മതിയായ പ്രതിഫലം നൽകാത്തവർക്കു വേണ്ടി സ്ത്രീകള്‍ പണിയെടുക്കേണ്ട: സോനം കപൂർ

ഫാഷനും ട്രെൻഡ്സും മാത്രമാണ് ബോളിവുഡ് സുന്ദരിമാരുടെ മനസിലെന്നു കരുതിയെങ്കിൽ തെറ്റി. ചിലരെങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും വേണ്ടി അഭിപ്രായങ്ങൾ രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ബോൾഡ് ആൻഡ് ബ്യൂട്ടിഫുള്‍ സോനം കപൂറാണ് ഇപ്പോൾ സ്ത്രീകൾക്കു വേണ്ടി വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തുച്ഛമായ പ്രതിഫലം നൽകുന്നവര്‍ക്കു വേണ്ടി സ്ത്രീകൾ പണിയെടുക്കേണ്ടെന്നാണ് സോനം പറഞ്ഞത്. തുല്യവേതനത്തെപ്പറ്റി പരാതി പറയുന്നതു നിർത്തി അത്തരക്കാർക്കു വേണ്ടി പണിയെടുക്കുന്നത് അവസാനിപ്പിക്കാനാണ് സോനം പറയുന്നത്.

നിങ്ങൾക്ക് അർഹമായ കാര്യമാണെന്ന് തോന്നുന്നുണ്ടെങ്കിൽ അതിനു വേണ്ടി പോരാടുകയാണു വേണ്ടത്, അതിനുള്ള ഏറ്റവും നല്ല വഴി പണിയെടുക്കാതിരിക്കുന്നതു തന്നെയാണ്. അതേസമയം താൻ തീർത്തും ഒരു ഫെമിനിസ്റ്റ് ആണെന്നും അതിൽ ഒ‌ട്ടും നാണിക്കുന്നില്ലെന്നും സോനം പറഞ്ഞു. ഭയമില്ലാതെ നിങ്ങൾ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങൾക്കു വേണ്ടി നിലകൊള്ളുകയാണ് ഫെമിനിസ്റ്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. തന്നെ കരുത്തയും കഴിവുള്ളവളുമായ വ്യക്തിയാക്കിത്തീർത്തതിൽ അച്ഛൻ അനിൽ കപൂറിനു വലിയ പങ്കുണ്ടെന്നും സോനം പറഞ്ഞു.

അടുത്തിടെ നടിമാരായ പരിണീതി ചോപ്ര, കത്രീന കൈഫ് എന്നിവർ തങ്ങൾ ഫെമിനിസ്റ്റ് അല്ലെന്നു പറഞ്ഞത് നിരവധി വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. അവരിൽ നിന്നും വ്യത്യസ്തയാവുകയാണ് വ്യക്തമായ നിലപാടിലൂടെ സോനം കപൂർ.