നടിയുടെ മരണം, ആരാധിക ജീവനൊ‌ടുക്കി

പ്രത്യുഷ ബാനർജി

പ്രശസ്ത ഹിന്ദി സീരിയൽ ന‌ടി പ്രത്യുഷ ബാനർജിയുടെ മരണം സംബന്ധിച്ച വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിൽ കാണപ്പെ‌ട്ട പ്രത്യുഷയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നുള്ള വാദങ്ങളും ഉയർന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലേക്കിതാ മറ്റൊരു ആത്മഹത്യാ വാർത്ത കൂ‌ടി. പ്രത്യുഷയു‌ടെ മരണത്തിൽ നിരാശയായി റായ്പൂർ സ്വദേശിയായ ആരാധിക, മധു മഹാനന്ദ് എന്ന യുവതിയാണ് ജീവനൊടുക്കിയത്. ഭർത്താവ് ലോകേഷ് ജോലിക്കു പോയ സമയത്തായിരുന്നു രണ്ടുവയസുകാരന്റെ അമ്മ കൂടിയായ യുവതി തൂങ്ങിമരിച്ചത്. കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട സാഹചര്യത്തിൺ അയൽക്കാരാണ് വീടുതുറന്നപ്പോൾ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.

ടിവി സീരിയലുകളുടെ സ്ഥിരം പ്രേക്ഷകയായ മധുവിന് പ്രത്യുഷയു‌ടെ മരണം കടുത്ത ആഘാതമാണുണ്ടാക്കിയിരുന്നത്. മരണവാർത്ത ടിവിയിൽ കണ്ടതുമുതൽ മധു ഏറെ നിരാശയിലായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. പ്രത്യുഷ അഭിനയിച്ചിരുന്ന ബാലികാവധു സീരിയലിനെ ജീവിതത്തോളം പ്രാധാന്യത്തിൽ കണ്ടതാണ് നടിയുടെ ആത്മഹത്യ മധുവിനെ നിരാശയിലാഴ്ത്താൻ കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാമുകൻ രാഹുൽ രാജുമായുള്ള പ്രണയത്തകർച്ചയാണ് പ്രത്യുഷയെ മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബാലികാവധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രമാണ് പ്രത്യുഷയെ പ്രശസ്തയാക്കിയത്. ശേഷം ജലക് ധിക്കലാജാ 5, ബിഗ് ബോസ് 7, തുടങ്ങിയ റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു.