പ്രേമിയ്ക്ക് അഭിനയത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയില്ലെന്നു സംവിധായകൻ

കറുത്ത മുത്ത് എന്ന സീരിയലിലൂടെ പ്രേക്ഷകരെ കീഴടക്കിയ പ്രേമി വിശ്വനാഥ് അടുത്തിടെയിട്ട ഫേസ്ബുക്ക് പേജ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സീരിയലിൽ നിന്നും മുന്നറിയിപ്പൊന്നും നൽകാതെ തന്നെ മന:പ്പൂർവം നീക്കുകയായിരുന്നുവെന്നായിരുന്നു പ്രേമിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നവാഗതയെന്ന പേരു പറഞ്ഞ് തനിക്കു ദിവസം 1500 രൂപ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്നും പ്രേമി പിന്നീടു പറയുകയുണ്ടായി. പ്രേമിയുടെ ആരോപണങ്ങൾക്കെല്ലാം സീരിയലിൻറെ സംവിധായകൻ പ്രവീൺ കടയ്ക്കാവൂർ മറുപടി നൽകിയിരിക്കുകയാണിപ്പോള്‍. അഭിനയത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്തവർക്ക് ആരും പതിനായിരം രൂപ നല്‍കില്ലെന്ന് പ്രവീൺ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രവീണിന്റെ പ്രതികരണം.

പ്രവീൺ കടയ്ക്കാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കറുത്ത മുത്തിന്റെ പ്രിയ പ്രേക്ഷകരെ

