ആർത്തവകാലങ്ങളിൽ സ്ത്രീകൾ എങ്ങനെ അശുദ്ധയാകും? , കരീന കപൂർ

കരീന കപൂർ

ആര്‍ത്തവത്തെ അശ്ലീലമായി കാണുന്ന സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. പരസ്യമായി ആർത്തവം എന്ന വാക്കുപയോഗിക്കാൻ സ്ത്രീകൾ പോലും മടിക്കുന്ന കാലം. സത്യത്തിൽ ഒളിച്ചും മറച്ചും പറയേണ്ടുന്ന ഒന്നാണോ ആർത്തവം, അല്ലേയല്ല. ആർത്തവത്തെക്കുറിച്ചു വാതിലുകൾക്കപ്പുറത്തു നിന്നു പറയുന്നത് അവസാനിപ്പിക്കണമെന്നു പറയുന്നത് േബാളിവുഡ് ബ്യൂട്ടി കരീന കപൂർ ആണ്. ലക്നൗവിൽ വച്ചു നടന്ന എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആർത്തവ ശുചിത്വം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് കരീന ഇക്കാര്യം പറഞ്ഞത്. ‌

നമ്മുടെ രാജ്യത്ത് ഇന്നും ആർത്തവത്തെക്കുറച്ച് പരസ്യമായി സംസാരിക്കുന്നതു തെറ്റായാണ്. എന്നാൽ എല്ലാവരും ആർത്തവത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ തയ്യാറാവണമെന്നും കരീന പറയുന്നു. മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും എല്ലാം ആർത്തവത്തെക്കുറിച്ചു സംസാരിക്കുന്ന കാലം വരണം, ദൈവമാണ് സ്ത്രീകളിൽ ആർത്തവം ഉണ്ടാക്കിയത്, ഇതു തീർത്തും സാധാരണമായ കാര്യമാണ്. ആർത്തവകാലങ്ങളിൽ സ്ത്രീകൾ എങ്ങനെ അശുദ്ധയാകും?

മാസത്തിൽ മുപ്പതു ദിവസവും ജോലി ചെയ്യുന്നയാളാണു താൻ. ആർത്തവമാണെന്നു കരുതി ഒരിക്കലും ജോലി നിർത്താറില്ല, പകരം വ്യക്തി ശുചിത്വം സൂക്ഷിക്കാറാണു പതിവ്.ആർത്തവ കാലങ്ങളിൽ സ്ത്രീകൾ സന്തുഷ്ടയായി യാതൊരു അതിരുകളുമില്ലാതെ അവനവന്റെ ജോലി നിർവഹിക്കുകയാണു ചെയ്യേണ്ടതെന്നും കരീന പറയുന്നു.