പ്രസന്ന മാസ്റ്ററെ ഞെട്ടിച്ച് മോഹൻ ലാൽ, ദീപികയോടു പ്രണയം തോന്നിയ കഥ പറഞ്ഞ് നീരവ്

നീരവ് ബാവ്‍ലേചയും പ്രസന്ന മാസ്റ്ററും

ഒന്നും ഒന്നും മൂന്നിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകനു സമ്മാനിക്കുന്നത് വലിയൊരു കാഴ്ച്ച വിരുന്നാണ്. സിനിമാ ലോകത്തെ മിന്നും താരങ്ങളും ഇടയ്ക്കൊരു ഇടവേള നൽകി കുടുംബ ജീവിതം ആരംഭിച്ചവരും ന്യൂജെൻ സ്റ്റാർസുമെല്ലാം ഒന്നും ഒന്നും മൂന്നിന്റെ വേദിയില്‍ അതിഥികളായെത്താറുണ്ട്. ഇക്കഴിഞ്ഞ തവണ റിമിക്കൊപ്പം വേദിയെ ആഘോഷകരമാക്കിയത് ഡി ഫോർ ഡാൻസിലെ പ്രിയ്യപ്പെട്ട വിധികർത്താക്കളായ പ്രസന്ന മാസ്റ്ററും നീരവ് ബാവ്‍‍ലേചയും ആണ്.

രണ്ടുപേരും നൃത്തരംഗത്തെ പ്രഗത്ഭർ ആയതുകൊണ്ടു തന്നെ ഡാൻസ് െകാണ്ടു നിറഞ്ഞു നിന്നു വേദി, ഒപ്പം റിമിയുടെ പാട്ടും കൂടി ചേർന്നാൽ പറയണോ പൂരം. പരിപാടിക്കിടയിൽ നീരവ് ബാവ്‍ലേചയുടെ പ്രണയത്തെക്കുറിച്ചും റിമി ചോദിച്ചു. ഒട്ടേറെ പേരോടു ക്രഷ് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ദീപികയോടു തോന്നിയത് ഇപ്പോഴും ഓർത്തിരിക്കുന്നുവെന്നും നീരവ് പറഞ്ഞു. ദീപിക ഓം ശാന്തി ഓം സിനിമ ചെയ്യും മുമ്പേയായിരുന്നു അത്. തന്റെ സങ്കൽപത്തിലെ പെൺകുട്ടി മനസിലാക്കുന്നയാളും ഒപ്പം ഒരു നല്ല സുഹൃത്തും ആയിരിക്കണം എന്ന നിർബന്ധം മാത്രമേ നീരവിനുള്ളു.

തെന്നിന്ത്യൻ സിനിമാ ലോകത്തെ തിളങ്ങുന്ന ഡാൻസ് മാസ്റ്റർ പ്രസന്നയ്ക്ക് കിടിലൻ സർപ്രൈസും റിമി ഒരുക്കിയിരുന്നു. മറ്റൊന്നുമല്ല പ്രസന്ന മാസ്റ്റർ ഏറെ ആരാധിക്കുന്ന മോഹൻ ലാലിന്റെ ഒരു വിഡിയോ ആയിരുന്നു അത്. പ്രസന്ന മാസ്റ്റർക്കൊപ്പം പ്രവർത്തിച്ച നിമിഷങ്ങൾ ഓർത്തെടുത്ത മോഹൻ ലാലിന് അവസാനമായി ഒരു അഭ്യർഥന കൂടിയുണ്ടായിരുന്നു. അതെന്താണെന്നല്ലേ? പ്രസന്ന മാസ്റ്ററുടെ വിവിധ തരത്തിലുള്ള നൃത്തങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്ലാസിക്കൽ ഡാൻസ് മാത്രം താനിതു വരെ കണ്ടിട്ടില്ല. ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ തനിക്കു വേണ്ടി ക്ലാസിക്കൽ ഡാൻസ് ചെയ്തു കാണിക്കണം എന്നതായിരുന്നു അത്.

തന്റെ പ്രിയപ്പെട്ട നടൻ പറയുമ്പോൾ അതു സാധ്യമാക്കിക്കൊടുക്കാതിരിക്കുന്നതെങ്ങനെ? അങ്ങനെ ലാലേട്ടനു വേണ്ടി ക്ലാസിക്കല്‍ ഡാൻസ് ചെയ്യുക തന്നെ ചെയ്തു പ്രസന്ന മാസ്റ്റർ. ഒരു മാസ്റ്റർ എന്നതിനേക്കാൾ പ്രസന്ന തനിക്കൊരു സുഹൃത്താണെന്നും മോഹൻ ലാൽ പറഞ്ഞു.