ബർത്ഡേ സെൽഫിയുമായി കിങ്ഖാൻ

അമ്പതാം പിറന്നാൾ നിറവിൽ അസലൊരു സെൽഫിയുമായി ആരാധകർക്കു മുന്നില്‍ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ. ബാന്ദ്രയിലെ വസതിയ്ക്കു കീഴെ ആർപ്പുവിളിക്കുന്ന ആരാധകർക്കും ക്യാമറാ ക്ലിക്കുകൾക്കും ഇടയിൽ നിന്നൊരു പെർഫെക്റ്റ് സെല്‍ഫിയാണ് ഷാരൂഖ് ഫേസ്ബുക്കിൽ പങ്കുവച്ചത്. താരത്തിന് സ്നേഹ സമ്മാനങ്ങളും ആശംസകളുമായി പിറന്നാൾ രാവു ഗംഭീരമാക്കുവാൻ തലേന്നുതന്നെ ബാന്ദ്രയിലെ വസതിയ്ക്കു മുന്നിൽ ആരാധകർ തടിച്ചുകൂടിയിരുന്നു.

ക്ലോക്കിൽ മണി പന്ത്രണ്ട് അടിച്ചപ്പോഴേ തുടങ്ങി, കോമഡിയും ഹീറോയിസവും റൊമാന്‍സും തനിക്ക് ഒരുപോലെ വഴങ്ങുമെന്നു തെളിയിച്ചു നുണക്കുഴിച്ചിരിയുമായി സിക്രീനിൽ നിറഞ്ഞു നിന്ന താരത്തിന്റെ പിറന്നാൾ ആഘോഷം. ഭാര്യ ഗൗരി ഖാനും മക്കളായ സുഹാനയ്ക്കും ആര്യനുമൊപ്പം നിന്നു കേക്ക് മുറിക്കുന്ന ചിത്രം ഗൗരി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവക്കുകയും ചെയ്തു.

കുടുംബവുമൊത്തുള്ള നല്ല നിമിഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവെക്കുവാൻ പരമാവധി ശ്രമിക്കാറുള്ള താരമാണ് ഷാരൂഖ്. ആഘോഷങ്ങൾക്കൊടുവില്‍ തനിക്ക് ആശംസകളുമായെത്തിയ ആരാധകർക്കു നേരെ അഭിവാദ്യമർപ്പിക്കാനും താരം മറന്നില്ല. വിശേഷ ദിനത്തിൽ തന്നെ ആശംസിച്ച ആരാധകർക്കു നന്ദിയർപ്പിച്ച് ഫേസ്ബുക്കിൽ വിഡിയോ പങ്കുവെക്കുകയും ചെയ്തു അദ്ദേഹം.