ആ അപകടം എന്നെ തളർത്തി, പിന്നീട് വളർത്തി : സുധാ ചന്ദ്രൻ

സുധാ ചന്ദ്രൻ

നൃത്തത്തെ ജീവിതമായി കണ്ട പെൺകുട്ടി. പഠനത്തിൽ ബഹുമിടുക്കിയായിരുന്നിട്ടും നൃത്തം എന്ന സ്വപ്നത്തിനു വേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും പരിശീലിച്ചവൾ. നൃത്തം സപര്യയാക്കി ഒഴുകി നടക്കുന്നതിനിടയിൽ എപ്പോഴോ വിധി ശത്രുവായി. ഒരപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റി. രണ്ടുകാലുമില്ലാത്ത പെൺകുട്ടി നൃ‍ത്തം ചെയ്യുന്നതെങ്ങനെ? തോറ്റു പിന്മാറിയില്ല, തന്നെ തോൽപ്പിച്ച വിധിയെ തിരിച്ചു തോൽപ്പിക്കാൻ മനസുറച്ചു പോരാടിയ ആ പെൺകുട്ടിയാണ് ഇന്നത്തെ പേരുകേട്ട നർത്തകി സുധാ ചന്ദ്രൻ. മയൂരി എന്ന ഒരൊറ്റ ചിത്രത്തിലൂടെ സ്വന്തം കഥ അവതരിപ്പിച്ചു കൊണ്ടുതന്നെ സിനിമാലോകത്തേക്കു കടന്ന ധീരയായ വനിത. നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ ഒരു ഫേസ്ബുക്ക് പേജിനു വേണ്ടി പോസ്റ്റു ചെയ്ത തന്റെ ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

സുധാചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മൂന്നര വയസോടെയാണ് ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങിയത്. സ്കൂളും ഡാൻസ് പഠനവുമൊക്കെ കഴിഞ്ഞ് 9.30യോടെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്. അങ്ങനെയായിരുന്നു എന്റെ ആദ്യകാലജീവിതം. പത്താംക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക് ഉണ്ടായിരുന്നെങ്കിലും ഉപരിപഠനത്തിനു സയൻസ് തിരഞ്ഞെടുക്കുന്നതിനു പകരം ആർട്സ് ആണ് ഞാൻ തിരഞ്ഞെടുത്തത്, എന്നാൽ മാത്രമേ എനിക്കു ഡാന്‍സ് പരിശീലനം നടക്കുമായിരുന്നുള്ളു. ഇക്കാലത്ത് ഞാൻ ചില പരിപാടികളിലും നൂറോളം സ്റ്റേജ് ഷോകളുമൊക്കെ ചെയ്തുവന്നു.

സുധാ ചന്ദ്രൻ

ട്രിച്ചിയിൽ നിന്നും ബസിൽ വരുന്നതിനിടെയാണ് ഞങ്ങൾ ഒരു വലിയ അപകടത്തിൽ പെട്ടത്, അപകടത്തിൽ ഏറ്റവും കുറച്ച് പരിക്കേറ്റയാളായിരിക്കും ഞാൻ. രോഗികളുടെ പ്രവാഹം കാരണം എന്നെ ഇന്റേൺഷിപ് ചെയ്യുന്നവരാണ് നോക്കിയത്, അവർ എന്റെ വലതു കണങ്കാലിലെ വലിയ മുറിവു ശ്രദ്ധിക്കാതെ പൊതിഞ്ഞു പിടിച്ചു. ഇതു പിന്നീട് കാൽപാദത്തിൽ പഴുപ്പു വ്യാപിക്കാൻ കാരണമായി. ശരീരത്തിലാകമാനം പടർന്നാലോ എന്ന ഭയം മൂലം എന്റെ വീട്ടുകാർ വലതുകാൽപാദം മുറിച്ചുമാറ്റുകയെന്ന വിഷമകരമായ ദൗത്യം കൈക്കൊണ്ടു. ഞാനാകെ തകർന്നു പോയിരുന്നു, കാരണം അന്നാണു ഞാൻ നൃത്തത്തെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്നു മനസിലാക്കിയത്. വീണ്ടും പിച്ചവച്ചു നടക്കാൻ പഠിച്ചു, ശരിയായി നടക്കാൻ നാലുമാസമാണു ഞാൻ എടുത്തത്. ജയ്പൂർ കാലു ലഭിച്ചപ്പോഴും പഴയപടിയാകുവാൻ മൂന്നു വർഷത്തെ ഫിസിയോതെറാപ്പി വേണ്ടി വന്നു. എനിക്കോർമയുണ്ട് അന്നൊക്കെ പലരും വന്നു പറയുമായിരുന്നു നിന്റെ സ്വപ്നങ്ങൾ സത്യമാകുവാൻ കഴിയില്ലല്ലോയെന്നതു സങ്കടം തന്നെയാണ്, നിനക്കു നൃത്തം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു എന്നൊക്കെ, അങ്ങനെയാണ് ഞാൻ നൃത്തം വീണ്ടും അഭ്യസിക്കുവാൻ തീരുമാനിക്കുന്നത്.

