നരേഷിന്റെ ഈ ഫ്രീക്കൻ മുടിയ്ക്ക് പിന്നിലെ രഹസ്യം

നരേഷ് അയ്യർ

പ്രശസ്ത ഹിന്ദി - മറാത്തി പിന്നണി ഗായകൻ നരേഷ് അയ്യരെ അറിയാത്ത സംഗീത പ്രേമികൾ ചുരുക്കമാണ്. രംഗ് ദേ ബസന്തി എന്ന ഒറ്റ സിനിമയിലെ ഗായത്തിലൂടെ തന്നെ ഈ തമിഴ്നാട്ടുകാരൻ പയ്യൻ സംഗീതപ്രേമികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു. ഒരു വിഭാഗം ആളുകൾ നരേഷിന്റെ സംഗീതത്തിന്റെ കടുത്ത ആരാധകരായപ്പോൾ , യുവാക്കളെ ആകർഷിച്ചത് നരേഷിന്റെ നീണ്ട ചുരുളൻ തലമുടിയാണ്. 

കോലൻ മുടി സ്വന്തമാക്കാനായി ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങി ആയിരങ്ങൾ ചെലവാക്കി നടക്കുമ്പോഴാണ് നരേഷിന്റെ ചുരുളൻ മുടിയുമായുള്ള എൻട്രി. നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന 'ചെത്ത് - ഫ്രീക്കൻ' പിള്ളേരുടെ ആദ്യരൂപം എന്ന് വേണമെങ്കിൽ പറയാം. നല്ല കറുത്ത നിറത്തിൽ തോളൊപ്പം വളർന്നു നിൽക്കുന്ന ആ തലമുടി പിന്നെ എങ്ങനെ ആളുകൾ ഇഷ്ട്ടപെടാതിരിക്കും. 

ന്യൂഡിൽസ് ഹെയർ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ചുരുണ്ട തലമുടി, വളരെ ചുരുങ്ങിയ സമയം കൊണ്ട് നരേഷ് അയ്യർ എന്ന വ്യക്തിയുടെ ഐഡന്റിറ്റി ആയി മാറി എന്ന് പറഞ്ഞാൽ മതിയല്ലോ. സംഗീതത്തിലെ പോലെ തന്നെ ഏറെ ആരാധകരുള്ള നരേഷിന്റെ ഇടതൂർന്ന മുടിക്ക് പിന്നിലെ രഹസ്യം എന്തെന്നോ? 

ദിവസവും എണ്ണതേച്ചുള്ള കുളിയാണ് തന്റെ മുടിയുടെ രഹസ്യമെന്ന് നരേഷ് പറയുന്നു. എണ്ണ തേയ്പ്പും കൈകൊണ്ടുള്ള മസ്സാജിംഗും കൂടിയാകുമ്പോൾ മുടിയുടെ കാര്യത്തിൽ പിന്നെ വേറൊന്നും വേണ്ട. പിന്നെ നരേഷ് ശുദ്ധ വെജിറ്റേറിയൻ ആണ് എന്നുള്ളതും പ്രധാനകാര്യമാണ്. ആവശ്യത്തിന് പച്ചക്കറിയും പഴങ്ങളും ചേർന്നുള്ള ഡയറ്റ് നരേഷിന്റെ ഭംഗിയുള്ള തലമുടി കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. നരേഷ് അയ്യരുടെ പോലുള്ള മുടി ആഗ്രഹിക്കുന്നവർ ഇനി വൈകിക്കണ്ട , തുടങ്ങാം ഓയിൽ മസാജിംഗും വെജിറ്റേറിയൻ ഡയറ്റും.