Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചവർ ട്വീറ്റ് ചെയ്യുന്നു; ആരാണാ പ്രേതകരങ്ങൾക്കു പിന്നിൽ...?

ghost

‘ഉള്ളി വഴറ്റിയ ശേഷം ഉലുവാപൊടിയുടെ കൂടെ ജീരകം പൊടിച്ചിട്ടാൽ ഉപ്പുമാവിന്റെ പശപശപ്പ് കുറവായിരിക്കും.. –Albert Einstein

ഐൻസ്റ്റീനല്ല അദ്ദേഹത്തിന്റെ മാതാവ് പൗളിന പോലും ഇങ്ങനൊരു ഡയലോഗ് അടിച്ചിട്ടുണ്ടാവില്ലെന്നത് അദ്ദേഹത്തിന്റെ റിലേറ്റിവിറ്റി തിയറി പോലെ സത്യം. എന്നിട്ടും അദ്ദേഹത്തിന്റെ പടവും വച്ച് ഇത്തരം കോമഡി ഡയലോഗുകൾ നെറ്റിൽ സുലഭം. ഇതു തമാശയാണെന്നു വയ്ക്കാം, പക്ഷേ ഐൻസ്റ്റിന്റെയാണെന്നും പറഞ്ഞ് പ്രചരിക്കുന്ന ട്വീറ്റുകളുടെ കാര്യമോ? അദ്ദേഹം മാത്രമല്ല, എൽവിസ് പ്രീസ്‌ലി, മർലിൻ മൺറോ, ബോബ് മാർലി തുടങ്ങി മരിച്ചിട്ടും മനസ്സിൽ നിന്നും മായാത്ത പല പ്രതിഭകളുടെയും പേരിൽ ഒട്ടേറെ ട്വീറ്റുകളാണ് പ്രചരിക്കപ്പെടുന്നത്. അതും ദിവസേനയെന്ന വണ്ണം. മിക്കതും അവർ പറഞ്ഞതുപോലുമല്ല. പക്ഷേ ഉലുവാപ്പൊടിയും ഉപ്പുമാവും പോലെയല്ല, നല്ലുഗ്രൻ ട്വീറ്റുകളാണ് മരിച്ച മഹാപ്രതിഭകളുടെ പേരിൽ പ്രചരിക്കപ്പെടുന്നത്.

ഐൻസ്റ്റീനും ബോബ് മാർലിയുമൊന്നും മരിച്ചിട്ടില്ലെന്നു വിശ്വസിക്കാനാഗ്രഹിക്കുന്നവർക്ക് ഏറെ ആശ്വസകരമാണ് ഈ ട്വിറ്റർ അക്കൗണ്ടുകൾ. ഇവയൊന്നും വ്യാജ അക്കൗണ്ടുകളുമല്ല. എല്ലാം ട്വിറ്റർ അധികൃതർ വെരിഫൈ ചെയ്തവ, ട്വിറ്റർ കിളിയുടെ ഇളംനീല മുദ്ര പതിയ്ക്കപ്പെട്ടവ. ഗൂഗിളിൽ സേർച്ച് ചെയ്താലും വെരിഫൈ ചെയ്ത അക്കൗണ്ടുകളായാണ് അന്തരിച്ച ഓരോ മഹാന്മാരുടെയും ട്വിറ്റർ പ്രൊഫൈലുകൾ പ്രത്യക്ഷപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് തങ്ങളുടെ ഇതിഹാസതാരങ്ങളെ ഫോളോ ചെയ്യുന്നതും. എന്നാൽ ആരാണ് ഇതിനു പിന്നിലെന്നു ചോദിച്ചാൽ കൈമലർത്തുകയേ വഴിയുള്ളൂ.

