65കാരിയായി അഭിനയിച്ചത് 21 വയസുള്ളപ്പോൾ

അനില ശ്രീകുമാര്‍

‘ജ്വാലയായ്’ സീരിയലിലെ ത്രേസ്യാമ്മയെ ഒാർക്കുന്നില്ലേ? നെടുമുടി വേണുവിന്റെ എതിരാളിയായി മിനിസ്ക്രീനിൽ അടിമുടി പൊടിപാറിച്ച കഥാപാത്രം. അറുപത്തഞ്ചുകാരി ത്രേസ്യാമ്മയെ അവതരിപ്പിക്കുമ്പോൾ നടി അനില ശ്രീകുമാറിനു വയസ്സ് ഇരുപത്തിയൊന്ന് ! എന്നിട്ടും അഭിനയത്തനിമയുടെ പൊൻതിളക്കമെന്ന് അന്നേ കുടുംബപ്രേക്ഷകർ വാഴ്ത്തിപ്പാടി. ഈ സീരിയലിലെ അഭിനയം അനിലയെ മികച്ച നടിയായി തിരഞ്ഞടുത്തു.

അറുപത്തഞ്ചുകാരി ത്രേസ്യാമ്മയെ അവതരിപ്പിക്കുമ്പോൾ നടി അനില ശ്രീകുമാറിനു വയസ്സ് ഇരുപത്തിയൊന്ന്..

അനില ശ്രീകുമാർ ഇന്നും സജീവം. അൻപതിലധികം സീരിയലുകൾ, പന്ത്രണ്ടു സിനിമകൾ ഇതുവരെ. ഏറ്റവുമൊടുവിൽ ചെയ്തത് ‘കൃഷ്ണതുളസി’. വിജയലക്ഷ്മി എന്ന തന്റേടിയായ അമ്മയെ മികവോടെ അവതരിപ്പിച്ചു അനില. ഇനി കുടുംബപ്രേക്ഷകർ കാത്തിരിക്കുന്ന ഒരു കഥാപാത്രമാകാനുള്ള ഒരുക്കത്തിലാണു ഈ നടി.

ദൂരദർശൻ സംപ്രേഷണം ചെയ്ത ‘ദീപനാളത്തിനു ചുറ്റും’ ആണ് അനില ശ്രീകുമാർ ആദ്യമായി അഭിനയിച്ച സീരിയൽ. ഇതിൽ ഇരട്ടവേഷമായിരുന്നു, അമ്മയുടെയും മകളുടെയും റോളിൽ തകർത്തഭിനയിച്ചു ഈ കലാകാരി. അഭിനയജീവിതത്തിനിടയിൽ ധാരാളം അവാർഡുകളും അനിലയെ തേടിയെത്തി. ആദ്യത്തെ അവാർഡ് ‘താമരക്കുഴലി’യിലെ അഭിനയത്തിനായിരുന്നു, ‘ദ്രൗപദി’യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അനില ശ്രീകുമാർ കരസ്ഥമാക്കി. ഈ സീരിയലിന്റെ നിർമാതാവ് അനിലയുടെ ഭർത്താവ് ആർ. പി. ശ്രീകുമാറായിരുന്നു. നടനും ഗായകനും നിർമാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമൊക്കെയാണു ശ്രീകുമാർ. കാവാലം നാടകക്കളരിയിൽനിന്നു പുറത്തുവന്ന കലാകാരനും. ‘ഗന്ധർവയാമം’ അനിലയ്ക്കു ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിക്കൊടുത്ത സീരിയലാണ്. ‘പറയി പെറ്റ പന്തിരുകുല’ത്തിലെ അഭിനയത്തിനു കേരള ഫിലിം ഒാഡിയൻസ് കൗൺസിൽ അവാർഡും ലഭിച്ചു.

അനില ശ്രീകുമാര്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം

അനില ശ്രീകുമാർ ആദ്യമായി ക്യാമറയ്ക്കു മുൻപിൽ നിൽക്കുന്നത് ഒരു സിനിമയ്ക്കുവേണ്ടിയാണ്. അതേക്കുറിച്ച് അനില :‘‘ഹരിഹരൻ സാറിന്റെ സർഗം ആയിരുന്നു ആ സിനിമ. വളരെ ചെറിയ ഒരു വേഷം. കുട്ടികളുമൊത്ത് പാട്ടു പാടുന്ന രംഗം. അച്ഛന്റെ സുഹൃത്തു മുഖേനയാണു ഈ അവസരം ലഭിച്ചത്. പിന്നീട് ഹരിഹരൻ സാറിന്റെ തന്നെ പരിണയത്തിൽ വിനീതിന്റെ അനുജത്തിയായി അഭിനയിച്ചു. ഏറ്റവും ഒടുവിൽ ചെയ്ത സിനിമ പട്ടണത്തിൽ സുന്ദരനാണ്.. അഞ്ചു വർഷം മുൻപ് ഫിലിംസ്റ്റാർ എന്ന സിനിമയിൽ അഭിനയിച്ചു. കലാഭവൻ മണിച്ചേട്ടന്റെ ചെറുപ്പക്കാലത്തെ അമ്മയുടെ വേഷം. ശൂർപ്പണഖ എന്ന നാടകത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ’’

