' മനസിൽ മായാതെ ശ്രുതിയുടെ ആ ലുക്ക് '

ലക്ഷ്മി ബാബു, ആഭരണ സ്പെഷൽ ഷൂട്ടിനായി ശ്രുതി മേനോനെ സ്റ്റൈൽ ചെയ്തപ്പോള്‍

സെലിബ്രിറ്റികളുടെ സ്റ്റൈലിഷ് അപ്പിയറൻസിനു പിന്നിൽ ട്രെൻഡി വസ്ത്രങ്ങളോ ആക്സസറീസോ അല്ല അവരെ ഒരുക്കിയ സ്റ്റൈലിസ്റ്റ് ആണു താരമെന്ന് ഇന്ന് ആരാധകർക്കറിയാം. അതുകൊണ്ടു തന്നെ ഫാഷനും ട്രെൻഡും കണ്ണടയ്ക്കാതെ ശ്രദ്ധിച്ചിരിക്കുന്നവർ ഓരോ ലുക്കിനും പിന്നിലുള്ള സ്റ്റൈലിസ്റ്റിനെയാണു തേടുന്നത്. കൊച്ചിയിലെ ശ്രദ്ധിക്കപ്പെടുന്ന സ്റ്റൈലിസ്റ്റും ഡിസൈനറുമാണ് ലക്ഷ്മി ബാബു. വാർഡ്‌റോബ് കൺസൽട്ടന്റും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ലക്ഷ്മി പ്രമുഖ മാഗസിന്റെ ഇന്റേണൽ സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്നു. ഫ്രീലാന്‍സ് സ്റ്റൈലിങ് ചെയ്യുന്നതിനൊപ്പം ഫാഷൻ ബ്ലോഗ് എഴുത്തുകാരിയുമാണ്.

കൊച്ചിയിലെ ശ്രദ്ധിക്കപ്പെടുന്ന സ്റ്റൈലിസ്റ്റും ഡിസൈനറുമാണ് ലക്ഷ്മി ബാബു. വാർഡ്‌റോബ് കൺസൽട്ടന്റും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ലക്ഷ്മി പ്രമുഖ മാഗസിന്റെ ഇന്റേണൽ സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്നു...

∙ സ്റ്റൈലിങ് എന്ന വെല്ലുവിളി

സ്റ്റൈൽ ചെയ്യുന്നത് വിജയമാകാം അതുപോലെ പരാജയപ്പെടുകയും ചെയ്യാം. സ്റ്റൈലിഷ് എൻസെംബിൾ എന്നു കരുതി ഏതു വേഷവും ആർക്കും ചേരുമെന്നു കരുതരുത്. റൺവേയിലെയോ ബോളിവുഡിലെയോ മാതൃകകൾ കണ്ണുമടച്ച് പകർത്താനും കഴിയില്ല. സ്റ്റൈൽ ചെയ്യുന്നയാളുടെ വ്യക്തിത്വവുമായും കംഫർട്ട് സോണുമായും ചേർന്നു പോകണം. എങ്കിലേ സ്റ്റൈലിങ് അതിന്റെ പരിപൂർണതയിൽ പ്രതിഫലിക്കൂ. ട്രെൻഡ് മാത്രം നോക്കിയാൽ സ്റ്റൈലിങ് വിജയിക്കണമെന്നില്ല.

