അനുഷ്ക കോഹ്‍ലിയെ വിളിച്ചു

വിരാട് കോഹ്‍ലിയും അനുഷ്ക ശർമയും

ബോളിവുഡും ക്രിക്കറ്റും ഒരുപോലെ കൊണ്ടാടിയ പ്രണയമാണ് അനുഷ്ക-കോഹ്‍ലി ജോഡികളുടേത്. വിരാടിന്റെ ഓരോ ക്രിക്കറ്റ് മാച്ചുകളിലും പ്രോത്സാഹനവുമായെത്തുന്ന അനുഷ്ക പരസ്യമായി താരത്തിനൊപ്പം പാർട്ടികളിലും പങ്കെടുത്തിരുന്നു. ഇതിനെല്ലാം ഇടയിലാണ് ആരാധകരെയെല്ലാം നിരാശരാക്കി ഇരുവരും പിരിയുകയാണെന്ന വാർത്ത പുറത്തുവന്നത്. കരിയറിൽ ശ്രദ്ധിക്കാനായി ഉടൻ വിവാഹം കഴിക്കാനാവില്ലെന്ന അനുഷ്കയുടെ തീരുമാനമാണ് ഇരുവരും പിരിഞ്ഞതിനു പിന്നിലെന്നായിരുന്നു ഗോസിപ്പ്. എന്നാൽ നിങ്ങൾ അനുഷ്ക-വിരാട് കോഹ്‍ലി ഫാൻ ആണെങ്കിൽ ഈ വാർത്ത തീർച്ചയായും സന്തോഷിപ്പിക്കും. കാരണം പിണക്കമെല്ലാം വിട്ട് ഒടുവിൽ അനുഷ്ക കോഹ്‍ലിയെ വിളിച്ചുവെന്നാണ് പുതിയ വിശേ‌ഷം.

ഇൻസ്റ്റഗ്രാമിൽ വിരാട് അനുഷ്കയെ അൺഫോളോ ചെയ്തതും വാലന്റൈൻസ് ഡേയിൽ ഇരുവരും ആശംസ പറയാതിരുന്നതും പ്രണയത്തകർച്ച സംബന്ധിച്ച ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയതുമെല്ലാം ഗോസിപ്പിന്റെ ആക്കം കൂട്ടിയിരുന്നു. എന്നാലിപ്പോൾ ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരത്തിലെ ഉന്നത വിജയത്തിനു ശേഷം അഭിനന്ദനം അറിയിക്കാൻ അനുഷ്ക കോഹ്‍ലിയെ വിളിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകള്‍. അനുഷ്കയെ തിരികെ ലഭിക്കണമെന്നു തന്നെയായിരുന്നു വിരാടിന്റെ ആഗ്രഹമെന്നാണ് പൊതുവെയുള്ള സംസാരം. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ അനുഷ്കയുടെ സഹോദരനും മുന്നിലുണ്ടായിരുന്നുവെന്നാണ് കേൾക്കുന്നത്. രണ്ടുപേരും ഒരിക്കൽക്കൂടി പ്രണയജോഡികളായി തിരിച്ചു വരുമോയെന്നു കാത്തിരുന്നു കാണാം.