കോഴിക്കോട് ചേവായൂരാണു അനിലയുടെ സ്വദേശം. മെഡിക്കൽ കോളജിലെ ചീഫ് റേഡിയോഗ്രഫറായിരുന്ന പീതാംബരന്റെയും നഴ്സ് പത്മാവതിയുടെയും മകളാണു അനില ശ്രീകുമാർ. അനുജൻ അനൂപ് പീതാംബരൻ ബംഗളുരുലുവിൽ സോഫ്റ്റ്‍വെയർ ഡിസൈനറാണ്. രണ്ടു മക്കളുടെ അമ്മയാണു അനില ശ്രീകുമാർ. മൂത്ത മകൻ അഭിനവ് ശ്രീകുമാർ പ്ലസ് ടു വിദ്യാർഥിയാണ്. മകൾ ആദിലക്ഷ്മി നാലാം ക്ലാസ്സിലും പഠിക്കുന്നു.

ചേവായൂർ പ്രസന്റേഷൻസ് ഹൈസ്കൂളിൽനിന്നു ആദ്യമായി യുവജനോൽസവത്തിൽ മൽസരിക്കാൻ ഭാഗ്യം ലഭിച്ചത് അനിലയ്ക്കായിരുന്നു. അന്ന് പത്തിൽ പഠിക്കുമ്പോൾ ജില്ലാ തലത്തിൽ കലാതിലകമായി.

ചെറുപ്പത്തിലേ അനില നൃത്തം പഠിച്ചിരുന്നു. കലാമണ്ഡലം സരസ്വതി ടീച്ചറും കലാമണ്ഡലം ക്ഷേമാവതി ടീച്ചറുമായിരുന്നു ഗുരുസ്ഥാനത്ത്. ഇപ്പോഴും ഗുരുമുഖത്തുനിന്ന് നൃത്തകലയുടെ പുതിയ മാനങ്ങൾ തേടുകയാണ് അനില ശ്രീകുമാർ. ലത കലാക്ഷേത്രയാണു ഗുരു. തിരുവനന്തപുരം വഴുതക്കാട് ‘നവരസ ഡാൻസ് അക്കാദമി’ എന്ന പേരിൽ അനില ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. ഒരു വർഷം മുൻപു ആരംഭിച്ച ‘നവരസ’യിൽ ഇരുപതു കുട്ടികൾ പഠിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, ഒാട്ടൻതുള്ളൽ എന്നിവയാണു ഇവിടെ അഭ്യസിപ്പിക്കുന്നത്. ഒാട്ടൻതുള്ളലിൽ അനിലയുടെ ഗുരു കലാമണ്ഡലം പ്രഭാകരനാണ്.

ചേവായൂർ പ്രസന്റേഷൻസ് ഹൈസ്കൂളിൽനിന്നു ആദ്യമായി യുവജനോൽസവത്തിൽ മൽസരിക്കാൻ ഭാഗ്യം ലഭിച്ചത് അനിലയ്ക്കായിരുന്നു. അന്ന് പത്തിൽ പഠിക്കുമ്പോൾ ജില്ലാ തലത്തിൽ കലാതിലകമായി. സംസ്ഥാന തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി. അഞ്ജലി മേനോൻ അനിലയുടെ സീനിയറായി യുവജനോൽസവത്തിൽ പങ്കെടുത്തത് അനില ഇന്നും ഒാർക്കുന്നു.

പതിനാലാം വയസ്സിൽ കലാജീവിതത്തിലേക്കു കടന്നുവന്ന പെൺകുട്ടി ഇന്നും നവരസങ്ങളാടി പ്രേക്ഷകലക്ഷങ്ങളെ വിസ്മയിപ്പിക്കുന്നു..

പതിനാലാം വയസ്സിൽ കലാജീവിതത്തിലേക്കു കടന്നുവന്ന പെൺകുട്ടി ഇന്നും നവരസങ്ങളാടി പ്രേക്ഷകലക്ഷങ്ങളെ വിസ്മയിപ്പിക്കുന്നു. കലയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ടതാണു അനിലയുടെയും ശ്രീകുമാറിന്റെയും ജീവിതം. സീരിയൽ, സിനിമ, സ്‌റ്റേജ് പ്രോഗ്രാം, ഡാൻസ് സ്കൂൾ – ഈ തിരക്കുകൾക്കു പുറമെയാണു ശ്രീകുമാറിന്റെ പുതിയ സംരംഭം. ത്രിനേതൃ ഇവൻമാനേജ്മെന്റ്. രണ്ടര മണിക്കൂർ നീളുന്ന മെഗാഷോകൾ വരെ നടത്തിക്കൊടുക്കുന്ന സ്ഥാപനം. ഇതിന്റെ അമരക്കാരായി മാറിയിരിക്കുന്നു ഈ ദമ്പതികൾ. കേരളത്തിനു പുറത്തും ഗൾഫ്നാടുകളിലും മെഗാഷോകൾ നടത്തി ഇതിനകം പ്രേക്ഷകരുടെ പ്രശംസ നേടിക്കഴിഞ്ഞു. ഇനിയും പുതിയ സംരംഭങ്ങൾ... ജൈത്രയാത്ര...!