വിമർശനം പ്രശ്നമല്ല, ഖാദിക്കു വേണ്ടി മുന്നോട്ട്: പൂർണിമ

ചുവന്ന ബോർഡറുള്ള ബെംഗാളി കോട്ടൺ സാരിയുടെ എലഗന്റ് ലുക്കിന് സ്റ്റൈലിഷ് മേക്ക് ഓവർ നൽകിയത് ശബോരി ബ്ലോക്ക് പ്രിന്റഡ് ബ്ലൗസ്. പൂർണിമയുടെ ക്രിയേറ്റിവിറ്റിയുടെ കയ്യൊപ്പു പതിഞ്ഞത് ബ്ലൗസിന്റെ കട്ട് സ്‌ലീവിൽ.

കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പു മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞയാഴ്ച സ്വന്തം ചിത്രം ട്വീറ്റ് ചെയ്തത് സോഷ്യൽനെറ്റ്‌വർക്കിങ് സൈറ്റുകളിൽ തുടർന്നുള്ള ദിവസങ്ങളിൽ കൊടുങ്കാറ്റു വിതച്ചു. # IWearHandloom എന്ന ഹാഷ്‌ടാഗോടെ ഇലക്ട്രിക് ബ്ലൂ സാരിയുടുത്ത സ്വന്തം ചിത്രമാണ് സ്മൃതി പങ്കുവച്ചത്. ദേശീയ ഖാദിദിനത്തിനു മുന്നോടിയായി ഖാദിയുടെ പ്രചാരണത്തിന് എല്ലാവരും പങ്കുചേരണമെന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം. ഏതായാലും സ്മൃതിയുടെ സെൽഫി വിത് ഹാൻഡ്‌ലൂം ക്യാംപെയ്‌ൻ വൻവിജയമായി. ഖാദി വസ്ത്രം ധരിച്ച് സെൽഫിയെടുത്ത് മന്ത്രിയെ ടാഗ് ചെയ്തു പോസ്റ്റിടാൻ സിനിമാതാരങ്ങളും മോഡലുകളും ഡിസൈനർമാരും മാത്രമല്ല, രാഷ്ട്രീയക്കാരും സാധാരണക്കാരും വരെ രംഗത്തെത്തി.

ഏതായാലും ഖാദിയുടെ പൈതൃകപ്പെരുമയുമായി സെൽഫി ക്യാംപെയിനിൽ വേറിട്ട മലയാളി സാന്നിധ്യമായത് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്താണ്. പൂർണിമയുടെ ഡിസൈനർ ലേബലായ പ്രാണയുടെ ഹാൻഡ്‌ലൂം കലക്ഷനിലൊന്നാണ് താരം അണിഞ്ഞത്.

കഴിഞ്ഞവർഷം ഖാദിദിനത്തോടനുബന്ധിച്ച് നടത്തിയ ‘ബാക്ക് ടു വില്ലേജ്’ ക്യാംപെയിന്റെ തുടർച്ചയായാണ് ഇത്തവണ #IWearHandloom ക്യാംപെയിൻ വന്നത്. ദേശീയതലത്തിലെ ഫാഷൻ ഡിസൈനർമാർ ഗ്രാമങ്ങളിലെ നെയ്ത്തുകാരും കൈത്തൊഴിലുകാരുമായി ചേർന്ന് ഖാദിക്കു വേണ്ടി അന്ന് പ്രത്യേക മൂവ്‌മെന്റ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം എംഫോർ മാരിയുടെ നേതൃത്വത്തിൽ നടത്തിയ ഫാഷൻഷോയിൽ എന്റെ ഡിസൈനർ ലേബലായ പ്രാണയും ഹാൻഡ്‌ലൂം പ്രമോഷൻ കൂടി ലക്ഷ്യമിട്ട് ‘ഓഡ് ടു ബനാറസ്’ എന്ന തീം അടിസ്ഥാനമാക്കിയാണ് ഷോ ചെയ്തത് – പൂർണിമ പറയുന്നു.

ഖാദി നമ്മുടെ ദേശീയതയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. നമ്മുടെ തനതു തുണിത്തരത്തിന്റെ പ്രാധാന്യം ശരിയായി മനസിലാക്കാത്തതു നമ്മൾ മാത്രമാണ്. രാജ്യാന്തര ചാനലുകളായ ഗുചി ഉൾപ്പെടെയുള്ളവർ നമ്മുടെ തുണിത്തരങ്ങളും കൈവേലകളുമെല്ലാം ഉപയോഗിക്കുന്നുണ്ട്. കണ്ണൂർ നിന്നൊക്കെ ഖാദി കൊണ്ടുപോകുന്നുണ്ട്.

