ഈ അവഗണന സഹിക്കാനാവില്ല: ഉമ നായർ

അൻപതോളം സീരിയലുകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉമ നായര്‍ക്ക് ഒരൊറ്റ വിഷമമേയുള്ളൂ: അഭിനയരംഗത്തു തിരിച്ചെത്തിയ തന്നെ ചിലര്‍ കാണുന്നത് ഒരു പുതുമുഖ നടിയെപ്പോലെയാണ്.

കുഞ്ഞുന്നാളില്‍ മകളുടെ അഭിനയ മോഹം കണ്ടു ബിസിനസ്സുകാരനായ ഒരച്ഛന്‍ പടം പിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നിര്‍മിച്ചത് മൂന്നു ഷോര്‍ട്ട് ഫിലിമുകള്‍! മൂന്നും ഒന്നിനൊന്നു മെച്ചം. എട്ടാം വയസ്സില്‍ ദൂരദര്‍ശനില്‍നിന്നു വിളി വന്നു. ‘സൂര്യന്‍റെ മരണം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍. അമ്മയുടെയും മകളുടെയും ദുരന്തകഥ പറയുന്ന ഈ ഫിലിം ശ്രദ്ധിക്കപ്പെട്ടു. പിന്നീടു ദൂരദര്‍ശന്‍ സീരിയലുകളില്‍ ബാലതാരമായി. പ്രശസ്തിയിലേക്കു വളര്‍ന്നപ്പോള്‍ മെഗാ സീരിയലുകളില്‍ സജീവ സാന്നിധ്യമായി. തമിഴടക്കം നാലു സിനിമകളിലും അഭിനയിച്ചു. ഇതിനിടയില്‍ ഒരു ഷോര്‍ട്ട് ഫിലിമിന് രചനയും സംവിധാനവും നിര്‍‍വഹിച്ചു. ഒരു പത്രവിതരണക്കാരന്‍റെ കഥ പറയുന്ന ‘ഡെയിലി ഹീറോ’ എന്ന ഈ ഫിലിം ചര്‍ച്ചാവിഷയമായി.

ഒരിടവേളയ്ക്കുശേഷമുള്ള രണ്ടാംവരവിലും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഉമ നായര്‍. അമ്മ കഥാപാത്രങ്ങളും ചേച്ചി വേഷവുമൊക്കയാണെങ്കിലും വളരെ പ്രതീക്ഷയോടെയാണ് ഉമ നായര്‍ രണ്ടാം വരവിനെ കാണുന്നത്. പ്രേക്ഷകരാകട്ടെ, ഉമയുടെ പുതിയ പെര്‍ഫോര്‍മന്‍സിനെ പത്തരമാറ്റിന്‍റെ തിളക്കമെന്നു വിശേഷിപ്പിക്കുന്നു. അൻപതോളം സീരിയലുകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉമ നായര്‍ക്ക് ഒരൊറ്റ വിഷമമേയുള്ളൂ: അഭിനയരംഗത്തു തിരിച്ചെത്തിയ തന്നെ ചിലര്‍ കാണുന്നത് ഒരു പുതുമുഖ നടിയെപ്പോലെയാണ്. അതേക്കുറിച്ച് ഉമയുടെ വാക്കുകള്‍:

‘‘പുതിയ ആര്‍ട്ടിസ്റ്റുകളും ടെക്നീഷന്‍സും അങ്ങനെ പെരുമാറുമ്പോള്‍ മനസ്സിനു വിഷമമുണ്ടാക്കും. ഏതു വേഷമാണെങ്കിലും ചെയ്യാം. പക്ഷേ, ഈ അവഗണന സഹിക്കാനാവില്ല. സിനിമയാണെങ്കിലും സീരിയലാണെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. എത്ര കഴിവുള്ള ആര്‍ട്ടിസ്റ്റാണെങ്കിലും അവസരങ്ങള്‍ കിട്ടണമെങ്കില്‍ സൗഹൃദങ്ങളുണ്ടാകണം. ഒപ്പം ഭാഗ്യവും! സിനിമയിലേക്കും സീരിയലിലേക്കും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ആ ഭാഗ്യമായിരിക്കും തുണയ്ക്കെത്തുക. വളരെ ടാലന്റഡായ എത്രയോ ആര്‍ട്ടിസ്റ്റുകള്‍ അവസരം കിട്ടാതെ പുറത്തു നില്‍ക്കുന്നുണ്ട്.’’

സിനിമയാണെങ്കിലും സീരിയലാണെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. എത്ര കഴിവുള്ള ആര്‍ട്ടിസ്റ്റാണെങ്കിലും അവസരങ്ങള്‍ കിട്ടണമെങ്കില്‍ സൗഹൃദങ്ങളുണ്ടാകണം.

2006 വരെ അഭിനയരംഗത്തു തിളക്കമാര്‍ന്ന പ്രകടനമാണ് ഉമ കാഴ്ചവച്ചത്. ‘രാജസൂയ’ത്തില്‍ നടന്‍ അശോകന്‍റെ ഭാര്യയായി അഭിനയിക്കുമ്പോള്‍ ഉമയ്ക്കു പതിനെട്ടു വയസ്സ്. മൗനം, മകള്‍, ബാലഗണപതി, കല്യാണ സൗഗന്ധികം, കാണാകണ്‍മണി, കൃഷ്ണതുളസി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. ജയിംസ് ആന്‍ഡ് ആലീസ്, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ഡിസംബര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. ‘നിെെനത്താലെ സുഖം താനെടി’ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.