അതു വളരെ സാവധാനവും വേദനാജനകവുമായ പ്രക്രിയയായിരുന്നു, പക്ഷേ ഓരോ ചുവടിലും ഞാൻ പഠിച്ചു ഇതാണ് എനിക്കു വേണ്ടതെന്ന്. അവസാനം ഒരു ദിവസം ഞാൻ വീണ്ടും പെർഫോം ചെയ്യാൻ തയ്യാറാണെന്ന് അച്ഛനെ അറിയിച്ചു. അദ്ദേഹം അക്ഷരാർഥത്തിൽ ഞെട്ടി. ഞായറാഴ്ച്ച സെന്റ് സേവ്യേഴ്സ് കോളേജിൽ പെർഫോം ചെയ്യുന്ന ദിവസം വന്ന പത്രതലക്കെട്ട് ഇങ്ങനെയായിരുന്നു, ''ലൂസസ് എ ഫൂട്ട്, വാക്സ് എ മൈൽ''. സ്റ്റേജില്‍ പോകുന്നതിനു മുമ്പായി ഞാൻ നെർവസ് ആകുമ്പോൾ ദൈവം നിന്റെ കൂടെയുണ്ടാകും അദ്ഭുതം സംഭവിക്കും എന്നു പറഞ്ഞ് മുത്തശ്ശി സമാധാനിപ്പിക്കും. പക്ഷേ അപ്പോൾ ഞാൻ മുത്തശ്ശിയോടു ദേഷ്യപ്പെടും ദൈവമുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ഒരിക്കലും എന്നോടിതു ചെയ്യുമായിരുന്നില്ല എന്ന്. ‌

സുധാ ചന്ദ്രൻ

വിശ്വസിച്ചാലും ഇല്ലെങ്കിലും ഷോ അവസാനിച്ചു, വാരണ്യം ഞാൻ അനായാസം തന്നെ അവതരിപ്പിച്ചു. വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്റെ കാൽപാദത്തിൽ തൊട്ടുപറഞ്ഞു ഞാൻ സരസ്വതി ദേവിയുടെ കാലുകളാണു തൊടുന്നത്,കാരണം അസാധ്യമായ കാര്യമാണു നീ ചെയ്തത് ആ നിമിഷമാണ് എന്നെ ഏറെ സ്പർശിച്ചത്. അതിനു ശേഷമാണ് എനിക്കു മാധ്യമങ്ങളിൽ നിന്ന് ഒട്ടേറെ ബഹുമാനം ലഭിക്കുന്നത്. എന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അഭിനയിക്കാനും ഇന്നെനിക്കുള്ള എല്ലാ ഭാഗ്യങ്ങളും ലഭിച്ചു. എന്റെ മുത്തശ്ശി പറഞ്ഞതു സത്യമായിരുന്നു, ദൈവം എന്റെ കൂടെയുണ്ട്. അന്നു ഞാനതു കണ്ടില്ലെങ്കിലും അദ്ദേഹം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു അതാണ് ജീവിതത്തിലെ വിരോധാഭാസം.