Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിസ് ചോയ്സ്! മമ്മൂക്കയെ പേടി

Sunil George സുനിൽ ജോർജ്

അനാർക്കലിയില്‍ നദീറയെ കണ്ട പ്രേക്ഷകരൊക്കെയും പറഞ്ഞു മാലാഖയെപ്പോലിരിക്കുന്നു ആ നടിയെന്ന്.. മലയാളിയ്ക്ക് അത്രയൊന്നും പരിചിതയല്ലാത്ത ബോളിവുഡ് സുന്ദരി പ്രിയാൽ ഗോറിനെ മാലാഖയെപ്പോലെ അവതരിപ്പിച്ചതിനു പിന്നിൽ വസ്ത്രാലങ്കാരകൻ സുനിൽ ജോർജിന്റെ പങ്കു ചില്ലറയല്ല. വജ്രത്തിലെ വസുന്ധരാദാസിൽ തുടങ്ങി അനാർക്കലിയിലെ പ്രിയാൽ ഗോറിൽ വരെയെത്തി നിൽക്കുമ്പോള്‍ മനോരമ ഓൺലൈനുമായി സുനിൽ പങ്കുവെക്കുന്നു നടന്നുവന്ന വീഥികളും ഫാഷന്‍ സിനിമാ സ്വപ്നങ്ങളും.......

സിനിമാപ്രവേശനം എങ്ങനെയായിരുന്നു?

യഥാർത്ഥത്തിൽ അമ്മയ്ക്കും അച്ഛനും എന്നെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. പക്ഷേ ബയോകെമിസ്ട്രയിൽ പിജി ചെയ്തെങ്കിലും ഫാഷൻ മോഹം അന്നേ മനസിലുണ്ടായിരുന്നു. അങ്ങനെ കൊച്ചിയിലെ ഇന്റർനാഷണൽ അക്കാഡമി ഓഫ് ഫാഷനിൽ നിന്നും 2001ൽ ബിരുദം നേടി. പിന്നീട് ഇന്റർനാഷണൽ ഫാഷൻ ഡിസൈനർ ബ്രാൻഡുകളായ എച്ച്&എം(സ്വീഡൻ) കസ്റ്റോ ബാഴ്സലോണ(സ്പെയിൻ) അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സ്(യുഎസ്എ) ഡെസ്റ്റിനേഷൻ മെറ്റേർനിറ്റി(യുഎസ്എ) തുടങ്ങിയവയിലെല്ലാം വിഷ്വൽ മെർക്കൻഡൈസർ ആയി വർക് ചെയ്തിരുന്നു. 2004ല്‍ മമ്മൂക്കയുടെ വജ്രത്തിലൂടെയാണ് ഞാൻ മലയാള സിനിമാ വസ്ത്രാലങ്കാര രംഗത്തു പ്രവേശിക്കുന്നത്. അതിൽ വസുന്ധരാ ദാസിനു വേണ്ടിയാണ് േകാസ്റ്റ്യൂം ഡിസൈൻ ചെയ്തത്. 2010ൽ കേരള കഫേയിൽ മൃത്യുഞ്ജയം എന്ന ചിത്രത്തിനു വേണ്ടിയും 2014ൽ അനൂപ് കണ്ണന്റെ ഹോംലി മീൽസ് എന്ന ചിത്രത്തിനു വേണ്ടിയും വസ്ത്രാലങ്കാരം ചെയ്തു. ഹോംലി മീൽസിനു വേണ്ടി വിപിൻ ആറ്റ്‍ലിയാണ് എ​ന്നെ നിർദ്ദേശിക്കുന്നത്, വിപിൻ എന്റെ സുഹൃത്തു കൂടിയാണ്. കഴിഞ്ഞ വർഷം വർഷവും ഈ വർഷം അനാർക്കലിയും സു സു സുധീ വാത്മീകവും ച‌െയ്തു.

Prithviraj അനാർക്കലിയിൽ പൃഥ്വിരാജ്

വജ്രത്തിൽ നിന്നും അനാർക്കലി വരെ എത്തി നില്‍ക്കുമ്പോൾ എന്തു തോന്നുന്നു?

ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, ആരാധിച്ചിരുന്ന നടന്മാർക്കു േവണ്ടി വസ്ത്രം അലങ്കരിക്കാൻ അവസരം ലഭിച്ചുവെന്ന്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. അടിസ്ഥാനപരമായി ഞാൻ ഒരു കലാകാരനാണ്. ആർട്ടിനാണു ആദ്യ സ്ഥാനം. രണ്ടാം സ്ഥാനം ഫാഷനും മൂന്നാം സ്ഥാനം മാത്രമാണ് കോസ്റ്റ്യൂം ഡിസൈനിംഗിനുള്ളത്. സിനിമയൊരു മാജിക്കൽ വേൾഡു തന്നെയാണ്. എങ്കിലും കലയ്ക്കാണ് എന്റെ മനസില്‍ ആദ്യസ്ഥാനം.

സംവിധായകന്റെ ഇടപെടൽ എത്രത്തോളമുണ്ടാകാറുണ്ട്?

സംവിധായകനും തിരക്കഥാകൃത്തുമൊക്കെ വസ്ത്രാലങ്കാരത്തിൽ ഇടപെടാറുണ്ട്. കാരണം അവർക്കാണല്ലോ കഥാപാത്രത്തെക്കുറിച്ച് ഏറ്റവുമധികം ധാരണയുണ്ടാകുക. ഒപ്പം ക്യാമറാമാന്‍ ആർട്ടിസ്റ്റ് എന്നിവരെല്ലാം ചേര്‍ന്ന് ആശയങ്ങൾ ക്രോഡീകരിക്കാറുണ്ട്.

മോഡേൺ ആണോ അതോ നാടൻ ആണോ കൂടുതൽ കംഫർട്ടബിൾ?

അങ്ങനൊയൊന്നുമില്ല സിനിമയിൽ കഥാപാത്രങ്ങള്‍ക്ക് എ​ന്താണോ ആവശ്യം അത്തരങ്ങൾ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനാണു താല്‍പര്യം. പിന്നെ മലയാളിയായതുകൊണ്ട് പരമ്പരാഗത വസ്ത്രങ്ങളോട് കുറച്ചധികം ഇഷ്ടമുണ്ട്.

Anarkali അനാർക്കലിയിൽ പൃഥ്വിരാജും പ്രിയാല്‍ ഗോറും

മുസ്ലിം പശ്ചാത്തലമുള്ള പെൺകുട്ടികളെ അവതരിപ്പിക്കുന്ന സ്ഥിരം ശൈലിയിൽ നിന്നും നദീറയ്ക്ക് എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചുവോ?

ചിത്രത്തിൽ നദീറയുടെ മൂന്നു കാലഘട്ടമാണു കാണിക്കുന്നത്. പ്രത്യേകിച്ചും നോർത്ത് ഇന്ത്യൻ പശ്ചാത്തലത്തിലുള്ള സ്കൂൾകാലം കാണിക്കുമ്പോൾ തട്ടമൊന്നും ഉപയോഗിച്ചിട്ടില്ല പകരം മോഡേൺ വസ്ത്രങ്ങളാണു നൽകിയത്. പരമ്പരാഗത മുസ്ലിം കുടുംബത്തിലെ രംഗങ്ങളിൽ ലക്നൗവി ചിക്കൻകാരി വർക് ഉപയോഗിച്ചിട്ടുണ്ട്. എടുത്തു നിൽക്കുന്ന നിറങ്ങൾ അധികം നൽകുന്നതിനു പകരം ഗ്രേ പോലുള്ള ഇളം നിറങ്ങളാണു കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. നദീറ മാലാഖയെപ്പോലെ തോന്നിക്കണമെന്നും വസ്ത്രങ്ങളേക്കാൾ ശ്രദ്ധ പോകേണ്ടത് നദീറയിലേക്ക് ആകണമെന്നും സംവിധായകൻ സച്ചി പറഞ്ഞിരുന്നു. അതുകൊണ്ട് നായികയിലേക്കു കൂടുതൽ ഫോക്കസ് ചെയ്യുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചത്.

കരിയറിൽ പിടിച്ചു നിൽക്കാൻ സ്വാധീനം വേണമെന്നു തോന്നിയിട്ടുണ്ടോ?

