അസഹിഷ്ണുതയെ ആട്ടിയോടിക്കാൻ റിമയുടെ ചുവടുകൾ

ഫാസിസത്തിനെ‌തിരെ സംഘടിപ്പിച്ചിരിക്കുന്ന മനുഷ്യ സംഗമത്തിൽ വ്യത്യസ്തമായ പങ്കാളിത്തവുമായി നടി റിമാ കല്ലിങ്കലും സംഘവും. ഈ മാസം ഇരുപതിന് കൊച്ചി ടൗൺഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന മനുഷ്യ സംഗമത്തിൽ അസഹിഷ്ണുതയെ നൃത്തത്തിലൂടെ ആട്ടിയോടിക്കുവാനാണ് റിമയും സംഘവും എത്തുന്നത്. എല്ലാരും ആ‌ടണ് എന്നു പേരിട്ടിരിക്കുന്ന സമരനൃത്തം കണ്ടുപഠിക്കുന്നതിനായി യൂട്യൂബിൽ ലളിതമായ നൃത്തച്ചുവടുകളുടെ വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. നൃത്തം പഠിക്കാത്തവർക്ക് വിഡിയോ കണ്ട് പരിശീലിച്ച് സമരദിവസം പങ്കാളികളാക്കുക ലക്ഷ്യമിട്ടാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പരിശീലിച്ചതിനു ശേഷം എല്ലാരും ആ‌ടണ് എന്ന ഹാഷ്ടാഗോടെ പരിശീലന വിഡിയോ പങ്കുവെയ്ക്കാനും താരം ആവശ്യപ്പെടുന്നുണ്ട്.

റിമയ്‌ക്കൊപ്പം മൈഥിലി, സ്രിന്ദ, മുത്തുമണി തുടങ്ങിയവരടക്കം നിരവധി കലാകാരന്മാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിച്ചു. ആദിവാസി നേതാവ് സി.കെ ജാനു സാമൂഹ്യപ്രവര്‍ത്തകയും സംവിധായികയുമായ ലീന മണിമേഖല തുടങ്ങിയവരും റിമയ്‌ക്കൊപ്പം നൃത്തം െചയ്യാനുണ്ടാകും. പുതിയൊരു സമര ചരിത്രം രചിക്കുകയാണ് സംഘനൃത്ത സമരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പിന്നണി പ്രവർത്തകർ പറയുന്നു. 16ന് ഡർബാർഹാൾ ഗ്രൗണ്ടിൽ നടക്കുന്ന പബ്ലിക് റിഹേഴ്‌സലിന് റിമതന്നെയാണ് നേതൃത്വം നൽകുക. പീപ്പിള്‍ എഗെയ്ൻസ്റ്റ് ഫാസിസം എന്ന പേരിൽ നാൽപതോളം സംഘടനകൾ ചേർന്നാണ് മനുഷ്യ സംഗമം ന‌ടത്തുന്നത്.