നൃത്തം എന്റെ പാഷൻ: ശമാത്മിക

ശമാത്മിക ദേവി ശ്രീകുമാർ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

പേരുപോലെ തന്നെ ശ്രീത്വം തുളുമ്പുന്ന മുഖം. നൃത്തത്തോടു ജീവനോളം സ്നേഹം, തിരുവനന്തപുരം സ്വദേശിയായ ശമാത്മിക ദേവി ശ്രീകുമാർ എന്ന പെൺകുട്ടി ഇന്ന് അത്യാഹ്ലാദത്തിലാണ്. താൻ രാവുംപകലും െകാണ്ടുനടന്നിരുന്ന നൃത്തവിദ്യാലയം എന്ന സ്വപ്നം 'ശമാത്മിക' എന്ന പേരിൽ സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുകയാണ്. നൃത്ത വിദ്യാലയം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുമ്പോഴും മോ‍ഡലിങ്ങിനും ചാനൽ അവതരണത്തിനുമൊക്കെ ശമാത്മിക ദേവി സമയം കണ്ടെത്തുന്നുണ്ട്. നൃത്തത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ മനോരമ ഓൺലൈനിനോടു വിശേഷങ്ങൾ പങ്കുവെക്കുകയാണ് ശമാത്മിക.

വ്യത്യസ്തമാണല്ലോ ശമാത്മിക എന്ന പേര്?

യഥാർഥത്തിൽ ദേവി ശ്രീകുമാർ എന്നതാണ് എന്റെ യഥാർഥ പേര്. ശമാത്മിക എന്നത് നൃത്ത വിദ്യാലയത്തിന്റെ പേരാണ്. പിന്നെയാണ് ആലോചിച്ചത് പേരിനു മുമ്പായി ശമാത്മിക എന്നുകൂടി ചേർക്കാമെന്ന്. ലളിത സഹസ്രനാമത്തിലെ ആയിരം ദേവിമാരിൽ ഒരാളുടെ പേരാണ് ശമാത്മിക.

നൃത്തത്തോട് അഭിനിവേശം തുടങ്ങിയത് എപ്പോൾ മുതലാണ്?

കുഞ്ഞിലേ മുതൽ ഞാൻ പാട്ടു കേട്ടാൽ നൃത്തം ചെയ്യുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ നൃത്തം പരിശീലിച്ചു തുടങ്ങി. വെസ്റ്റേൺ സ്റ്റൈലിലുള്ള നൃത്തത്തോടായിരുന്നു ഏറെ താൽപര്യം. പക്ഷേ ഇപ്പോൾ ശാസ്ത്രീയ നൃത്തവും പഠിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ഏറ്റവും വലിയ സ്വപ്നമായ ശമാത്മിക ഡാൻസ് ആൻഡ് മ്യൂസിക് സ്കൂൾ തു‌ടക്കമിട്ടത്. അമ്മ പാലക്കാട് ജയശ്രീ പാട്ടുകാരിയായതിനാൽ സംഗീതത്തിന്റെ ചുമതലകളെല്ലാം അമ്മ ചെയ്തോളും. പൂജപ്പുരയിലാണ് ശമാത്മിക സ്കൂൾ.

ശമാത്മിക ഉദ്ഘാടം ചെയ്തത് നടൻ സുരേഷ് ഗോപിയും നടി ചിപ്പിയുമാണല്ലോ?

അതെ, ശമാത്മിക തുടങ്ങും മുമ്പേയുള്ള ആഗ്രഹമായിരുന്നു ഇരുവരെയുംകൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം എന്നത്. അച്ഛൻ ഇരുപതിൽപരം വർഷമായി സിനിമാ സീരിയൽ രംഗത്ത് ക്യാമറാമാനും സ്റ്റിൽ ഫോട്ടോഗ്രാഫറും ആയി പ്രവർത്തിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് ആ മേഖലയില്‍ നിന്നുള്ളവരെ തിരഞ്ഞെടുത്തത്.

മോഡലിങ്ങിലേക്കുള്ള വരവിനെക്കുറിച്ച്?‌

എന്റെ മോഡലിങ് മോഹങ്ങൾക്ക് ആക്കം കൂട്ടിയത് മനോരമയാണെന്നു പറയാം. മനോരമയുടെ മെട്രോ ക്വീൻ ആയിട്ടാണ് ഈ മേഖലയിലെ തുടക്കം. മിസ് ഇന്ത്യയുടെ പ്രിലിമിനറിയിലും പങ്കെടുത്തിരുന്നു. പിന്നെ മൂന്നോളം ചാനലുകളില്‍ അവതാരകയാണ്, അതുവഴിയാണ് ഈ മേഖലയോട് കൂടുതൽ ഇഷ്ടം തോന്നിയതെന്നും പറയാം.

