മെർലിൻ മൺറോയുടെ ഉടുപ്പ് ലേലത്തിന്....

സ്വയം ജീവനെടുക്കും മുൻപുള്ള അവസാനത്തെ സിനിമയിൽ ഹോളിവുഡ് സുന്ദരി മെർലിൻ മൺറോ ധരിച്ച വസ്ത്രം ലേലത്തിന്. ഫ്ലോറൽ പ്രിന്റുള്ള മനോഹരമായ സിൽക്ക് ഉടുപ്പാണ് മറ്റു ഹോളിവുഡ് ഇതിഹാസങ്ങളുടെ ഓർമപ്പതക്കങ്ങൾക്കൊപ്പം ലേലത്തിൽ. 1962ലെ സംബഡി ഹാസ് ഗോട്ട് ടു ഗിവ് എന്ന ചിത്രത്തിനു വേണ്ടി മെർലിൻ അണിഞ്ഞ ഈ ഉടുപ്പിന് അരലക്ഷം ഡോളർ വരെ കിട്ടുമെന്നാണ് ജൂലിയൻസ് ലേല സ്ഥാപനത്തിന്റെ പ്രതീക്ഷ.

കലിഫോർണിയയിലെ ബെവർലി ഹിൽസിൽ നടക്കുന്ന ഹോളിവുഡ് ലെജൻഡ്സ് ലേലം 26 മുതൽ 27 വരെയാണ്. ഹോളിവുഡ് താരം മാർലൻ ബ്രാൻഡോയുടെ സ്വന്തമായിരുന്ന ഒരു ഹാർലി ഡേവിഡ്സൺ ബൈക്കും ലേലത്തിനുണ്ട്. ഇതിനു നാലു ലക്ഷം ഡോളർ വരെ കിട്ടുമത്രേ. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ആരാധകർക്കുവേണ്ടി പ്രത്യേക ലേലവിഭാഗവുമുണ്ട്. ഡയാന രാജകുമാരി ധരിച്ച ഉടുപ്പാണ് ശ്രദ്ധാകേന്ദ്രം. ബ്രിട്ടിഷ് രാജകുടുംബത്തിലെ വിവാഹസൽക്കാരങ്ങളിൽ വിളമ്പിയ കേക്ക് കഷണങ്ങളും വിൽപനയ്ക്കുണ്ട്.