എന്റെ കിടപ്പറയിലെ കാര്യം ആരും അന്വേഷിക്കണ്ട: സാനിയ മിർസ

ടെന്നീസ് താരം സാനിയ മിർസ എന്തു കാര്യത്തിലും തന്റേതായ നിലപാടുള്ള വ്യക്തിയാണ്. ഇന്ത്യയിലെ അത്‍ലറ്റുകളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം കൂടിയായ സാനിയയ്ക്ക് സ്വകാര്യ ജീവിതത്തെ അത്രയ്ക്കൊന്നും പരസ്യപ്പെടുത്താൻ താല്‍പര്യമില്ല. ടെന്നീസ് കോർട്ടിലെയും ഗ്ലാമർ ലോകത്തെയും വിശേഷങ്ങൾക്കപ്പുറം കുടുംബവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ കുറച്ചു രഹസ്യമാക്കി വയ്ക്കാൻ തന്നെയാണ് താരത്തിനിഷ്ടം. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ ദിവസം ബിബിസിക്കു നൽകിയ അഭിമുഖത്തിനിടെ സാനിയ പൊട്ടിത്തെറിച്ചത്.

മക്കളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയില്ലേ എന്ന ചോദ്യത്തോടാണ് സാനിയ രൂക്ഷമായി പ്രതികരിച്ചത്. എന്റെ കിടപ്പറയിൽ നടക്കുന്നത് എന്താണെന്നു ചോദിക്കാൻ ആർക്കും അവകാശമില്ലെന്നാണ് സാനിയ പറഞ്ഞത്. വിഷയത്തിൽ സാനിയയെ അഭിനന്ദിച്ചും വിമർശിച്ചും സോഷ്യൽമീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. മുന്‍ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് ആണ് സാനിയയുടെ ഭർത്താവ്. 2015 സാനിയ എന്ന അത്‍ലറ്റിന്റെ ജീവിതത്തിലെ മികച്ച വർഷമായിരുന്നു. രണ്ടു ഗ്രാന്റ്സ്ലാമുകള്‍ നേടിയതിനൊപ്പം വ്യക്തിഗത ഡബിൾ റാങ്കിങിൽ ലോക ഒന്നാം നമ്പർ താരവുമായത് ഇക്കഴി​ഞ്ഞ വർഷമായിരുന്നു.