നീലയിൽ ഹോട്ടായി ബ്രിട്ടീഷ്‌ രാജകുമാരി

കേറ്റ് മിഡിൽടൺ

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ പത്നി കേറ്റ് മിഡിൽടൺ എന്നും മാധ്യമങ്ങളിലെ താരമാണ്. സ്റ്റൈലിനെക്കുറിച്ചും പുത്തൻ ട്രെൻഡിനെക്കുറിച്ചും രാജകുമാരിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഓരോ അവസരങ്ങളിലും കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടാൻ കേറ്റ് കഴിഞ്ഞേയുള്ളു മറ്റു രാജകുടുംബാംഗങ്ങൾ. അല്ലെങ്കിലും ഡയാന രാജകുമാരിയുടെ മരുമകൾ സ്റ്റൈലിൽ ഒട്ടും പുറകിലാവരുതല്ലോ. ഡയാനയോളം വരില്ലെങ്കിലും കേറ്റും വസ്ത്രധാരണത്തിൽ പരീക്ഷണം നടത്താൻ മുൻപന്തിയിലാണ്.

കേറ്റ് മിഡിൽടൺ

ഇനി പൊതുവേദികളിൽ കേറ്റ് പ്രത്യക്ഷപ്പെ‌ടുന്നതു ശ്രദ്ധിച്ചിട്ടുള്ളവർക്ക് ഒരു കാര്യം പെട്ടെന്നു പിടികിട്ടും കേറ്റിന്റെ പ്രിയ നിറം ഏതാണെന്ന്. മിഴിവോലും നീലയാണ് കേറ്റിനേറ്റവും പ്രിയം, ഇളം നീല, കടുംനീല, തുടങ്ങി നീലനിറത്തിൽ വെറൈറ്റികളുമായാണ് കേറ്റ് മിക്കവാറും പ്രത്യക്ഷപ്പെടാറുള്ളത്. വില്യം രാജകുമാരനുമായുള്ള വിവാഹം ഉറപ്പിക്കൽ ചടങ്ങിൽ തുടങ്ങി കഴിഞ്ഞ ആഴ്ച്ചകളിൽ ഏതാനും വേദികളിൽ അവതരിച്ചപ്പോഴും കേറ്റ് നീല വസ്ത്രങ്ങളെയാണ് കൂട്ടുപിടിച്ചത്.

സ്പോർട്സ്എയ്ഡ് 40ാം ആനിവേഴ്സറി ചടങ്ങിനെത്തിയ കേറ്റ്

ലണ്ടനിൽ വച്ചു നടന്ന സ്പോർട്സ്എയ്ഡ് 40ാം ആനിവേഴ്സറിയില്‍ കിടിലൻ നീലയിലാണ് കേറ്റ് എത്തിയത്. റോളണ്ട് മൗറെറ്റി ഡിസൈൻ ചെയ്ത ഷോൾഡറിൽ കട്ട്ഔട്ട് ഉള്ള നീലഗൗൺ കേറ്റിന്റെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടിയിരുന്നു. ഒപ്പം കാർട്ടിയർ ഇയർ റിങ്സും ലളിതമായൊരു ക്ലച്ചും മാത്രമായി തീർത്തും ഹമ്പിൾ ആൻഡ് സിമ്പിൾ ലുക്കിൽ ആണ് അന്നു കേറ്റ് ചടങ്ങിനെത്തിയത്.

എലിസബത്ത് രാജ്ഞിയുടെ പിറന്നാളാഘോഷത്തിനിടയിൽ

ശേഷം എലിസബത്ത് രാജ്ഞിയുടെ പിറന്നാളാഘോഷത്തിനും കേറ്റ് നീലയിൽ മുങ്ങിയാണെത്തിയത്. ബേബി ബ്ലൂ നിറത്തിൽ മുട്ടിനു മുകളിൽ നിൽക്കുന്ന ക്രേപ് കോട്ട് ഡ്രസിനൊപ്പം ക്ലച്ചും തൊപ്പിയും ചെറിയ കമ്മലുകളും നെക്ലസും ആയിരുന്നു ആദ്യമെങ്കിൽ പിറന്നാളാഘോഷത്തിനിടയിൽ നടത്തിയ ഭക്ഷണ വിരുന്നിലേക്കും കേറ്റ് വീണ്ടും തിരഞ്ഞെടുത്തത് നീലനിറം തന്നെയായിരുന്നു. വൂൾ കേപ് ഡ്രസിൽ ഒരൽപം കാഷ്വൽ ലുക്കിലാണ് കേറ്റ് ആ തവണ തോന്നിച്ചത്.

എലിസബത്ത് രാജ്ഞിയുടെ പിറന്നാളാഘോഷത്തിൽ വില്യമും കേറ്റും

എന്തായാലും നീലയോടുള്ള കേറ്റിന്റെ പ്രിയം നാട്ടിൽ പാട്ടാണ്. നീലവർണത്തിൽ സ്റ്റൈലിൽ സൂപ്പർ സുന്ദരിയായി കേറ്റ് അരങ്ങത്തെത്തുമ്പോൾ ആരും ഒന്നു നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളു. അതെ, ബ്രിട്ടന്റെ രാജകുമാരി മാത്രമല്ല സ്റ്റൈലിന്റെ രാജകുമാരി കൂടിയാണ് കേറ്റ്.