ഞാനെന്നും ട്രെൻഡി ഗേൾ: അൻജു കുര്യൻ

മോഡൽ: അൻജു കുര്യൻ ചിത്രം: റിജോ ജോസഫ്

ടിക് ടിക്... ഫാഷൻ സ്റ്റോറിന്റെ നോട്ടിഫിക്കേഷൻ. കോട്ടൺ, ലിനൻ എന്നുതുടങ്ങി സാധാരണ ക്ലോത്തിൽ വരെയുള്ള ജാക്കറ്റുകൾ മൊബൈൽ സ്ക്രീനിൽ. വീണ്ടും ടിക് ടിക്... മറ്റു സൈറ്റുകളുടെയും നോട്ടിഫിക്കേഷൻസ്. അവിടെയും പരിചയമില്ലാത്ത ജാക്കറ്റിന്റെ നീണ്ട നിര. ഇതെന്താണു മഴക്കാലം കഴിഞ്ഞിട്ടും ജാക്കറ്റ് കച്ചവടമെന്നോർത്തു കണ്ണുമിഴിച്ചു, ആദ്യം. പിന്നെ മുംബൈയിൽനിന്നെത്തുന്ന ന്യൂ ട്രെൻഡ്സിനെ കേരളത്തിലെത്തിക്കാൻ ഒരു മിനിറ്റുപോലും വേണ്ടാത്ത ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾക്കു വെറുതെ ഒരു താങ്ക്സും പറഞ്ഞ് ഒരൊറ്റ ടച്ച്... ഒരാഴ്ചയ്ക്കുള്ളിൽ ട്രെൻഡി ജാക്കറ്റ് അണിഞ്ഞ് ഓഫിസിലെത്തി അൻജു കുര്യൻ.

അടുത്തമാസം റിലീസ് ചെയ്യുന്ന ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയിലെ ആസിഫ് അലിയുടെ നായിക കോട്ടയം കഞ്ഞിക്കുഴി സ്വദേശി അൻജുവിന് ഈ ട്രെൻഡി ഗേൾ ക്ലബ്ബിൽനിന്ന് ഔട്ടാകുന്നത് ഓർക്കാൻകൂടി വയ്യ. കാരണം, സിനിമയെക്കാൾ മോഡലിങ്ങിനെ സ്നേഹിക്കുന്നു അൻജു. ഒന്നാമതു മോഡലിങ്. രണ്ടാമതു കരിയർ. മൂന്നാമതേയുള്ളൂ ചെന്നൈയിൽ ഇന്റീരിയർ ഡിസൈനറായ അൻജുവിനു സിനിമ.

ജാക്കറ്റ് എന്നാണ് ഔട്ടായതെന്നു ചോദിച്ചാൽ അൻജു പറയും. ജാക്കറ്റ് ഈ ഓണക്കാലത്തും ട്രെൻഡിയാണെന്ന്. വെസ്റ്റേൺ ഔട്ട് ഫിറ്റ് കിട്ടാൻ ഏറ്റവും എളുപ്പം ജാക്കറ്റ് ധരിക്കുന്നതാണ്. പക്ഷേ, നമ്മുടെ ചൂടു കാലാവസ്ഥയ്ക്ക് ഈ ജാക്കറ്റ് അത്ര പറ്റാത്തതുകൊണ്ട് വേനൽക്കാലത്ത് ജാക്കറ്റ് തനിയെ ഔട്ടാകും. പക്ഷേ, ഇനി വേനൽക്കാലത്തും വെസ്റ്റേൺ ലുക്ക് തരുന്നതാണു പുതിയ ജാക്കറ്റ്. സാധാരണ മെറ്റീരിയലിൽ ഉള്ള കനംകുറഞ്ഞ ജാക്കറ്റ്. ആങ്കിൾ ലെങ്ത് ജീൻസിനും ടീഷർട്ടിനും കൂടെ ഏതു കളറിലുള്ള ജാക്കറ്റും ഇടാം, കൂടെ കാൻവാസ് ഷൂവും ഒരു വലിയ ആങ്ക്ലറ്റുംകൂടി ഇട്ടാൽ ഡബിൾ ട്രെൻഡി.

സംവിധായകരായ അൽഫോൺസ് പുത്രനും ജൂഡ് ആന്റണിയും അൻജുവിന്റെ ഫ്രണ്ട്സാണ്. അതുകൊണ്ടാണ് മോഡലിങ്ങും കരിയറും മാത്രമെന്നുള്ള തീരുമാനം തിരുത്തി അൻജു, നേരത്തിലും ഓം ശാന്തി ഓശാനയിലും അഭിനയിച്ചത്. ചെന്നൈ ടു സിംഗപ്പൂർ എന്ന തമിഴ്ചിത്രം ഉടൻ റിലീസാകും. കവി ഉദേശിച്ചത് അടുത്തമാസവും തിയറ്ററുകളിലെത്തും. എന്നിട്ടും അൻജു ചിരിച്ചുകൊണ്ടു പറയും: ബേസിക്കലി ഞാനൊരു മോഡലാണ്.