ക്ലാസി ലുക്കിൽ കൃഷ്ണപ്രഭ

കൃഷ്‌ണപ്രഭയുടെ ഫോട്ടോഷൂട്ടിൽ നിന്ന്

മൂന്നാംവയസു മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ആ പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു വളർന്നു വരുമ്പോൾ ഒരു സിനിമാ നടിയാകുക എന്നത്. ആഗ്രഹം ഉള്ളിലടക്കി അവസരം തനിക്കരികെ വരട്ടെ എന്നു കരുതി കാത്തിരുന്നില്ല അവൾ, പകരം തന്റെ എല്ലാമായ നൃത്തത്തിലൂടെ തന്നെ അഭിനയ മേഖലയിലേക്കു കടന്നുവന്നു. അവതാരകയായും സീരിയലുകളിലും വേഷമിട്ട കൃഷ്ണപ്രഭ എന്ന ആ പെൺകുട്ടിയില്ലാത്ത സിനിമകൾ ഇന്ന് വിരളം. കോമഡിയോ ട്രാജഡിയോ എന്ന വകഭേദമില്ലാതെ, തന്റെ റോൾ മികച്ചതാക്കുന്ന പെൺകുട്ടി.

വിവാദമായ ഗ്ലാമർ ഫോട്ടോഷൂട്ടിന് മറുപടിയെന്നോണം കിടിലൻ ക്ലാസി ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ. നാടൻ വസ്ത്രങ്ങളിൽ ശാലീന സുന്ദരിയായും മോഡേൺ വസ്ത്രങ്ങളിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമായും കൃഷ്ണപ്രഭ കലക്കിയിട്ടുണ്ട്. കറുത്ത കോട്ടൺ സാരിയിലും ഇളം പർപ്പിൾ നിറത്തിലുള്ള ഷിഫോൺ സാരിയിലും ക്രീം നിറത്തിലുള്ള ഗൗണിലുമെല്ലാം ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ.

''ഫോട്ടോഗ്രാഫി ഇഷ്ടമുള്ള മേഖലയാണ്, അതുകൊണ്ട് എപ്പോഴും ഫോട്ടോകൾ എടുക്കാൻ ഇഷ്ടമാണ്. എന്റെ കഴിഞ്ഞ ഫോട്ടോഷൂട്ട് കുറച്ചു ഗ്ലാമറസ് ആയതിനാലാണ് ഇത്തവണ ക്ലാസി ലുക്കിലെത്തിയത്. പരമ്പരാഗത വേഷമായ സാരിയിൽ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അമിതമായ മേക്കപ്പോ ആടയാഭരണങ്ങളോ ഇല്ലാതെയാണ് സാരി ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയത്. ചില ഫോട്ടോകൾ ആക്സസറീസില്ലാതെ കാഷ്വൽ ലുക്കിലായിരുന്നു, ഒരുപാട് പേർക്ക് അത് നന്നേ പിടിച്ചു. നൃത്തത്തെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നയാൾ എന്ന നിലയ്ക്കാണ് ഡാൻസിന്റെ മൂവ്മെന്റ്സിൽ പോസ് ചെയ്യാൻ തീരുമാനിച്ചത്. അതും മനോഹരമായെന്നു പലരും പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മേക്ക്ഓവർ ആയിരുന്നെങ്കിൽ ഇക്കുറി മേക്കപ്പിന്റെ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ പോസ് ചെയ്തതാണ് '' - കൃഷ്ണപ്രഭ പറയുന്നു.

വസ്ത്രധാരണത്തെക്കുറിച്ച് തന്റേതായ കാഴ്ചപ്പാടുണ്ട് കൃഷ്ണപ്രഭയ്ക്ക്. അവനവന്റെ ശരീരത്തിനു ചേരുന്നതു ധരിക്കുകയെന്നതാണു പ്രധാനമായും നോക്കേണ്ടത്. കടയിൽ ചെല്ലുമ്പോൾ, സിനിമയിൽ ഐശ്വര്യ റായും കരീന കപൂറുമൊക്കെ ധരിച്ചതു ഇതുപോലത്തെ ഡ്രസാണ് നിങ്ങൾക്കിത് നന്നായി ചേരുമെന്നു പറഞ്ഞു കാണിച്ചു തരാറുണ്ട്. അവർക്കു ചേരുന്നതു നമുക്കു ചേരണമെന്നില്ലല്ലോ. അത്തരം കമന്റുകളിൽ വീഴാറില്ല. സാരിയോടു പ്രത്യേക ഇഷ്ടമുണ്ട് പക്ഷേ എന്നും സാരിയുടുത്തു നടക്കുന്നതു മിനക്കേടാണ്, അതുകൊണ്ടു മിക്കപ്പോഴും കുർത്തിയാണു ധരിക്കാറ്.