അണ്ഡാശയം നീക്കിയത് അമ്മയ്ക്കു വേണ്ടി; ആഞ്ജലീന ജോളി

ആഞ്ജലീന ജോളി

ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി അഭിനയ മികവു കൊണ്ടു മാത്രം വാർത്തയിൽ നിറഞ്ഞ താരമല്ല. തന്നെ പടർന്നു പിടിച്ചേക്കാവുന്ന മാരകരോഗത്തെ സധൈര്യം നേരിട്ട് ശരീര സൗന്ദര്യത്തേക്കാള്‍ പ്രാധാന്യം ജീവിതത്തിനു കൊടുത്ത വനിത കൂടിയാണ്. അടുത്തിടെയാണ് ആഞ്ജലീന സ്തനശസ്ത്രക്രിയയ്ക്കൊപ്പം അണ്ഡാശയവും നീക്കം ചെയ്തത്. കാൻസറിനു കാരണമായേക്കാവുന്ന ജീനുകളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ താൻ അണ്ഡാശയം നീക്കം ചെയ്തത് അമ്മയുടെ അവസാനത്തെ ആഗ്രഹപ്രകാരമായിരുന്നുവെന്ന് ആഞ്ജലീന വ്യക്മാക്കി. ഒരു വിദേശ ചാനലിനു വേണ്ടി ഭർത്താവും നടനുമായ ബ്രാഡ്പിറ്റിനൊപ്പം നൽകിയ അഭിമുഖത്തിലാണ് ആഞ്ജലീന ഇക്കാര്യം പറഞ്ഞത്.

ആഞ്ജലീന ജോളി അമ്മ മാർഷെലിൻ ബെർട്രാൻഡിനൊപ്പം

ആഞ്ജലീനയുടെ അമ്മയും അഭിനേത്രിയുമായ മാർഷെലിൻ ബെർട്രാൻഡ് 2007ൽ അണ്ഡാശയ കാൻസർ ബാധിച്ചാണ് മരണമടഞ്ഞത്. അമ്മയുടെ മരണത്തിനുശേഷം 2013ലാണ് ആഞ്ജലീന മാസക്ടമിയ്ക്കു വിധേയയാത്. സ്തനാർബുദത്തിനു 87ശതമാനം സാധ്യതയുള്ള ജീൻ കണ്ടെത്തിയതോടെയായിരുന്നു ശസ്ത്രക്രിയ. ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ രക്തപരിശോധനയില്‍ അണ്ഡാശയ കാൻസറിന്റെ ലക്ഷണങ്ങളും കണ്ടെത്തിയതോടെ അണ്ഡാശയവും നീക്കം ചെയ്തു. അമ്മയെയും തന്നെയും ചികിത്സിച്ചിരുന്നത് ഒരേ സർജൻ തന്നെയായിരുന്നു, രോഗം വരാതിരിക്കാൻ തന്റെ അണ്ഡാശയവും നീക്കം ചെയ്യുമെന്ന് അമ്മ സർജനെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നുവെന്നും ആഞ്ജലീന പറഞ്ഞു.

ആഞ്ജലീന ജോളി നടനും ഭര്‍ത്താവുമായ ബ്രാഡ് പിറ്റിനൊപ്പം

ശസ്ത്രക്രിയകൾക്കെല്ലാം കൂടെ നിഴൽ പോലെ നിന്ന ഭർത്താവിന്റെ സാന്നിധ്യവും ആഞ്ജലീന മറക്കുന്നില്ല. അദ്ദേഹം എനിക്കു വളരെയധികം വ്യക്തമാക്കിത്തന്നു, എന്താണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്ന്, മിടുക്കിയും കഴിവുള്ളവളും കുടുംബത്തെ പരിപാലിക്കുന്നവളുമായ ഒരു സ്ത്രീയെ ആണ് അദ്ദേഹം ആഗ്രഹിക്കുന്നത് അല്ലാതെ അതു ശരീരസംബന്ധിയായതു മാത്രമല്ലെന്ന് മനസിലാക്കിത്തന്നു. 'അണ്ഡാശയ കാൻസറിന്റെ ലക്ഷണങ്ങള്‍ വ്യക്തമാക്കുന്ന രക്ത പരിശോധനാഫലം കാണിക്കുമ്പോൾ ആഞ്ജലീനയുടെ മുഖം ദൃഡമായിരുന്നു. ആഞ്ജലീന ഇതു ചെയ്തത് മക്കൾക്കും കുടുംബത്തിനും വേണ്ടിയാണ്, എന്നാലേ ഞങ്ങൾക്ക് ഒന്നിച്ചു കഴിയാനാവൂ'-ബ്രാഡ് പിറ്റ് പറയുന്നു.

ആഞ്ജലീനയുടെ ദൃഡനിശ്ചയം കഴിഞ്ഞ പത്തുവർഷമായി തുടരുന്ന ദാമ്പത്യ ബന്ധത്തിന്റെ ആഴം കൂട്ടിയിട്ടേയുള്ളു. ആറു മക്കളാണ് ഇരുവർക്കും ഉള്ളത്.