അസിന്റെ സുന്ദരമായ ചർമ്മത്തിന്റെയും മുടിയുടെയും രഹസ്യം

അസിൻ

സുന്ദരമായ സ്കിൻ, ഒഴുകിക്കിടക്കുന്ന മുടി, അത്യുഗ്രൻ ഫിഗർ. ഇതൊക്കെ ചേർന്നതാണ് അസിൻ എന്ന ബോളിവുഡ് സൂപ്പർ താരം . കല്യാണപ്പെണ്ണിന്റെ നാണത്തിൽ അസിന്റെ സ്കിൻ ഇപ്പോൾ കൂടുതൽ തിളങ്ങുന്നു. അസിന്റെ സൗന്ദര്യ രഹസ്യത്തിലേക്ക്, ആരോഗ്യ ശീലങ്ങളിലേക്ക്.

നേരത്തെ ഉറങ്ങും, ഉണരും

അസിൻ എന്ന പേരിനർഥം പരിശുദ്ധം എന്നാണ്. ഭക്ഷണത്തിലും സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യത്തിലുമെല്ലാം കാത്തുസൂക്ഷിക്കുന്ന പരിശുദ്ധിയാണ് അസിനെ സുന്ദരിയാക്കുന്നത്. രാത്രി എത്ര വൈകി കിടന്നാലും ആറു മണിക്കു തന്നെ ഉണരും. അതുകൊണ്ട് ബ്രേക്ക് ഫാസ്റ്റ് മുടങ്ങില്ല. ബ്രേക്ക് ഫാസ്റ്റ് നന്നെങ്കിൽ ആരോഗ്യവും നന്ന് എന്നാണ് അസിൻ പക്ഷം. വീട്ടിൽ വയ്ക്കുന്ന ഭക്ഷണത്തോടാണ് ഇഷ്ടം. വറുത്തതും പൊരിച്ചതും ഉപ്പു കൂടിയതും പഞ്ചസാരയുമൊന്നും ഉപയോഗിക്കില്ല. പുകവലിയില്ല. മദ്യപാനവും. പാർട്ടി ക്രേസില്ല. വേറെ ജോലിയൊന്നുമില്ലെങ്കിൽ വൈകിട്ട് വീട്ടിലെത്തും. നേരത്തെ കിടന്നുറങ്ങും. ഉണർന്നാലുടൻ ശ്വസന വ്യായാമങ്ങൾ. പിന്നെ ജിം എക്സർസൈസ്.

അസിൻ

ഭക്ഷണം തനി നാടൻ

ഒന്നാന്തരം നോൺ വെജിറ്റേറിയനാണ് ഈ മലയാളി സുന്ദരി. പച്ചക്കറി, നട്സ്, ഫ്രൂട്സ്, മീൻ ഇവയൊക്കെ ഉൾപ്പെട്ട ആഹാരശീലം. രാവിലെ ഉണർന്ന് അധികം വൈകാതെ തന്നെ പ്രഭാത ഭക്ഷണവും വേണം. ചെറുപ്പത്തിൽ കഴിച്ചിരുന്ന ഇഡ്ഡലി, ദോശ, പുട്ട് കടല, അപ്പം ഒക്കെ തന്നെ ഇപ്പോഴും ഇഷ്ടം. ഒരു ബൗൾ ഓട്സ്. ഒപ്പം കുറച്ച് ഫ്രൂട്സ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ്. അല്ലെങ്കിൽ മുട്ട. ചായ , കാപ്പി എന്നിവയോട് അസിന് പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല. പകരം പാൽ കുടിക്കും. കരിക്കിൻ വെള്ളവും ഫ്രൂട്ട് ജ്യൂസും ദിവസവും കുടിക്കും. ഇതൊന്നും കിട്ടിയില്ലെങ്കിൽ വെള്ളം മതി. സോ സിംപിൾ. ഉച്ചയ്ക്ക് രണ്ടോ മൂന്നോ ചപ്പാത്തി. ഒരു ബൗൾ നിറയെ പച്ചക്കറി. ചോറാണെങ്കിൽ മീൻ വേണം. പ്രോൺസിനോടാണ് ഇഷ്ടക്കൂടുതൽ. അമ്മ ഉണ്ടാക്കുന്നതെന്തായാലും ഡിന്നറിന് ഇഷ്ടമെന്ന് അസിൻ. രാത്രി ചോറു വേണ്ട. ചപ്പാത്തി. ഒപ്പം ചിക്കൻ അല്ലെങ്കിൽ മുട്ട. കപ്പയും മീനും കിട്ടിയാൽ ഏറെ സന്തോഷം. ഇതൊന്നുമില്ലെങ്കിൽ കഞ്ഞി, പയർ, ചമ്മന്തി, പപ്പടം. ഓരോ ദിവസവും ഓരോ മൂഡ്. ഭക്ഷണകാര്യത്തിൽ തനി മലയാളി തന്നെ ഇന്നും ഈ ബോളിവുഡ് സുന്ദരി.

അസിൻ

സ്കിൻ സീക്രട്ട്

ചന്ദനവും തേനും : തിളക്കമുള്ള സ്കിൻ ആണ് അസിന്റെ സൗന്ദര്യം. സ്കിന്നിലെ ചെറു സുഷിരങ്ങൾ അടച്ചുള്ള കടുത്ത മേക്കപ്പ് സാധാരണ ഇടാറേയില്ല. സിംപിൾ ആൻഡ് എലഗന്റ് മേക്കപ്പിലെ നമ്മൾ അസിനെ കാണൂ. രാത്രി എത്ര ക്ഷീണിച്ചെത്തിയാലും മേക്കപ്പ് റിമൂവ് ചെയ്ത് മോയിസ്ചറൈസർ പുരട്ടാതെ കിടക്കില്ല. ഉണർന്ന ഉടൻ ചെറുചൂടുവെള്ളത്തിലും പിന്നെ തണുത്ത വെള്ളത്തിലും മുഖം കഴുകും. ആവശ്യമില്ലാതെ മുഖത്തു തൊടാതിരുന്നാൽ തന്നെ പാടുകളും കുരുക്കളുമൊക്കെ ഒഴിവായി മുഖം സുന്ദരമാകും എന്നാണ് അസിന്റെ പക്ഷം. ചന്ദനവും തേനും ചേർത്ത പായ്ക്കാണ് അസിന്റെ മുഖത്തെ ഇത്ര സുന്ദരമാക്കുന്നത്. ദിവസം നാലു ലീറ്ററെങ്കിലും വെള്ളം കുടിക്കും. ഇതുകൊണ്ടു പലതാണു ഗുണം. ശരീരത്തിലെ അഴുക്കുകൾ പുറത്തുപോകും. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് ഒക്കെ മാറി സ്കിൻ തിളക്കമുള്ളതാകും. ചൂടു മാറി ശരീരം നന്നായി തണുക്കുകയും ചെയ്യും.

അസിൻ