വഴിയോരത്തെ 'കുട്ടിക്കച്ചവടക്കാരെ' ഞെട്ടിച്ച ആ സൂപ്പർ താരം ആര്?  

ആഞ്ജലീന ജൂലി കുട്ടികള്‍ക്കൊപ്പം

വിദേശ രാജ്യങ്ങളിൽ കുട്ടികൾ തങ്ങളാൽ ആവുന്ന ജോലി ചെയ്ത പണം സമ്പാദിക്കുക എന്നത് അവരുടെ ജീവിതരീതിയുടെ ഭാഗമാണ്. വിദേശ രാജ്യങ്ങളിലെ നല്ല കാര്യങ്ങൾ മാതൃകയാക്കേണ്ട നമ്മൾ ഇക്കാര്യം മാത്രം പലപ്പോഴും ഉൾക്കൊള്ളുന്നില്ല. ഈയടുത്ത്, ലോസ് ഏഞ്ചൽസിൽ അലൻ എന്നും ബ്രാണ്ടൻ അലക്‌സാണ്ടർ എന്നും പേരായ രണ്ടു കുട്ടികൾക്ക്, അവരുടെ ജീവിതത്തിലെ ആദ്യ സമ്പാദ്യം സ്വന്തമാക്കുന്നതിനായി കുട്ടികളുടെ പിതാവ് ഒരവസരം നൽകി. 

രണ്ടര മീറ്റർ ഉയരമുള്ള ഒരു കരടിപ്പാവയെ വിൽക്കുക. വിറ്റുകിട്ടുന്ന പണം തങ്ങളുടെ സമ്പാദ്യമായി കുട്ടികൾക്ക് എടുക്കാം. അച്ഛൻ നൽകിയ അവസരം സന്തോഷത്തോടെ സ്വീകരിച്ച കുട്ടികൾ, ഉടൻ തന്നെ വീടിനടുത്തായുള്ള സ്ട്രീറ്റിൽ അവരുടെ രണ്ടിരട്ടി വലുപ്പമുള്ള കരടിപ്പാവയുമായി ഇരുപ്പായി. 'വിൽപ്പനയ്ക്ക് ' എന്ന ബോർഡ് വസിച്ചിരുന്നു എങ്കിലും പാവയുടെ അമിതമായ വലുപ്പം ആളുകളെ ആകർഷിച്ചില്ല. 

മണിക്കൂറുകൾ കടന്നു പോയതോടെ കുട്ടികൾക്ക് നിരാശയായി, ആവേശം പതുക്കെ ചോർന്നു തുടങ്ങി. വില്‍പനയ്ക്കു വച്ച കരടിപ്പാവയുടെ അരികിൽ നിരാശരായി അലനും അലക്‌സാണ്ടറും ഇരുന്നു. പാവയെ വിൽക്കാതെ എങ്ങനെ വീട്ടിൽ ചെല്ലും ? ആദ്യമായി അച്ഛൻ ഏൽപ്പിച്ച ജോലിയാണ്, 'കുട്ടിക്കച്ചവടക്കാർ' നിരാശരായി. വഴിയോരത്തുകൂടി കടന്നു പോയ പല വാഹനങ്ങൾക്കും കൈ കാണിച്ചു എങ്കിലും ഒരു രക്ഷയും ഉണ്ടായിരുന്നില്ല. 

ആഞ്ജലീന ജൂലി കുട്ടികള്‍ക്കൊപ്പം

അങ്ങനെ നിരാശരായി ഇരിക്കുമ്പോൾ, പെട്ടന്ന് ഒരു വെളുത്ത കാർ കുട്ടികളുടെ മുന്നിലായി വന്നു നിന്നു. പ്രതീക്ഷയോടെ നോക്കിയ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. കാരണമെന്തെന്നോ ? കാറിൽ നിന്നും ഇറങ്ങി വന്നത് സാക്ഷാൽ ആഞ്ജലീന ജൂലി. പൊരിവെയിലത്ത് കരടിപ്പാവയെ വിൽക്കാനുള്ള കുട്ടിക്കച്ചവടക്കാരുടെ വിഷമം കണ്ടാണ് ആഞ്ജലീന വണ്ടി നിർത്തിയത്. ഒടുവിൽ, കക്ഷി കുട്ടികളിൽ നിന്നും അവർ പറഞ്ഞ വിലയായ 50  ഡോളർ കൊടുത്ത്  പാവയെ സ്വന്തമാക്കി. 

അതിനുശേഷം കുട്ടികളുമായി അൽപ സമയം പങ്കിട്ട ആഞ്ജലീന, കുട്ടികളുടെ മാതാപിതാക്കളെയും നേരിൽ കണ്ടു സംസാരിച്ചു. അലനും അലക്‌സാണ്ടറും മാതാപിതാക്കളും ചേർന്ന് ഭീമൻ പാവയെ കാറിൽ കയറ്റാൻ ആഞ്ജലീനയെ സഹായിക്കുകയും ചെയ്തു. സംഭവം ജോറായതു കൊണ്ട് തന്നെ കുട്ടികൾ തങ്ങളുടെ ജീവിതത്തിലെ ആദ്യ കച്ചവടവും, സമ്പാദ്യവും മറക്കില്ല.