അച്ഛന്റെ ക്യാമറയ്ക്കു മുന്നിലാണോ ആദ്യം മോഡലായത്?

കുട്ടിക്കാലം തൊട്ടേ അച്ഛന്റെ കാമറയ്ക്കു മുന്നിലെ പ്രധാന മോഡൽ ഞാനാണ്(ചിരി). കുറച്ചു വലുതായപ്പോൾ പലരും പറഞ്ഞു മോഡലിങ്ങിനു ചേരുന്ന ഫീച്ചേഴ്സ് ഉണ്ടല്ലോ ഒരു കൈ നോക്കിക്കൂേടയെന്നൊക്കെ. ഈ രംഗത്ത് കൂടുതൽ പ്രോത്സാഹനം അമ്മയിൽ നിന്നാണ്, അച്ഛൻ തിരുത്തലുകൾ ഒക്കെ പറഞ്ഞുതരാറുണ്ട്.

അഭിനയത്തിലേക്ക്?

അഭിനയം ഇഷ്ടമുള്ള മേഖലയാണ്, പക്ഷേ നല്ല ചിത്രങ്ങൾ വന്നാൽ മാത്രമേ ചെയ്യുന്നുള്ളു. തമിഴ്-മലയാളം ഉൾപ്പെടെ ചില ഓഫറുകൾ വന്നിരുന്നു, പക്ഷേ വീട്ടിൽ നിന്നു വിട്ടുനിൽക്കാനുള്ള മടികൊണ്ട് അവയൊക്കെ ഉപേക്ഷിച്ചു.

നൃ‍ത്തമേഖലയിൽ ഏറ്റവും വലിയ പിന്തുണ?

ആദ്യത്തേത് കുടുംബം തന്നെ. അവർ പിന്തുണച്ചില്ലെങ്കില്‍ എനിക്കൊരിക്കലും എന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ കഴിയില്ലല്ലോ. പിന്നെ എന്റെ ആത്മാർഥ സുഹൃത്ത് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്ല്യാണിന്റെ പുത്രിയാണ് സൗഭാഗ്യ. അവൾ തരുന്ന പ്രോത്സാഹനവും പ്രചോദനവും വാക്കുകളിൽ പറഞ്ഞു തീർക്കാനാവില്ല. എന്റെ ഓരോ വിജയത്തിനു പിന്നിലും അവളുടെകൂടി പിന്തുണയുണ്ട്.

ഫാഷൻ ഫ്രീക് ആണോ?

ഫാഷൻ ഫ്രീക് ആണെന്നൊന്നും പറയാൻ പറ്റില്ലെങ്കിലും അത്യാവശ്യം ഫാഷൻ സെൻസ് ഒക്കെയുണ്ട്. പ്രത്യേകിച്ച് ഈ മേഖലയിൽ നിൽക്കുന്നതുകൊണ്ട് അത് ആവശ്യവുമാണ്.

ഇഷ്ടവസ്ത്രം, നിറം?

കാഷ്വൽ വസ്ത്രങ്ങളോടാണ് ഏറെയിഷ്ടം. എനിക്കു മോഡേൺ ലുക് ആണ് കൂടുതൽ ചേരുക എന്നാണ് എല്ലാവരും പറയാറുള്ളത്. ഇഷ്ടനിറം നീലയും പച്ചയുമാണ്. ‌

പഠനം?

ശ്രീചിത്തിരതിരുനാള്‍ കൊളേജിൽ ബിടെക് പൂർത്തിയായി. ഇപ്പോൾ നൃത്ത വിദ്യാലയത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുകൊണ്ട് പഠനത്തിനൊരു ഇടവേള നൽകിയിരിക്കുകയാണ്.

കുടുംബം?

അച്ഛൻ ശ്രീകുമാർ സീരിയൽ രംഗത്ത് കാമറമാൻ ആണ്. അമ്മ പാലക്കാ‌ട് ജയശ്രീ ഗായികയാണ്. അനിയൻ അദ്വൈത് പ്ലസ്ടുവിൽ പഠിക്കുന്നു.

ശമാത്മികയുടെ കൂടുതൽ ചിത്രങ്ങൾ കാണാം