അങ്ങനെയൊന്നും തോന്നിയിട്ടില്ല. നമ്മുടെ വർക് നല്ലതാണെങ്കില്‍ അവസരങ്ങൾ വന്നോളും. പിന്നെ ആദ്യപ്രവേശനത്തിന് കുറച്ച് സ്വാധീനമൊക്കെ ഉണ്ടായാൽ നല്ലതാണ്. സിനിമാ മേഖലയിലേക്ക് പരിചയപ്പെടുത്താൻ ആരെങ്കിലും ഉള്ളതു നല്ലതാണ്. പിന്നീടു നമ്മുടെ കയ്യിലാണ്.അവസരങ്ങൾക്കു വേണ്ടി ഞാൻ ആരെയും സമീപിക്കാറില്ല. മലയാളം സിനിമാ ഇൻഡസ്ട്രി ഇപ്പോൾ മുമ്പത്തേതിലും ഓപ്പൺ ആണെന്നു തോന്നിയിട്ടുണ്ട്. കഴിവുള്ളവർക്കു നേരിട്ടുതന്നെ സമീപിക്കാം,

Sunil George സുനിൽ ജോർജ്

ഫാഷൻ ഡിസൈനിംഗും സിനിമയും നേരത്തെ മനസിലുണ്ടായിരുന്നോ?

ഡിസെനിംഗ് ചെറുപ്പം മുതലേ മനസിലുണ്ടായിരുന്നു. അതെന്റെ രക്തത്തോട് അലിഞ്ഞു ചേർന്നിരിക്കുന്നതാണെന്നു തോന്നുന്നു. സിനിമയോട് അന്നും അത്ര ആവേശമൊന്നും ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് പെട്ടെന്ന് ആവശ്യം വരും. ഒരുദിവസം വിളിച്ചു ചിലപ്പോൾ നാളത്തേക്ക് ഇത്രയും വസ്ത്രങ്ങൾ ആവശ്യമാണെന്നൊക്കെ പറയും. കൂടുതലും സ്ക്രിപ്റ്റ് വായിച്ച് ഗാർമെന്റ്സ് ഒക്കെ നേരത്തെതന്നെ തയ്യാറാക്കി വയ്ക്കുകയാണ് പതിവ്. അതാണിഷ്ടവും. സിനിമ സാധാരണ ഫാഷൻ ഡീസൈനിംഗിൽ നിന്നുംവിട്ട് കുറച്ചുകൂടി ചലഞ്ചിംഗ് ആണെന്നു പറയാം. ‌

മമ്മൂട്ടി, പൃഥ്വിരാജ്. ജയസൂര്യ എങ്ങനെയുണ്ടായിരുന്നു ഇവർക്കൊപ്പമുള്ള വർക്?

ജയസൂര്യയ്ക്കൊപ്പം എനിക്കധികം ചെയ്യേണ്ടി വന്നിട്ടില്ല. സുസു സുധീ വാതത്മീകത്തിൽ ജയസൂര്യയ്ക്കു വേണ്ടി ഡിസൈൻ ചെയ്തതു ഭാര്യ സരിതയാണല്ലോ. പിന്നെ അനാർക്കലിയിൽ പൃഥ്വിരാജിനൊപ്പം ചെയ്തപ്പോൾ പൃഥ്വി കുറച്ചുകൂടി പർട്ടിക്കുലർ ആണെന്നു തോന്നിയിട്ടുണ്ട്. ഓരോ സീനുകളിൽ താൻ എന്തൊക്കെ ധരിക്കണമെന്നു ധാരണയും അതിനുവേണ്ടി എഫർട്ട് എടുക്കുകയും ചെയ്യുന്നയാളാണ്. അനാർക്കലിയുടെ സമയത്ത് ഞാൻ തിരഞ്ഞെടുക്കുന്ന ഓരോ വസ്ത്രങ്ങളും വാട്സ്ആപ് വഴി അയച്ചു കൊടുക്കുമായിരുന്നു അപ്പോൾ അതിന്റെ ഐഡിയാസും സജഷൻസുമൊക്കെ പറയും.