ഖാദി ധരിച്ച് പൂർണിമ ഇന്ദ്രജിത്ത്

നമ്മുടെ നാടിന്റെ വ്യത്യസ്ത ഉൾക്കൊളളുന്ന വിധം വൈവിധ്യമാർന്ന ഹാൻഡ്‌ലൂം പാരമ്പര്യമാണ് നമുക്കുള്ളത്. പോച്ചംപിള്ളി, ഇക്കത്ത്, പശ്മീന തുടങ്ങി ഓരോ സംസ്ഥാനത്തിനുമുണ്ട് തനതു തുണിത്തരം. ധരിക്കാൻ ഏറ്റവും സുഖമുള്ള തുണിത്തരമാണ് ഖാദി, നമ്മുടെ കാലാവസ്ഥയില്‍ പ്രത്യേകിച്ചും. എങ്കിലും പൊതുവെ ഖാദി ഫാഷനബിൾ വെയറായി ആരും കാണുന്നില്ല. പ്രത്യേകിച്ചു ചെറുപ്പക്കാരുടെ ധാരണ ഇത് പ്രായമായവരുടെ വസ്ത്രമാണെന്നാണ്. ആ ചിന്ത മാറ്റാനാകണം. ഫാഷന്റെ കാര്യത്തിൽ പ്രായം ഒരു തടസമല്ല. ഒരു കുടുംബത്തിലെ ഒരാളെങ്കിലും ആഴ്ചയിലൊരിക്കൽ ഖാദി ധരിക്കുമെന്ന രീതിയിൽ മാറി ചിന്തിക്കണം. എല്ലാവരും ആഗ്രഹിക്കുന്നത് പുതുമയാണ്. ഖാദിയ്ക്ക് ഫ്രെഷ് ലുക്ക് നൽകാനായാൽ മാത്രമേ ഭാവി നന്നാകൂ. 16–25 വയസിനിടയിലുള്ളവരാണ് ഫാഷൻ രംഗത്തെ ‘മാസ്’ എന്നു പറയാം. അവർ ഇത് ഏറ്റെടുക്കുകയെന്നതാണ് പ്രധാനം.

ഖാദി ഡിസൈനറെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നൽകുന്ന ഫാബ്രിക് ആണ്. മഞ്ജു വാരിയർ മുതൽ പാർവതി വരെയുള്ള താരങ്ങൾ ഖാദി ധരിക്കുന്നുണ്ട്. ഈ വർഷത്തെ സൈമ അവാർഡ് വേദിയിൽ പാർവതി ധരിച്ചത് ഖാദിയാണ്. പ്രോപ്പർ സ്യൂട്ട് ആണ് ഖാദിയിൽ പാർവതിയ്ക്കു വേണ്ടി ഞാൻ ചെയ്തത്. അതു വിജയിക്കുകയും ചെയ്തു.

കഴിയുന്നത്ര വേദികളിൽ ഖാദിയെ പ്രമോട്ടു ചെയ്യും. അതുകൊണ്ടു തന്നെ മഴവിൽ മനോരമയിൽ ആങ്കർ ചെയ്യുന്ന പുതിയ ഷോയിൽ 90 ശതമാനവും ഖാദി വസ്ത്രങ്ങൾ തന്നെ ഉപയോഗിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഒരുപക്ഷേ വിമർശിക്കുന്നവരുണ്ടായേക്കാം, പക്ഷേ ഖാദി തന്നെ ധരിക്കും– പൂർണിമ പറയുന്നു.

ദേശീയ തലത്തിൽ റിതു കുമാർ, അനിത ദോഗ്രെ, അനവില്ല മിശ്ര, നീത ലുല്ല തുടങ്ങിയ പ്രമുഖ ഡിസൈനർമാർ ഖാദിയുടെ ഉന്നമനത്തിനായി സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് ഒരുങ്ങുകയാണ്. ഖാദിയെ പിന്തുണയ്ക്കാൻ തീരുമാനമെടുത്ത പൂർണിമയ്ക്കും ഹാറ്റ്‌സ് ഓഫ്. ഖാദിക്കു നല്ല നാളെകൾ പ്രതീക്ഷിക്കാമെന്നുറപ്പ്.