ghost

മരണശേഷം തങ്ങളുടെ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യാനുള്ള അവകാശവും പാസ്‌വേഡും ബന്ധുക്കൾക്ക് നൽകുന്ന രീതി വിദേശരാജ്യങ്ങളിലുണ്ട്. അന്തരിച്ച പ്രശസ്തരാണെങ്കിൽ അവരുടെ സ്വത്തുവകകൾ നോക്കി നടത്താൻ ചുമതലപ്പെടുത്തിയവർക്ക് ട്വിറ്റർ അക്കൗണ്ടുകൾ ആരംഭിക്കാം. മർലിൻ മൺറോയുടെ ട്വിറ്റർ അക്കൗണ്ട് അത്തരത്തിലുള്ളതാണ്. ട്വീറ്റ് ഡെക്ക് പോലുള്ള ആപ്പുകൾ ഉപയോഗിച്ചാൽ ട്വീറ്റുകൾ ‘ശേഖരിച്ചു’ വയ്ക്കാനും അത് നിങ്ങളുടെ മരണശേഷം പോസ്റ്റ് ചെയ്യാനുമുള്ള സംവിധാനമുണ്ട്. (ഐൻസ്റ്റീൻ മരിച്ച് 55 കൊല്ലം കഴിഞ്ഞാണ് ട്വിറ്റർ ആരംഭിക്കുന്നതെന്ന് ചുമ്മ ഓന്നോർക്കുക.)

ഫെയ്സ്ബുക്കിലും ‘ലെഗസി കോണ്ടാക്ട്’ സംവിധാനത്തിലൂടെ മരണാനന്തരം ഒരാളുടെ അക്കൗണ്ട് സജീവമായി നിലനിർത്താൻ ബന്ധുക്കൾക്ക് അവകാശം ലഭിക്കും. പക്ഷേ ട്വിറ്ററിൽ പല പ്രശസ്തരുടെയും അക്കൗണ്ടിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ലാത്തതിനാൽ ‘ഗോസ്റ്റ് ട്വിറ്റർ അക്കൗണ്ടുകൾ’ എന്നാണിവയുടെ വിളിപ്പേര്. പലരുടെയും പേരിൽ പാര‍ഡി അക്കൗണ്ടുകളുമുണ്ട്. പ്രശസ്തരുടെ ക്വാട്ടുകൾ പ്രചരിപ്പിക്കാനുമുണ്ട് അക്കൗണ്ടുകൾ. പക്ഷ ഇതൊന്നും വെരിഫൈ ചെയ്തതല്ല. പുതിയ പല ഹാഷ്ടാഗുകളുമുണ്ടാക്കി, അമേരിക്കൻ ഇലക്‌ഷനെപ്പറ്റിയും ജസ്റ്റിൻ ബീബറിന്റെ പുതിയ പ്രേമത്തെപ്പറ്റിയുമൊക്കെ ട്വീറ്റ് ചെയ്യലാണ് ചിലപ്പോഴൊക്കെ ഐൻസ്റ്റീന്റെയും ബോബ് മാർലിയുടെയുമൊക്കെ ജോലി. ഇടയ്ക്ക് ചില കമ്പനികളുടെ ഉൽപന്നങ്ങളും ഇവർ പ്രൊമോട്ട് ചെയ്യുന്ന രീതിയിൽ ട്വീറ്റുകളായെത്തും. ലോകം ആരാധിക്കുന്ന ബോബ് മാർലിയെ കാപ്പിക്കച്ചവടക്കാരനാക്കുന്ന ഇത്തരം പരിപാടികൾക്കെതിരെ പലപ്പോഴും അക്കൗണ്ടിൽതന്നെ രോഷപ്രകടനങ്ങളും നടക്കുന്നത് പതിവാണ്. പക്ഷേ ആരുടേതാണ് ഈ ‘പ്രേതകരങ്ങളെ’ന്നറിയാത്തിടത്തോളം കാലം മുകളിലിരുന്ന് അവരെല്ലാം കാണുന്നുണ്ട് എന്നതിനു പകരം മുകളിലിരുന്ന് അവരെല്ലാം ട്വീറ്റുചെയ്യുന്നുണ്ട് എന്നു പറയുകയേയുള്ളൂ വഴി.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.