∙ ബിസിനസ് സ്റ്റൈലിങ്

പരസ്യ ചിത്രങ്ങൾക്കായും മാഗസിൻ കവറിനായും വ്യത്യസ്തമായ സ്റ്റൈലിങ് നടത്തിയിട്ടുണ്ടെങ്കിലും ബിസിനസ് സ്റ്റൈലിങ്ങാണ് ഏറെ പ്രിയം. താരങ്ങൾ പൊതുവെ ഫാഷനുമായും സ്റ്റൈലിങ്ങുമായും പരിചയമുള്ളവരാണ്. അതേ സമയം ബിസിനസ് സ്റ്റൈലിങ്ങിന്റെ ഭാഗമായി ഒരുക്കേണ്ടവർ പ്രമുഖ സ്ഥാപനങ്ങളുടെ സിഇഒ അല്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥർ ആകുമെങ്കിലും സ്റ്റൈലിങ്ങുമായി പരിചയമുള്ളവരാകില്ല. പലപ്പോഴും ഒരു പെൺകുട്ടി ഒരുക്കുന്നു എന്നതിന്റെ അപരിചിതത്വവും ഇവർക്കുണ്ടാകും. എന്നാൽ അവർക്കു നൽകുന്ന വസ്ത്രം ധരിച്ചും നിർദേശങ്ങൾ സ്വീകരിച്ചും ഷൂട്ടിങ് കഴിയുമ്പോഴേക്കും സ്റ്റൈലിസ്റ്റിൽ സമ്പൂർണമായ വിശ്വാസം നൽകും അവർ. മറ്റ് അവസരങ്ങളിൽ അഭിപ്രായം തേടി വിളിക്കുകയും ചെയ്യും. അങ്ങനെയൊരു വിശ്വാസം ഉണ്ടാക്കിയെടുക്കാനാകുന്നതാണ് ജോലിയിലെ സന്തോഷങ്ങളിലൊന്ന്. പൊലീസ് മേധാവി ലോകനാഥ് ബെഹ്റയെയും മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെയും സ്റ്റൈൽ ചെയ്തിരുന്നു.

ലക്ഷ്മി ബാബു പൊലീസ് മേധാവി ലോകനാഥ് ബെഹ്റയെയും മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെയും സ്റ്റൈൽ ചെയ്തപ്പോള്‍

∙ സ്റ്റൈലിഷ് മെൻ

പൊതുവെ ബിസിനസ് സ്റ്റൈലിങ്ങിൽ ഫോർമൽ സ്യൂട്ടുകൾ ആകുമെങ്കിലും വ്യത്യസ്തമാക്കുകയെന്നതാണു വെല്ലുവിളി. പലപ്പോഴും ബ്ലാക്ക്, വൈറ്റ്, ഗ്രേ സ്യൂട്ടുകളാണു പരിചിതം. അൽപം നിറങ്ങൾ കൂടി ചേർക്കാം. കടുംനിറങ്ങളല്ല, ചെറിയ വ്യത്യസ്തതകൾ കൊണ്ടുവരാം. അതുപോലെ ആക്സസറീസ്, ജാക്കറ്റ്സ്, ഷൂസ്/ഫുട്‌വെയർ ഒക്കെ ചേരുമ്പോൾ പുരുഷന്മാരുടെ സ്റ്റൈലിങ്ങ് വ്യത്യസ്തമാക്കാം

∙ സ്റ്റൈലിഷ് വിമെൻ

ഷർട്ട് ഡ്രെസസ് ഇപ്പോൾ ഇവിടെ ട്രെൻഡിയായി വരുന്നതെയുള്ളൂ. എങ്ങനെ ധരിക്കുന്നുവെന്നതിൽ വ്യത്യസ്തത കൊണ്ടുവരാം. ലെഗ്ഗിങ്ങിനൊപ്പം ധരിക്കാം. ബെൽറ്റ് ചേർക്കാം, അൽപം ലൂസ് ചെയ്തു ഇടുകയുമാവാം. ചേരുന്ന ആക്സസറീസും മേക്കപ്പും പ്രധാനമാണ്.

