ഇതാ ലോകത്തെ ഏറ്റവും സുന്ദരി, സൗന്ദര്യ രഹസ്യങ്ങളും!

ജെന്നിഫെര്‍ അനിസ്ടന്‍

സൗന്ദര്യം പ്രകൃതിദത്തമാണെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും നമ്മള്‍ അത് മറ്റുള്ളവരില്‍ നിന്ന് കടമെടുക്കാറുണ്ട്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ അവളെ പോലെ എനിക്കും ആവാന്‍ സാധിച്ചെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുമോ? മനുഷ്യന്റെ ആത്മവിശ്വാസം വരെ വർധിപ്പിക്കുന്ന ഒരുതരം ലഹരി. അതുകൊണ്ടു തന്നെ സോഷ്യല്‍ നെറ്റ് വർക്കിങ് സൈറ്റുകളിലും പെൺകുട്ടികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്നതും സൗന്ദര്യവർധനത്തെക്കുറിച്ചാണ്.

ഇപ്പോള്‍ സൗന്ദര്യ ലോകത്തെ പുതിയ ചര്‍ച്ചാവിഷയമായിരിക്കുന്നത് ജെന്നിഫെര്‍ അനിസ്ടന്‍ ആണ്. മനസിലായില്ലേ ലോക പ്രശസ്ത മാസികയായ പീപ്പിള്‍ 2016 ലെ ഏറ്റവും സുന്ദരിയായി തെരഞ്ഞെടുത്തിരിക്കുന്നത് 47 കാരിയായ ജെന്നിഫെറിനെയാണ്. ഇത് രണ്ടാം തവണയാണ് പീപ്പിള്‍ മാഗസിന്‍ ഏറ്റവും സുന്ദരിയായ വനിതയായി ജെന്നിഫറിനെ തിരഞ്ഞെടുക്കുന്നത്. 2004 ലും ജെന്നിഫര്‍ ആയിരുന്നു തന്നെ വിജയി. സൗന്ദര്യ മത്സരവേദികൾ പലപ്പോഴും 20കളിലുള്ള പെൺകുട്ടികളുടെ കുത്തകയാണ്. എന്നാൽ 27 വർഷത്തിനു ശേഷമാണ് 47 വയസിനു മേൽ പ്രായമുള്ള ഒരു സ്ത്രീ ഏറ്റവും സുന്ദരിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇപ്പോള്‍ ഫാഷന്‍ ലോകം കാതോർത്തിരിക്കുകയാണ് ജെന്നിഫരിന്റെ ഫാഷന്‍ ടിപ്സുകൾക്കായി. വ്യായാമവും പോഷകാഹാരവും വിശ്വസ്തതയും ആത്മവിശ്വാസവുമാണത്രേ നീലക്കണ്ണുകളുള്ള ഈ സുന്ദരിയുടെ സൗന്ദര്യ രഹസ്യം.

ഫാഷൻ ലോകത്തെ പ്രണയിക്കുന്നവർക്കായി ജെന്നിഫർ നല്‍കുന്ന ചില ടിപ്സ് കേൾക്കാം

ലളിതം, സുന്ദരം

വളരെ ലളിതവും, മൃദുലവും പ്രകൃതിദത്തവും ആയ അലങ്കാരമാണ് മുഖത്തിനു എപ്പോഴും നല്ലതെന്നു പറയുന്നു ജെന്നിഫര്‍.

വ്യായാമം നിർബന്ധം

കോശങ്ങളുടെ കൃത്യമായ വികാസത്തിനും ശരീരമുഖസൗന്ദര്യത്തിനും വ്യായാമം അത്യന്താപേക്ഷിതമാണ്. ദിവസേനയുള്ള വ്യായാമം വഴി ശരീരവും മനസ്സും എപ്പോഴും ഊര്‍ജസ്വലമായിരിക്കും.

മുടിയെ കൂടുതൽ പ്രണയിക്കാം

നിങ്ങള്‍ക്ക് പ്രായമാകുംതോറും മുടിയെ കൂടുതൽ പ്രണയിച്ചു തുടങ്ങണം. കേശസംരക്ഷണം മുഖസൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ്.

വെള്ളം ഇഷ്‌ടംപോലെ

ഉറക്കം പോലെ പ്രധാനമാണ് വെള്ളവും. ദിവസേന ധാരാളം വെള്ളം കുടിക്കണം. അതു നിങ്ങളുടെ ചര്‍മം കൂടുതല്‍ മൃദുവാക്കുകയും ശരീരത്തെ ചൂടില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

ആഹാരത്തിനും വേണം നിയന്ത്രണം

ഭക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിൽ സ്ഥാനമുണ്ട്. വലിച്ചുവാരി കഴിക്കുന്ന ശീലം ഉപേക്ഷിച്ച് ഇടവേളകളിട്ട് മിതമായി മാത്രം ഭക്ഷണം കഴിക്കുക. ആൽക്കഹോള്‍ ഉപയോഗം ഉപേക്ഷിക്കുന്നതിനൊപ്പം അമിതമായി മധുരം കഴിക്കുന്ന ശീലവും നിർത്താം.