നൃത്ത വേദിയിൽ ചിരിയുടെ മാലപ്പ‌ടക്കവുമായി പിഷാരട‌ി

ആദിൽ, പേളി മാണി, രമേഷ് പിഷാരടി

ഡിഫോർ ഡാൻസിൽ ഇന്നു വരെ ലഭിച്ചതിൽ വച്ചു വ്യത്യസ്തനായൊരു അതിഥിയാണ് കഴിഞ്ഞ ദിവസം എത്തിയത്. നൃത്തത്തിന്റെ എബിസിഡി േപാലും അറിയില്ലെന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രേക്ഷകരുടെ സ്വന്തം പിഷാരടി. ഡാൻസ് വേദിയെ കോമഡി വേദിയ്ക്കു സമമാക്കിയാണ് പിഷാരടി തിരിച്ചു പോയത്. നടക്കുന്നതിനിടയിൽ അറിയാതെ മൊബൈൽ റിങ് ചെയ്താൽ പോലും താളം തെറ്റുന്നയാളാണു താനെന്നു പറഞ്ഞ പിഷാരടി പോസിറ്റീവ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചു പ്രസന്ന മാസ്റ്റർ തന്നെ നൃത്തം പ​ഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പ‌െട്ട കഥയും വേദിയിൽ പങ്കുവച്ചു. മാത്രമോ ഡിത്രീയുടെ സ്വന്തം പേളീ മാണിയ്ക്കൊപ്പം റൊമാൻസ് അഭിനയിക്കുകയും ചെയ്തു താരം. നൃത്തത്തിനു ശേഷം പേളിയുടേത് ആത്മാർഥതയില്ലാതെയുള്ള റൊമാൻസ് ആയിരുന്നെന്നും പിഷു പറഞ്ഞു.

കഴിഞ്ഞില്ല പ്രിയാമണിയ്ക്കും കിട്ടി പിഷുവിന്റെ വക കമന്റ്സ്. വീണതു വിദ്യയാക്കുവാനുള്ള കഴിവു പ്രിയാമണിയെ കഴിഞ്ഞേയുള്ളു ബാക്കിയെല്ലാവരും എന്നാണു പിഷാരടിയുടെ വാദം. ഉദാഹരണമായി പ്രിയാമണിയ്ക്കു വിവിധ വേദികളിൽ സംഭവിച്ച അബദ്ധങ്ങള്‍ പറയുമ്പോൾ വേദിയാകെ ചിരികളാൽ ഇളകി മറിയുകയായിരുന്നു. ഒടുവിൽ നൃത്തം എന്താണെന്നു പോലും അറിയാത്ത നമ്മുടെ പിഷാരടി ഡിത്രീ വേദിയിൽ നിന്നും സ്റ്റാർ പെർഫോമർ അവാർഡും കരസ്ഥമാക്കിയാണു തിരിച്ചു പോയത്. അവാർഡു ലഭിച്ചില്ലേ ഇനി ധൈര്യമായി വേദികളിൽ നൃത്തം അവതരിപ്പിച്ചു തു‌‌ടങ്ങാം എന്ന പേളിയുടെ കമന്റിന്, സ്വന്തം പരിമിതികൾ സ്വയം മനസിലാക്കിയില്ലെങ്കിൽ തേങ്ങാക്കൊല മാങ്ങാത്തൊലി പോലുള്ള തെറ്റുകൾ സംഭവിക്കുമെന്നു പറഞ്ഞു മറുകൗണ്ടർ നൽകിയാണു താരം മടങ്ങിയത്.