പേളി മാണിക്കും ഉണ്ണി മുകുന്ദനുമൊപ്പം ലക്ഷ്മി ബാബു

∙ സെലിബ്രിറ്റി സ്റ്റൈലിങ്

ഒരു മാസികയുടെ കവർചിത്രത്തിനായി മഞ്ജു വാരിയരെ ഒരുക്കിയതു തിളക്കമുള്ള ഓർമ. മഞ്ജുവിനെ ഡൗൺ ടു എർത് എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ.. ബോളിവുഡ് താരം മന്നാറ ചോപ്രയെ ഒരുക്കിയതും ഓർമയിൽ നിൽക്കുന്നു. മാഗസിൻ ഷൂട്ടിനു വേണ്ടി തിരക്കിട്ടാണ് മന്നാറയ്ക്കു വേണ്ടിയുള്ള വസ്ത്രങ്ങൾ ഒരുക്കിയത്. അവരുടെ മെഷർമെന്റ്സ് പോലും നേരത്തെ കിട്ടിയിരുന്നില്ല. പക്ഷേ അവസാന നിമിഷത്തെ നെട്ടോട്ടത്തിനൊടുവിൽ മന്നാറയും ലക്ഷ്മിയും ഹാപ്പി! ആഭരണ സ്പെഷൽ ഷൂട്ടിനായി ശ്രുതി മേനോനെ സ്റ്റൈൽ ചെയ്തതു പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

∙ ഷോപ്പിങ്

യാത്രകളിലാണ് കൂടുതലായും ഷോപ്പിങ് നടത്തുന്നത്. സമയം കിട്ടിയാൽ ഷൂട്ടിനു വേണ്ടി ഓൺലൈൻ ഷോപ്പിങ്ങും നടത്താറുണ്ട്. ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കെത്തുമ്പോൾ എവിടെ ഷോപ്് ചെയ്യുമെന്നൊരു ആശങ്കയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇവിടെ ഒട്ടേറെ ബ്രാൻഡുകൾ ഉണ്ട്. ഇനിയും വരാനിരിക്കുന്നു. അതുകൊണ്ടു തന്നെ കൊച്ചി അടുത്ത ഫാഷൻ ഡെസ്റ്റിനേഷനാകുമെന്ന വിശ്വാസമുണ്ട്.

നടി അപര്‍ണ ബാലമുരളിക്കൊപ്പം ലക്ഷ്മി ബാബു

∙ ഫാഷൻ ബ്ലോഗർ

സ്റ്റൈലിങ്ങിന്റെ തിരക്കുകൾക്കിടയിലും മാറ്റിവയ്ക്കാനാകാത്ത പാഷനാണ് ബ്ലോഗ് എഴുത്ത്. The Urban Goddess എന്ന ബ്ലോഗിൽ ട്രെൻഡ് എന്നതിനപ്പുറത്തേക്കു ഫാഷൻ കൈകാര്യം ചെയ്യുന്നു. ആധുനിക സ്ത്രീകൾക്കുള്ള ദൈനംദിന ഫാഷൻ, ജോലിയുമായി ബന്ധപ്പെട്ടു താരങ്ങളെ ഒരുക്കുന്നതിന്റെ ഓർമകൾ എന്നിവ ബ്ലോഗിൽ വിഷയമാണ്. എല്ലാവർക്കും പെർഫെക്ട് ഫിഗർ, സ്കിൻടോൺ എന്നിവയുണ്ടാകണമെന്നില്ല. പക്ഷേ ഫാഷനബിൾ ആയിരിക്കാൻ എല്ലാവർക്കും കഴിയുമെന്നാണ് ലക്ഷ്മിയുടെ പക്ഷം. ഫാഷൻ സംബന്ധിച്ച സംശയങ്ങളും ട്രെൻഡ് അപ്ഡേറ്റ്സും സംബന്ധിച്ചു ചോദ്യങ്ങളുന്നയിക്കാം. പുതിയ ലുക്ക് സ്വന്തമാക്കാനും വാർഡ്റോബ് ട്രെൻഡ് അനുസരിച്ചു പുതുക്കാനും ലക്ഷ്മിയുടെ സഹായം ലഭ്യമാണ്.