ്നസ് തെരേസ ജോസഫും

ആഗ്നൽ പ്ലസ് വണ്ണിലും ആഗ്നസ് എട്ടിലും പഠിക്കുന്നു, രണ്ടു പേരും നന്നായി പാടും. സ്കൂളിലും ഇടവക പളളിയിലും ഗായകസംഘത്തിലുണ്ട്. വെ‍ജിറ്റബിൾ പ്രിന്റിങ്ങിൽ സ്റ്റേറ്റ് തലം വരെ പോയിട്ടുണ്ട്. ഡാൻസും മോണോ ആക്ടും ‌അറിയാം. ഇനി അതുക്കും മേലെ മറ്റൊന്ന് : ഇവർ രണ്ടു പേരും ഒന്നാന്തരം കരാട്ടെക്കാരികളാണ്. ബ്ലാക്ക് ബെൽറ്റിന്റെ തൊട്ടടുത്ത് വരെ എത്തി. ഞങ്ങളുടെ കുടുംബത്തിൽ മറ്റൊരാളെക്കൂടി പരിചയപ്പെടുത്താം– ഞങ്ങളുടെയെല്ലാം പുന്നാര വല്യമ്മച്ചി സിസിലി ജോസഫ്. ഞാനിപ്പോൾ പി‍ജി ചെയ്യുന്നു. എംഎ ഇംഗ്ലീഷിന്. അഭിയത്തിലും പഠനത്തിനു മെല്ലാം നിറഞ്ഞ പ്രോൽസാഹനം നൽകുന്നത് കുടുംബത്തി ലെ എല്ലാവരുമാണ്. പിന്നെ കൂട്ടുകാരികളും. ’’

എയ്ഞ്ചൽ മരിയ

വിവാഹത്തെക്കുറിച്ചും എയ്ഞ്ചലിനോടു ചോദിച്ചു.

‘‘എല്ലാം എന്റെ ഇഷ്ടത്തിനു വിട്ടു തന്നിരിക്കുയാണ് പപ്പയും മമ്മിയും. എന്നാൽ ഇക്കര്യത്തിൽ എനിക്കു സ്വന്തം ഇഷ്ടമില്ല, വീട്ടുകാരുടെയെല്ലാം ഇഷ്ടത്തിനനുസരിച്ചായിരിക്കും എന്റെ വിവാഹം.’’

അഭിനയം, പഠനം, പരീക്ഷ– ഇതിനിടയിൽ ദാ വരുന്നു ക്രിസ്മസ് ! ഇത്തവണ എല്ലാവരും തൊടുപുഴയിലെ വീട്ടിൽ ഒത്തു കൂടാനാണു തീരുമാനിച്ചിരിക്കുന്നത്. അതൊരു ഉ‌ത്സവമായിരിക്കും എയ്ഞ്ചലിന് . എല്ലാവരെയും ഒന്നിച്ചു കാണാം, ക്രിസ്മസ് അടിച്ചു പൊളിക്കാം