ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഹുമ ഖുറേഷി

ബോളിവുഡിലെ സ്ഥിരം ചോക്കലേറ്റ് നായകന്മാരല്ല, എല്ലാവരും തനി ഗുണ്ടാസ്റ്റൈലിൽ എത്തുന്ന ‘ഗാങ്സ് ഓഫ് വസേയ്പുർ’ എന്ന ചിത്രം. അത്തരമൊരു സിനിമയിലേക്കു പറ്റിയ ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ നായികയെ തേടി നടന്ന സംവിധായകൻ അനുരാഗ് കശ്യപ് ഒരു മൊബൈൽ കമ്പനിയുടെ പരസ്യചിത്രത്തിനു മുന്നിൽ കുറച്ചു നേരമൊന്നു നിന്നു പോയി. ആ പരസ്യത്തിൽ ആമിർഖാനുമൊത്ത് ചുമ്മാ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ഹുമ ഖുറേഷിയെന്ന പെൺകുട്ടിയെ അദ്ദേഹം തന്റെ ‘വസേയ്പുരി’ലേക്കു കൂടെ കൂട്ടി. ചിത്രത്തിലെ മൊഹ്സിന എന്ന കഥാപാത്രത്തിലൂടെ ബോളിവുഡിലെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ നാമനിർദേശം വരെ ലഭിച്ചു അവർക്ക്. പിന്നെയും ഒരുപിടി നല്ല ചിത്രങ്ങൾ. 1986 ജൂലൈ 28ന് ജനിച്ച ഹുമ 30 വർഷത്തിനപ്പുറം ഇന്ന് ബോളിവുഡിൽ തന്റേതായ അഭിനയമുദ്ര പതിപ്പിച്ചുകഴിഞ്ഞു. അഭിനയത്തിൽ മാത്രമല്ല ജീവിതചര്യകളിലുമുണ്ട് ഹുമയ്ക്ക് ചിട്ടയായ ചില നിബന്ധനകൾ. ആ വിശേഷങ്ങളിലേക്ക്...

സൗന്ദര്യസംരക്ഷണം
സൺസ്ക്രീൻ ലോഷൻ പുരട്ടാതെ പുറത്തിറങ്ങില്ല. ഇഷ്ടം പോലെ വെള്ളം കുടിക്കും. കിടക്കും മുൻപ് മേക്കപ്പ് തുടച്ചു നീക്കി മോയിസ്ചറൈസർ പുരട്ടും. ഫൗണ്ടെഷൻ, ഓറഞ്ച് ഷേഡുള്ള ലിപ്സ്റ്റിക്, ലിപ്ഗ്ലോസ്, ജെൽ ഐലൈനർ, മസ്കാര എന്നിവയൊക്കെ ബ്യൂട്ടി കിറ്റിൽ എപ്പോഴും ഉണ്ടാവും. മാസത്തിലൊരിക്കൽ സ്വീഡിഷ് മസാജ്, ഫ്രൂട്ട് ഫേഷ്യൽ എന്നിവ ചെയ്യും. ഷൂട്ടിങ്ങിന്റെ ക്ഷീണം അകറ്റാൻ ടിഷ്യു മസാജ്, സ്റ്റോൺ തെറപ്പി എന്നിവയാണു സ്ഥിരമായി ചെയ്യുന്നത്. 

മേക്കപ്പ് വീട്ടിൽ 
പയറു പൊടിയിൽ തൈരും തേനും ചേർത്തു കുഴച്ച മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോൾ സ്ക്രബ് ചെയ്ത ശേഷം കഴുകിക്കളയും. മുഖം നന്നായി തിളങ്ങും. തലമുടി ഓരോ ദിവസവും ഓരോ മൂഡിലാണ്. അത്ര ഭംഗിയല്ലാത്ത ദിവസം വെറുതെ പോണി ടെയ്‌ൽ കെട്ടും. അല്ലെങ്കിൽ വാരിക്കെട്ടി ക്ലിപ്പ് ഇടും. 

വർക്ക് ഔട്ട്
സുന്ദരമായ അഴകളവാണ് എനിക്കുള്ളത്. അതിനെ കുറച്ചുകൂടി ടോൺ ചെയ്യാനുള്ള വർക്ക് ഔട്ടാണു കൂടുതലും ചെയ്യുന്നത്. പവർ യോഗ ദിവസവും ചെയ്യും. ആഴ്ചയിൽ നാലു ദിവസം ഓരോ മണിക്കൂർ വീതം കാർഡിയോ എക്സർസൈസ്. മറ്റു ദിവസങ്ങളിൽ വെയിറ്റ് ട്രെയിനിങ്. യോഗ, സെൻയോഗ,  ഗ്രീക്ക്, റോമൻ എക്സർസൈസുകളുടെ കോംബിനേഷൻ എന്നിവ ചേർന്ന വ്യായാമവും പരിശീലിക്കുന്നു. 

ഡയറ്റ്
രണ്ടു മണിക്കൂർ ഇടവിട്ട് ചെറിയ അളവിൽ പോഷകമൂല്യമുള്ള  ഭക്ഷണം. ദിവസം 12 ഗ്ലാസ് വെള്ളം. ജങ്ക് ഫുഡ് ഒന്നും കഴിക്കില്ല. 

ആക്സസറീസ് 
അധികം ആക്സസറീസ് ധരിക്കുന്നതിനോട്  താൽപര്യമില്ല. ഡ്രസിന് ചേരുന്ന സ്റ്റേറ്റ്മെന്റ് അക്സസറി മാത്രം. നല്ല ആത്മവിശ്വാസം ഉണ്ടെങ്കിൽത്തന്നെ പാതി സൗന്ദര്യമായി.

ഫിലോസഫി
നന്നായി ചിരിക്കുക. ഉള്ളതിൽ സന്തോഷിക്കുക. ഇല്ലാത്തത് ഓർത്ത് ആകുലപ്പെടാതിരിക്കുക.. മനോഹരമായ പാട്ട്, നല്ല കാലാവസ്ഥ, ഹൃദയം തുറന്ന ചിരി, ആത്മാർഥമായ അഭിനന്ദനം ഇതൊക്കെയാണ്  ഓരോ ദിവസവും സുന്ദരമാക്കുന്നത്.