Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാനാരാണെന്ന് ഉടന്‍ വെളിപ്പെടുത്തും', രാജ്യത്തിന്റെ ഉറക്കം കെടുത്തിയ അജ്ഞാതൻ സംസാരിക്കുന്നു !

Elliot Alderson Representative Image

ഒരു മാസമായി രാജ്യത്തെ സർക്കാർ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ഉറക്കം കെടുത്തിയ എലിയറ്റ് ആൽഡേഴ്സൺ എന്ന ട്വിറ്റർ പ്രൊഫൈൽ അജ്ഞാതവാസം ഉപേക്ഷിക്കുന്നു. അധികം വൈകാതെ ശരിയായ വ്യക്തിത്വം വെളിപ്പെടുത്തുമെന്നാണു സൂചന. ഫ്രഞ്ച് സുരക്ഷാ വിദഗ്ധനെന്നു സ്വയം വിശേഷിപ്പിക്കുന്ന അജ്ഞാത ട്വിറ്റർ അക്കൗണ്ട് ആയിരുന്നു കഴിഞ്ഞ മാസത്തെ വാർത്താ താരം. യുഐഡിഎഐ (ആധാർ), ബിഎസ്എൻഎൽ, ഫെയ്സ് ബുക്, തെലങ്കാന സർക്കാർ, കേരള പൊലീസ്, വിവിധ മൊബൈൽ കമ്പനികൾ എന്നിങ്ങനെ പലരും അവരുടെ സൈബർ സുരക്ഷാവീഴ്ചകളുടെ പേരിൽ വിമർശനശരങ്ങൾ ഏറ്റുവാങ്ങി. എംആധാർ ആപ് ഒരു നിമിഷത്തിനുള്ളിൽ ഹാക്ക് ചെയ്യാമെന്നു വിഡിയോ വരെ പുറത്തിറക്കി. 

ഇടയ്ക്ക് റോബർട് ബാപ്റ്റിസ്റ്റെന്നാണ് തന്റെ ശരിയായ പേരെന്ന വെളിപ്പെടുത്തലുമുണ്ടായി. എലിയറ്റ് എന്ന പേരിൽ മറഞ്ഞിരിക്കുന്നത് ഇന്ത്യക്കാരനാണെന്ന് അഭ്യൂഹവും പരന്നു. യുവാക്കൾ റോബർട്ടിനെ ട്രാക്ക് ചെയ്യാനുള്ള ഊർജിത ശ്രമത്തിലുമാണ്. എലിയറ്റ് ആൽഡേഴ്സൺ ഇമെയിൽ അഭിമുഖത്തിൽ ‘യുവ’യോടു പ്രതികരിച്ചപ്പോൾ. 

ഇതുവരെ നിങ്ങളാരെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല? 

ചിലരെന്ന ട്രാക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നു തോന്നും. ഇതു വലിയ കാര്യമൊന്നുമല്ല, കാരണം ഞാൻ ഒളിക്കുന്നില്ല എന്നതു തന്നെ! ചില കുട്ടികൾ എന്റെ പിറകെയാണ്. ഒറ്റക്കാര്യമേ എനിക്കു പറയാനുള്ളൂ. നിങ്ങളെന്ന വിടൂ, എന്റെ കണ്ടെത്തലുകളുടെ മൂല്യം മാത്രം നോക്കൂ. 

ഒരു ദിവസം എത്ര മണിക്കൂർ  ഉറങ്ങും? ട്വിറ്ററിൽ ആക്ടീവ് അല്ലാത്ത സമയം നോക്കി താങ്കളുടെ ടൈം സോൺ കണ്ടെത്തിയാലോ? 

ഏഴു മണിക്കൂർ വരെ ഞാനുറങ്ങും. ടൈം സോൺ ചിലപ്പോൾ കണ്ടെത്തിയേക്കാം, എന്നെക്കുറിച്ച് മറ്റുള്ളവർ കൂടുതൽ സൂചനകൾ കണ്ടെത്തുന്നത് വലിയ കൗതുകമാണ്. 

ഒരു ദിവസം നിങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീഴില്ലേ? 