2014ല്‍ ആയിരുന്നു ഉമ നായരുടെ രണ്ടാംവരവ്. പതിമൂന്നു സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ‘മകളി’ല്‍ അമ്മയുടെ വേഷവും മകളുടെ വേഷവും ചെയ്തത് ഉമയാണ്. അമ്മ കാന്‍സറായി മരിക്കുകയും മകള്‍ക്ക് ഇതേ രോഗം പിടിപെടുന്നതുമാണ് കഥ. ഇതില്‍ വളര്‍ത്തമ്മയായി കലാരഞ്ജിനിയും അപ്പൂപ്പനായി ക്യാപ്റ്റന്‍ രാജുവുമായിരുന്നു. രണ്ടാംവരവില്‍ ഉമയെ കാത്തിരുന്നത് അമ്മയുടെ റോളും ചേച്ചിയുടെ റോളുമൊക്കയാണ്. അതില്‍ തെല്ലും പരിഭവമില്ല ഉമയ്ക്ക്.

‘‘ഒരു സീരിയലില്‍ അറുപതു വയസ്സുള്ള കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചു. എനിക്ക് ഒരു ടെന്‍ഷനും തോന്നിയില്ല. എന്നും ചെറുപ്പക്കാരിയുടെ റോള്‍ വേണമെന്നു പറയുന്നതു ശരിയല്ലല്ലോ.’’ ‘കല്യാണസൗഗന്ധിക’ത്തിലെ രുക്മിണി ഉമ നായരുടെ നടന‍െെവഭവം തെളിയിച്ച കഥാപാത്രമായിരുന്നു. നെഗറ്റീവും പോസിറ്റീവും ഇടകലര്‍ന്ന ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇപ്പോള്‍ ഉമ അഭിനയിച്ചുകൊണ്ടിരിക്കുന്നതു ‘രാത്രിമഴ’യിലാണ് നായകന്‍റെ അമ്മ ജയന്തിയുടെ വേഷം.

പാട്ടു കേള്‍ക്കാനും നൃത്തം ചെയ്യാനും യാത്രകള്‍ നടത്താനും മോഹമുള്ള നടിയാണ് ഉമ നായര്‍. സമയം കിട്ടുമ്പോഴെല്ലാം അതില്‍ ലയിച്ച് ആത്മനിര്‍‍വൃതി കൊള്ളാറുണ്ട്.

പണ്ടു സിനിമയ്ക്കു പ്രാമുഖ്യം കൊടുക്കാതിരുന്ന ഉമ തിരിച്ചുവരവോടെ സ്വന്തം തീരുമാനങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. സ്വഭാവ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്കു കഴിയുമെന്നു പൂര്‍ണ വിശ്വാസമുണ്ട് ഉമയ്ക്ക്. സീരിയലിലും നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു ഈ നടി. അമ്മ വേഷമാണെങ്കിലും ചേച്ചി വേഷമാണെങ്കിലും പ്രശ്നമല്ല. അന്യഭാഷാ ചിത്രങ്ങളിലേക്കു ധാരാളം ഒാഫറുകള്‍ പലതവണകളിലായി വന്നിരുന്നു. ഗ്ലാമ‍റസായി അഭിനയിക്കണമെന്നുള്ളതുകൊണ്ട് അതെല്ലാം വേണ്ടന്നുവച്ചു.

പാട്ടു കേള്‍ക്കാനും നൃത്തം ചെയ്യാനും യാത്രകള്‍ നടത്താനും മോഹമുള്ള നടിയാണ് ഉമ നായര്‍. സമയം കിട്ടുമ്പോഴെല്ലാം അതില്‍ ലയിച്ച് ആത്മനിര്‍‍വൃതി കൊള്ളാറുണ്ട്. കൊല്ലം സെന്‍റ് ജോസഫ്സ് സ്കൂളില്‍ പഠിക്കുമ്പോഴേ ഉമ നൃത്തം അഭ്യസിച്ചിരുന്നു. സഹദേവന്‍ മാഷും കുന്നത്തൂര്‍ സരസ്വതി ടീച്ചറുമായിരുന്നു ഗുരുക്കന്മാര്‍. ടികെഎം കോളജിലെ പഠനകാലത്തും ഗാന, നൃത്ത മല്‍സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ബിസിനസ്സുകാരനായ കെ.എം.നായരാണ് ഉമയുടെ അച്ഛന്‍. അഭിനേത്രിയായി വളര്‍ന്നുവരാന്‍ ഉമയ്ക്കു വഴിയൊരുക്കിയത് അച്ഛന്‍റെ പ്രോല്‍സാഹനമാണെന്ന് ഉമ പറയുന്നു. വീട്ടമ്മയായ ഉഷയാണു മാതാവ്. നടന്‍ ജയന്‍റെ ബന്ധു കൂടിയാണ് ഉമ നായര്‍. ഉമയുടെ അച്ഛന്‍ ജയന്‍റെ കുഞ്ഞമ്മയുടെ മകനാണ്.

അഭിനയരംഗത്തേക്കുളള തിരിച്ചുവരവ് ഉമയെ സംബന്ധിച്ച് ഒരു ഒന്നൊ ന്നര വരവായിരിക്കും. വരുംനാളുകളില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുമെന്നു മനസ്സില്‍ കുറിച്ചിട്ടാണ് ഈ നടി വീണ്ടും ക്യാമറയുടെ മുന്നില്‍ എത്തിയിരിക്കുന്നത്. ഇത്തവണ ഭാഗ്യവും തന്‍റെ കൂടെപ്പോരുമെന്ന് ഉമ നായര്‍ വിശ്വസിക്കുന്നു.