Sunil George സുനിൽ ജോർജ് മമ്മൂട്ടിയ്ക്കൊപ്പം

വർഷത്തിലാണെങ്കിൽ മമ്മൂക്കയുടെ പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനര്‍ കുമാറിനൊപ്പമാണു ചെയ്തത്. മമ്മൂക്കയെ ദൂരേനിന്നു കാണുമ്പോഴേ പേടിയായിരുന്നു. അടുത്തെങ്ങാനും എത്തുമ്പോൾ വഴിമാറിപ്പോവാൻ വരെ തോന്നും. കാരണം നമ്മൾ കുട്ടിക്കാലം തൊട്ടേ ആരാധിച്ചിട്ടുള്ള ഒരു മനുഷ്യനെ നേരിട്ടു കാണുകയല്ലേ.. അദ്ദേഹം ഞാൻ ചെയ്ത വസ്ത്രങ്ങളും ധരിക്കുന്നുവെന്നു പറയുന്നതിൽപ്പരം സന്തോഷമുണ്ടോ.

ഇഷ്ടമുള്ള കോമ്പിനേഷൻ?

ബ്ലൂ ആൻഡ് ബ്രൗണ്‍, ബ്ലാക്ക് ആൻഡ് വൈറ്റ്

കുടുംബം?

അമ്മയും ഞാനും അടങ്ങുന്നതാണു കുടുംബം. കൊച്ചിയില്‍ താമസിക്കുന്നു.

വിവാഹം? ഭാവി ഭാര്യയെക്കുറിച്ചുള്ള സങ്കൽപങ്ങൾ?

ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. സമയമാകട്ടെ, പറ്റിയ പെൺകുട്ടി വരട്ടെ അപ്പോള്‍ കല്യാണം കഴിക്കാം. പിന്നെ ഭാവി ഭാര്യ കുറച്ചു ബോള്‍ഡ് ആൻഡ് ബബ്ലി, സ്മാർട് ആകണമെന്നാഗ്രഹമുണ്ട്.

പേഴ്സണലി എത്തരം വസ്ത്രങ്ങളോടാണ് പ്രിയം?

എനിക്ക് ഞാൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ തന്നെ വേണമെന്നൊന്നും ഇല്ല. ഇന്റർനാഷണൽ ഡിസൈനർമാരുടെ നിരവധി ആക്സസറീസ് എനിക്കുണ്ട്. അവ ധരിക്കുമ്പോൾ അവരൊക്കെ എന്റെ കൂടെയുള്ള ഒരു ഫീലിംഗ് തോന്നും

Sunil George സുനിൽ ജോർജ്

പുതിയ പ്രൊജക്റ്റ്സ്?

വിപിൻ ആറ്റ്ലി‍യുടെ പ്ലേബോയ് ആണ് വരാനിരിക്കുന്ന ചിത്രം ഒപ്പം രണ്ടുമൂന്നു ചിത്രങ്ങൾ ചർച്ചയിലുമാണ്. കൂടുതൽ ഒന്നും വെളിപ്പെ‌ടുത്താറായിട്ടില്ല. അനാർക്കലിയു‌ം സു സു സുധീ വാത്മീകവും വന്നതുകൊണ്ട് നാലോളം ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല.

സിനിമ മാത്രമല്ല കലയെ സ്നേഹിക്കുന്ന ഈ കലാകാരൻ അടുത്ത വർഷം ഒരു ആർട്ട് എക്സിബിഷൻ നടത്താനുള്ള തയ്യാറെടുപ്പിലാണ്. അതിനൊപ്പം അധികം വൈകാതെ കൊച്ചി ആസ്ഥാനമായി സ്വപ്നമായ ഫാഷൻ ബോട്ടീക്കും ആരംഭിക്കും. ഫാഷൻ ഡിസൈനർ ആയതുകൊണ്ടു കൂടി കേരളത്തിലെ ജനങ്ങളോടും ചില ഫാഷൻ ടിപ്സ് പറയാനുണ്ട് സുനിലിന്. മറ്റൊന്നുമല്ല അവസരങ്ങൾക്കനുസരിച്ച് വസ്ത്രം ചെയ്യാൻ ശീലിക്കണമെന്നാണു പറയുന്നത്. കല്യാണത്തിനു പോകേണ്ട വേഷത്തിൽ ടൂറിനു പോകുന്ന പോലാവരുത്. നാം വൃത്തിയായി മനോഹരമായി വസ്ത്രം ധരിച്ചാൽ മാത്രമേ കാണുന്നവർക്കും സന്തോഷമാകൂ, പറഞ്ഞു നിർത്തുന്നു മലയാള സിനിമയിൽ വസ്ത്രങ്ങൾ കൊണ്ട് വസന്തം തീർക്കുന്ന കലാകാരൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.