സീരിയലുകളെ അത്രയ്ക്ക് പരിഹസിക്കണ്ട: ഗായത്രി അരുൺ

ഗായത്രി അരുൺ

സീരിയലുകളെ കളിയാക്കി അടുത്തിട‌െ യുവനടിയും സുഹൃത്തുക്കളും പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സീരിയലുകളിലേത് അതിഭാവുകത്വം നിറഞ്ഞ അഭിനയമാണെന്നും യാഥാർഥ്യം തൊട്ടു തുളുമ്പാത്തതാണെന്നും വ്യക്തമാക്കുന്നൊരു വിഡിയോ ആയിരുന്നു അത്. സീരിയലുകളെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള ആ വിഡിയോ ഞൊടിയിടയിലാണ് സമൂഹമാധ്യമത്തിൽ തരംഗമായത്. എന്നാൽ വിഡിയോ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരവും പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന ഗായത്രി അരുൺ.

ഒരേ മേഖലയിൽ നിന്നുള്ളവര്‍ തന്നെ ഇത്തരത്തിൽ പരിഹസിക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നുവെന്നു ഗായത്രി മനോരമ ഓൺലൈനിനോ‌ടു പറഞ്ഞു. സീരിയലുകളിലും വളരെ ആത്മാർഥമായി കഷ്ട്ടപ്പെട്ടു തന്നെയാണ് അഭിനയിക്കുന്നത്. ഒരു പ്രൊഫഷനെയും കുറച്ചു കാണുക എന്നതൊരു ശരിയായ രീതിയായി തോന്നുന്നില്ല. ഓരോന്നിനും ഓരോ പാറ്റേൺ ആണുള്ളതെന്നു മനസിലാക്കണം, സീരിയലും സിനിമയും നാടകവുമൊക്കെ അവതരിപ്പിക്കുന്നത് വ്യത്യസ്തമായിട്ടാണ്. അഭിനേതാക്കൾ തന്നെ അതു മനസിലാക്കുന്നില്ലെങ്കിൽ പിന്നെ ഫേസ്ബുക്കിൽ ചീത്തവിളിക്കുന്ന സാധാരണക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?

ഒന്നോ രണ്ടോ സിനിമകൾ ചെയ്തതിന്റെ ബലത്തിൽ സീരിയലുകളെ താഴ്ത്തിക്കെട്ടുന്നതു ശരിയല്ല, നാളെ ചിലപ്പോള്‍ അവർക്കും സീരിയലുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചേക്കാം. ആരെയും പേരെടുത്തു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയ രംഗത്തുള്ളവർ തന്നെ കളിയാക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്രയും പറയുന്നതെന്നും ഗായത്രി കൂട്ടിച്ചേർത്തു. സിനിമകളിലേതു പോലെ സീരിയലുകളിലും നല്ല സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. അതു കാണാൻ ഇഷ്ടമില്ലാത്തവർ ദയവു ചെയ്ത് ഉപേക്ഷിക്കുകയാണു വേണ്ടതെന്നും ഇതു തങ്ങളുടെ തൊഴിലാണെന്നും പറയുന്നു ഗായത്രി.