ഞാൻ പറഞ്ഞില്ലേ, അതു സംഭവിച്ചു കഴിഞ്ഞു. എനിക്കതൊരു പ്രശ്നമേയല്ല. 

Elliot Alderson ഏഴു മണിക്കൂർ വരെ ഞാനുറങ്ങും. ടൈം സോൺ ചിലപ്പോൾ കണ്ടെത്തിയേക്കാം, എന്നെക്കുറിച്ച് മറ്റുള്ളവർ കൂടുതൽ സൂചനകൾ കണ്ടെത്തുന്നത്...

യഥാർഥ പേര് പുറത്തുവിട്ടു, പക്ഷേ ഇപ്പോഴും അജ്ഞാതവാസം. ഇതെങ്ങനെ? 

എലിയറ്റ് ആൽഡേഴ്സൺ എന്ന സിനിമാ കഥാപാത്രത്തിന്റെ പേരു നല്ലതല്ലേ? പക്ഷേ ഒരു കാര്യം ശരിയാണ്, എന്റെ പേര് റോബർട് ബാപ്റ്റിസ്റ്റ് എന്നു തന്നെയാണ്. 

ഹോബികൾ? 

ഓട്ടമാണ് പ്രധാനം. കഴിഞ്ഞ വർഷത്തെ പാരിസ് മാരത്തൺ ഞാൻ ഓടിയിട്ടുണ്ട്. 

എന്തുകൊണ്ട് ഇന്ത്യ? 

പ്രത്യേകിച്ചൊരു കാരണവുമില്ല. ജനുവരിയിൽ ആധാർ ആപ്പിന്റെ സുരക്ഷ പരിശോധിക്കാൻ ഒരാൾ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഇന്ത്യയിലേക്കും ശ്രദ്ധിച്ചു തുടങ്ങി. ഒട്ടേറെ രാജ്യങ്ങളുടെ സൈറ്റുകളും ആപ്പുകളും നോക്കിയിട്ടുണ്ട്. അധികം വൈകാതെ മറ്റൊരു രാജ്യത്തേക്കു ശ്രദ്ധ മാറ്റും. 

കണ്ടെത്തിയതിൽ ഏറ്റവും വലിയ സുരക്ഷാപ്പിഴവ്? 

കഴിഞ്ഞ നവംബറിൽ വൺപ്ലസ് ഫോണുകളുടെ പിൻവാതിൽ വഴി നിയന്ത്രണം ഏറ്റെടുക്കാവുന്ന ഏൻജല എന്ന പിഴവ്. 

ഇന്ത്യയിലെ വെബ് സുരക്ഷയ്ക്ക് അഞ്ചിൽ എത്ര മാർക്ക്? 

ഒന്ന് 

ആധാറുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ അവസാനിപ്പിക്കുന്നുവെന്നു കേട്ടല്ലോ, മടുത്തോ? 

ഏറെക്കുറെ. പല വിഷയങ്ങളിൽ ഒന്നു മാത്രമായിരുന്നു ആധാർ. മറ്റൊന്നിലേക്കു മാറും. 

ആധാർ അധികൃതർ ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?‌ 

നിർഭാഗ്യമെന്നു പറയട്ടെ, ഇതുവരെയില്ല. ഇന്ത്യയിൽ സുരക്ഷാപ്പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ (Ethical) ഹാക്കർ ആയി തുടരുക വലിയ പ്രയാസമാണ്. നല്ല ഉദ്ദേശ്യമുണ്ടായിട്ടുപോലും മറ്റുള്ളവർ അവരെ ദ്രോഹിക്കുകയാണ് പതിവ്. 

സ്വയം വെളിപ്പെടുത്തുമോ? 

നോക്കട്ടെ, ഞാനുടനെ ഐഡന്റിറ്റി വെളിപ്പെടുത്തിയേക്കും. 

സർക്കാരിന് നൽകാനുള്ള ഉപദേശം? 

വെബ് സുരക്ഷാ ഗവേഷകർ നിങ്ങളെ സഹായിക്കാനാണ് നിലകൊള്ളുന്നത്. അവരുടെ കഴിവ് ഉപയോഗിക്കാൻ മടിക്കേണ്ട.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam