ഞാനൊരു ഫെമിനിസ്റ്റല്ല!, പരിനീതി ചോപ്ര

ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയ്ക്കു താനൊരു റോള്‍ മോഡൽ ആകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു ഫെമിനിസ്റ്റ് ആയി മുദ്രകുത്തപ്പെടാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. ഹരിയാനയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണത്തിന്റെ അംബാസിഡർ കൂടിയായ താരം കഴിഞ്ഞ ദിവസമാണ് താനൊരു ഫെമിനിസ്റ്റ് അല്ലെന്നും എന്നാൽ ലിംഗസമത്വത്തിനു വേണ്ടി ശബ്ദമുയർത്തുമെന്നും പറഞ്ഞത്. ഒരു ഫെമിനിസ്റ്റ് ആയി പ്രത്യക്ഷപ്പെ‌‌ടുന്നതിനേക്കാൾ ഇഷ്ടം മാതൃകയായി കണക്കാക്കുന്നതാണത്രേ.

ബോളിവുഡ് ലോകത്തേക്കു കടന്നതോടെ സ്ത്രീകളെക്കുറിച്ചുള്ള പ്രശ്നങ്ങൾ കൂ‌ടുതൽ മനസിലാക്കാൻ തുടങ്ങി. അതുതന്നെ കൂടുതൽ ശക്തയും ഉത്തരവാദിത്തബോധമുള്ളവളും ആക്കിയെന്നും പരിനീതി പറയുന്നു. ഒരു സ്ത്രീയായതിൽ അഭിമാനിക്കുന്നുണ്ട്. ലിംഗ അസമത്വങ്ങൾക്കെതിരെ സംസാരിക്കാറുണ്ട്. ഇന്നു ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ട്. അതു തന്നെ ഒരു പാതി ഫെമിനിസ്റ്റ് ആക്കുന്നുവെങ്കിൽ അതങ്ങനെയാവട്ടെ എന്നും പുരുഷന്മാരെ കാണുന്നതുപോലെ തന്നെ സമൂഹം സ്ത്രീകളെയും കാണാൻ തയ്യാറാവണമെന്നും പരിനീതി പറഞ്ഞു. പക്ഷേ നമ്മുടെ രാജ്യത്ത് ഇന്നങ്ങനെ കാണുന്നവർ കുറവാണ് അതുകൊണ്ട് താൻ എല്ലാവർക്കും ഒരു റോൾ മോഡൽ ആവണമെന്നും പക്ഷേ ഫെമിനിസ്റ്റ് ആകേണ്ടെന്നും പരിനീതി കൂട്ടിച്ചേർത്തു.

2011ൽ ലേഡീസ് വിഎസ് റിക്കി ബാളിലൂടെ ബോളിവുഡിൽ അരങ്ങേറിയ പരിനീതി ഇഷക്സാദെ, ഹസീ തോ ഫസീ, ശുദ്ധ് ദേസി റൊമാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ താരമാണ്.