ഹിലരിയുടെ പവർ ഡ്രസ്സിങ്ങിനെ വെല്ലാൻ ആരുണ്ട്?

പ്രമുഖ ഫാഷൻ ഡിസൈനർ വിക്ടോറിയ ബെക്കാമിന് ഒരു സ്വപ്നമുണ്ട്, യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥി ഹിലരി ക്ലിന്റനു വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുക. ലോകത്തിലെ മികച്ച ഡിസൈനർമാരെല്ലാം ഈ സ്വപ്നമുള്ളവരാണ്. ഹിലരിയുടെ പവർ ഡ്രസ്സിങ് സ്റ്റൈലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഡിസൈനർമാർ ഫാഷൻ വീക്കുകളിൽ കലക്‌ഷൻസ് അവതരിപ്പിക്കുന്നതു പോലും.

പവർ ഡ്രസിങ്
അധികാരത്തിന്റെ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന സ്ത്രീകളുടെ സ്റ്റൈലായ പവർ ഡ്രസ്സിങ്ങാണു ഹിലരിക്കും പ്രിയം. ഗൗൺ പോലുള്ള വസ്ത്രങ്ങൾ അവരുടെ ശേഖരത്തിൽ കാര്യമായില്ല. യുഎസിന്റെ പ്രഥമവനിതയായിരുന്നപ്പോൾ പോലും അപൂർവമായേ അവർ ഗൗൺ ധരിച്ചിരുന്നുള്ളൂ. സ്‍ലീവ്‍ലെസും ഹിലരിയുടെ ചോയ്സ് അല്ല. ഫുൾ സ്‌ലീവ് അല്ലെങ്കിൽ ത്രീ ഫോർത്ത് സ്‍ലീവ് ടെയ്‍ലേഡ് ജാക്കറ്റുകൾ ധരിച്ച് അവർ പൊതുവേദികളിൽ തിളങ്ങുന്നു. പാന്റ് സ്യൂട്ടുകളാണു ഹിലരിയുടെ സിഗ്നേച്ചർ സ്റ്റൈൽ. അതിൽ തന്നെ മോണോക്രോം (വസ്ത്രം മുഴുവൻ ഒരേ നിറത്തിലോ അല്ലെങ്കിൽ ഒരേ നിറത്തിന്റെ പല ഷേഡുകളിലോ ഉള്ളത്) സ്റ്റൈലാണ് അവർ മിക്കവാറും തിരഞ്ഞെടുക്കുക. മോണോക്രോം സ്റ്റൈൽ തെറ്റിക്കുന്ന അപൂർവ അവസരങ്ങളിൽ അവർ കറുപ്പുനിറത്തെ കൂട്ടുപിടിക്കുന്നു.

മോക്ക ബ്രൗൺ, ഐവറി, മിന്റ് ഗ്രീൻ, ഗ്രേ പോലെ അൽപ്പം ഗൗരവപ്രകൃതിയുള്ള നിറങ്ങളായിരുന്നു ഹിലരിയുടെ ആദ്യകാല ശേഖരത്തിൽ ഏറെയും. എന്നാൽ, അടുത്തകാലത്തായി കൊബാൾട്ട് ബ്ലൂ, ബ്രൈറ്റ് ഓറഞ്ച്, ചെറി റെഡ്, എമറാൾഡ് ഗ്രീൻ, പിങ്ക് പോലുള്ള കടുംനിറങ്ങളിലേക്ക് അവർ ചുവടുമാറ്റം നടത്തിയിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മനോഹരിയായി പ്രത്യക്ഷപ്പെടാൻ ഈ മാറ്റം അവരെ ഏറെ സഹായിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് അവരുടെ ഡിസൈനർ നിന മക്‌ലെമൂർ ആണെന്നാണു പറയുന്നത്. സ്റ്റാൻഡ് അപ് കോളർ (മടക്കിവയ്ക്കാതെ കഴുത്തിലേക്ക് ഉയർന്നുനിൽക്കുന്ന തരം കോളർ) ആണു നിനയുടെ ജാക്കറ്റുകളുടെ പ്രത്യേകത. ഇവ കാഴ്ചയിൽ തന്നെ ആത്മവിശ്വാസം ധ്വനിപ്പിക്കുമത്രേ. ഹിലരി ഇത്തരം ജാക്കറ്റുകൾ പല വേദികളിലും പരീക്ഷിച്ചുകഴിഞ്ഞു.

‘സിംപിൾ ബട്ട് എലിഗന്റ്’ 
ആഭരണങ്ങളുടെ കാര്യത്തിൽ അതാണു ഹിലരിയുടെ സ്റ്റൈൽ. മാല, സ്റ്റഡ്സ്, ബ്രേസ്‌ലെറ്റ് എന്നതിൽ ഒതുങ്ങുന്നു അവരുടെ ആഭരണ ഫാഷൻ.

ലൈക്ക് എ റെഡ് റോസ്
ആദ്യ തിരഞ്ഞെടുപ്പു സംവാദവേദിയിൽ ഡമോക്രാറ്റ് സ്ഥാനാർഥിയായ ഹിലരി, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ മലർത്തിയടിച്ചതിനു പിന്നിൽ അവരുടെ ഡ്രസ്സിങ്ങിനും ശരീരഭാഷയ്ക്കും കൂടി പ്രാധാന്യമുണ്ട്. ചുവന്ന നിറത്തിലുള്ള ടെയ്‍ലേഡ് പാന്റ് സ്യൂട്ട് ധരിച്ചു വളരെ പ്രസന്ന മുഖത്തോടെയാണു ഹിലരി, ട്രംപിനെ നേരിട്ടത്. മാറ്റ് ഫിനിഷുള്ള ചുവന്ന ലിപ്സ്റ്റിക്കും ഇളംനീല നിറമുള്ള മിഴികളിൽ നീല ഐലൈനറും കൂടിയായപ്പോൾ ഹിലരിക്കു കാഴ്ചയിൽ തന്നെ മേൽക്കയ്യായി. നേർത്ത സ്വർണമാലയും ചങ്ങല പോലുള്ള ബ്രേസ്‍ലെറ്റും ഹിലരിയുടെ കുലീനതയ്ക്കു മാറ്റുകൂട്ടി.

വൈറ്റ് ഹൗസിൽ ആദ്യ വനിതാ പ്രസിഡന്റ് എത്തുമോയെന്നറിയാൻ ലോകം കാത്തിരിക്കുമ്പോൾ ഫാഷൻ പ്രേമികളും കാത്തിരിപ്പിലാണ്, പവർ ഡ്രസ്സിങ്ങിൽ ഹിലരിയുടെ അടുത്ത നമ്പർ എന്താണെന്ന് അറിയാൻ...