എട്ടുവർഷം ശീതീകരിച്ചു സൂക്ഷിച്ച അണ്ഡത്തിൽനിന്ന് മുൻ ലോകസുന്ദരി അമ്മയായി!

ഡയാന ഹെയ്ഡൻ

ഗ്ലാമർ ലോകത്തെ തിരക്കുകളിൽ മുഴുകുന്ന പലരും കുടുംബവും കുട്ടികളുമെല്ലാം ബാധ്യതയാണെന്നു കരുതുന്നവരാണ്. മുൻ ലോകസുന്ദരി ഡയാന ഹെയ്ഡൻ അമ്മയായതാണ് സൗന്ദര്യ ലോകത്തെ പുതിയ വിശേഷം. ഡയാനയുടെ മാതൃത്വം തന്നെയാണ് ഗ്ലാമർ, മെഡിക്കൽ ലോകത്തെ ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല ഡയാന തന്റെ കുഞ്ഞിനു ഗർഭം നൽകിയത് എട്ടു വർഷമായി ശിതീകരിച്ചു സൂക്ഷിച്ച അണ്ഡത്തിൽ നിന്നുമാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാൽപതുകാരിയായ ഡയാന ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്.

32ാം വയസിലാണ് ഡയാന ആദ്യമായി അണ്ഡം ശിതീകരിച്ചു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ചു കേൾക്കുന്നത്. 2007 ഒക്ടോബറിനും 2008 മാർച്ചിനും ഇടയിലായി ഇൻഫെരിട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോക്ടർ നന്ദിത പാൽഷേത്കർ വഴി പതിനാറോളം അണ്ഡങ്ങളാണ് ഡയാനയുടേതായി ശിതീകരിച്ചു സൂക്ഷിച്ചത്. കരിയറിൽ തിരക്കായതും ജീവിത പങ്കാളിയെ കണ്ടെത്താൻ വൈകുമെന്നതുമാണ് അണ്ഡം ശിതീകരിച്ചു സൂക്ഷിക്കാൻ തീരുമാനിക്കാൻ കാരണമായതെന്ന് ഡയാന പറയുന്നു.

രണ്ടു വർഷം മുമ്പ് അമേരിക്കക്കാരനായ കോളിൻ ഡിക്കിനെ വിവാഹം കഴിച്ച ഡയാനയെ പിന്നീട് ഗർഭപാത്രത്തെ ബാധിക്കുന്ന എൻഡോമെട്രിയോസിസ് രോഗം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന് 3.7കി.ഗ്രാം തൂക്കവും 55സെ.മീ നീളവുമുണ്ടെന്ന് ഡയാന പറഞ്ഞു. കരിയറില്‍ നേട്ടങ്ങൾ കൊയ്യാനായി ഗർഭധാരണം വൈകിക്കുന്ന സ്ത്രീകൾക്ക് പ്രതീക്ഷയാവുകയാണ് ഡയാനയുടെ അനുഭവം.