ഭർത്താവായാൽ പോരാ, ഇടയ്ക്കിടെ ഭാര്യയ്ക്ക് സർപ്രൈസുകൾ നൽകി ഞെട്ടിച്ചുകൊണ്ടിരിക്കണം. ചുമ്മാ സർപ്രൈസുകൾ പോര. ടിവി റിയാലിറ്റി ഷോ താരം കിം കർദാഷിയാന് ഭർത്താവ് കന്യെ വെസ്റ്റ് നൽകിയതുപോലെയുള്ള കിടിലൻ സർപ്രൈസ്. കിമ്മിന്റെ മുപ്പത്തഞ്ചാം പിറന്നാളിനാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കിമ്മിന്റെ പിറന്നാൾ പ്രമാണിച്ച് വെസ്റ്റ് എന്തു ചെയ്തെന്നോ? കിമ്മിന്റെ അമ്മയെയും സഹോദരിമാരെയും വിളിച്ചുകൂട്ടി ലോസ് ആഞ്ചൽസിലെ വെസ്റ്റ്ലേക്ക് തീയറ്ററിൽ ഒരു സ്പെഷൽ സിനിമ പ്രദർശനം വച്ചു. കിമ്മും ഭർത്താവും ഒരുമിച്ചാണ് തീയറ്ററിൽ എത്തിയത്. ഭാര്യയും ഭർത്താവും പരസ്പരം മാച്ച് ചെയ്യുന്ന മോഡേൺ വേഷങ്ങളിൽ ആയിരുന്നു വരവ്.
അവരെ കാത്ത് തീയറ്ററിൽ അന്നേരം റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ചിത്രം പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. കിമ്മും കന്യെയും പ്രണയപൂർവം തീയറ്ററിലേക്ക്. അവിടെയതാ സമ്മാനങ്ങളുടെ നീണ്ട നിര. എല്ലാ സമ്മാനങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് ഗിൽറ്റ് പേപ്പറിൽ പൊതിഞ്ഞുവച്ചിരുന്നു. കിമ്മിന്റെ കൈപിടിച്ച് കന്യെ അകത്തെത്തിയപ്പോൾ ആകാശത്തു നിന്ന് പുഷ്പവൃഷ്ടി പോലെ അവരുടെ ദേഹത്തേക്ക് പൂക്കൾ വാരിവിതറി. തീയറ്ററിനകത്ത് എല്ലാവരും ചേർന്ന് ഹാപ്പി ബെർത്ത് ഡേ പാട്ടു പാടി കയ്യടിയോടു കയ്യടി. പിന്നെ എല്ലാരും ചേർന്ന് ഫോട്ടോയെടുപ്പും സെൽഫിയെടുപ്പും ഒടുവിൽ കന്യെ ഭാര്യ കിമ്മിനെ പൊക്കിയെടുത്തു ഒടുക്കത്തെ റൊമാന്റിക് സെൽഫി. എന്താ ഇങ്ങനെ സർപ്രൈസ് ട്രീറ്റ് നൽകി ഭാര്യയെ ഞെട്ടിക്കുന്നോ?