രണ്ടു മാസമല്ല അതിലും ഏറെയായി ശ്രീമതി. പ്രേമി വിശ്വനാധിനെ കറുത്ത മുത്തിൽ നിന്നും കഥാപരമായി മാറ്റി നിർത്തിയിരിക്കുന്നു എന്ന് നിങ്ങൾക്കറിയാമല്ലോ. സത്യത്തിൽ പരമ്പര തുടങ്ങി 25-30 എപിസോഡ് ആയപ്പോൾ തന്നെ മാറ്റണമെന്ന് തീരുമാനിച്ചിരുന്നതാണ്. അത് 300 എപിസോഡുകൾ വരെ നീണ്ടത് അവരുടെ ഭാഗ്യം. അതുകൊണ്ട് കേരളം അറിയുന്ന താരമാവാൻ കഴിഞ്ഞല്ലോ. സന്തോഷം. കറുത്ത നിറമുള്ള ഒരാളെ നായിക ആക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. കിഷോർ സത്യയുടെ സുഹൃത്ത് ദിനേശ് പണിക്കരുടെ ഫേസ് ബുക്ക് സുഹൃത്തായിരുന്നു ശ്രീമതി.പ്രേമി. ഇവർ കറുപ്പാണെന്ന് ദിനേശ് പണിക്കർ പറഞ്ഞപ്പോൾ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നവരോട് ചോദിക്കാൻ കിഷോർ പറയുകയും താൽപര്യമുണ്ടെന്ന് അവർ അറിയിച്ചതനുസരിച്ച് കഥയെയും കഥാപാത്രത്തെയും പ്രൊജക്റ്റ് നെക്കുറിച്ചും അവരോടു സംസാരിച്ചു audition ന് വരാൻ പറഞ്ഞു. സ്ക്രീൻ ടെസ്റ്റിൽ അഭിനയം അറിയില്ലെന്ന് ബോധ്യമായെങ്ങിലും അവരുടെ കറുപ്പ് നിറവും രൂപവും കൊണ്ട് മാത്രം നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കൊണ്ട് ഇവർക്ക് അഭിനയത്തിന്റെ വർക്ക് ഷോപ്പ് നൽകി ഞങ്ങൾ.തുടർന്ന് സഹ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പിന്തുണയും ക്ഷമയും കൊണ്ട് നിരവധി ടെയ്ക്ക്കളും സമയവും എടുത്താണു അവരെ അഭിനയം പഠിപ്പിചെടുത്തത്. ഇത്രയും പേരുടെ അദ്ധ്വാനവും കൂടെയുണ്ട് നിങ്ങൾ അറിയുന്ന ശ്രീമതി.പ്രേമി വിശ്വനാഥ് എന്ന താരപ്പിറവിക്ക് പിറകിൽ. പുതിയ ചാനെലിൽ എത്തിയപ്പോൾ പലർക്കും നന്ദി വർഷിച്ച പ്രേമി, ഇന്നത്തെ പ്രേമി വിശ്വനാഥ് ആക്കുവാൻ പാടുപെട്ട ആർക്കെങ്ങിലും ഇതിന് മുൻപ് നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്ന് പുതിയ ചാനെലിനെയും ആൾക്കാരെയും പ്രകീര്തിക്കുമ്പോൾ നിങ്ങളെ താരമാക്കിയ ഞങ്ങളെയും ഏഷ്യാനെറ്റിനെയും മറക്കുന്നതിനെ ഗുരുത്വ ദോഷം എന്ന് പറയുന്നില്ല.കാരണം ആദ്യമേ അത് ഇല്ലായിരുന്നല്ലോ ! പുതിയ നടീ നടന്മാർക്ക് എഗ്രിമെന്റ് വെക്കുന്നത് നാട്ട് നടപ്പാണ്.പ്രേമി നൽകിയ ബയോ ഡാറ്റ പ്രകാരമാണ് എഗ്രിമെന്റ് തയ്യാറാക്കിയത്. ഒപ്പിടാൻ മാതാപിതാക്കളെയും കൂട്ടി വരണമെന്നും പറഞ്ഞിട്ടും ഒരിക്കലും അവരെയും കൊണ്ട് വന്നില്ല. ഷൂട്ടിങ്ങ് തുടങ്ങികഴിഞ്ഞപ്പോൾ ആണ് അറിയുന്നത് അവർ നല്കിയ വിവരങ്ങൾ പലതും വ്യാജമായിരുന്നു എന്ന്! അങ്ങനെയൊരു കള്ളത്തരത്തിന്റെ ആവശ്യം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായും ഇല്ല. നമ്മുടെ കൂട്ടത്തിൽ ഉള്ളത് സത്യസന്ധതയുള്ള ഒരാൾ അല്ല എന്നറിഞ്ഞാൽ അങ്ങനെ ഒരാളെയും കൊണ്ട് എങ്ങനെ ഒരു നീണ്ട യാത്രപോകും ?! ഈ കാരണം കൊണ്ടാണ് 25-30 ആയപ്പോൾ തന്നെ ഇവരെ മാറ്റണമെന്ന് തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞത്. തുടർന്നും എന്റെ സെറ്റിൽ ശ്രീമതി. പ്രേമി കാരണം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായി. അതൊന്നും വിവരിച്ചു ഈ താരത്തെ നാണം കെടുത്താൻ താല്പര്യമില്ലാത്തത് കൊണ്ട് ഒരു ഉദാഹരണം മാത്രം പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു . ഒരു ഷെഡ്യൂളിൽ, ഷൂട്ടിങ്ങ് തുടങ്ങാൻ തയ്യാറായ തലേന്ന് പറയുന്നു, കണ്ണ് ദീനം കാരണം വരാൻ പറ്റില്ലാന്നു . ഷൂട്ട് മുടങ്ങി. വിശ്വാസ്യതക്കു വേണ്ടി അസുഖം വന്ന കണ്ണുകളുടെ പടവും പ്രോഡക്ഷൻ കണ്ട്രോലെർക്ക് വാട്സ് ആപ് ചെയ്തും കൊടുത്തു. പക്ഷെ തൊട്ടടുത്ത ദിവസം വരാം അസുഖം കുറഞ്ഞു എന്ന് പറഞ്ഞത് അനുസരിച്ച് ഷൂട്ട് പ്ലാൻ ചെയ്തു.അവർ വന്നു. കണ്ണിനു കുഴപ്പമൊന്നും കണ്ടില്ല. പ്രിയ പ്രേക്ഷകരെ അപ്പോഴേക്കും ഞങ്ങൾ അറിഞ്ഞിരുന്നു അല്ലാ ദൈവമായിട്ട് അറിയിച്ചു. കണ്ണിൽ "ഗ്ലിസറിനൊ" മറ്റോ ഇട്ടു പടമെടുത്തു അയച്ച നിങ്ങളുടെ കറുത്ത മുത്ത് ഷൂട്ടിങ്ങിനു വരാതെ ഏതോ ക്ഷേത്രത്തിൽ നൃത്ത പരിപാടി നടത്തുകയായിരുന്നു എന്ന് ! സരസ്വതി ദേവിയുടെ കണ്ണിലാണ് അവർ ഇട്ട ഗ്ലിസറിൻ വീണതെന്ന് താരം അറിഞ്ഞില്ല !കുറെ കഴിഞ്ഞപ്പോൾ മറ്റൊരു ഷെഡ്യൂളിൽ അഭിനയിക്കുമ്പോൾ ശ്രീമതി.പ്രേമിക്കു യഥാർത്ഥത്തിൽ കണ്ണ് ദീനം വരികയും ആ കണ്ണുകളുമായി അഭിനയിക്കേണ്ടിയും വന്നത് നേരത്തെ ചെയ്ത കള്ളത്തരത്തിന് ദൈവം കൊടുത്ത മറുപടി മറുപടി തന്നെയായിരുന്നു എന്റെ മൊത്തം ക്രൂവിൽ ഇവർ മൂലം പല പ്രശ്നങ്ങളും ഉണ്ടായി. ചിലർ പ്രൊജക്റ്റ് വിട്ടുപോയി. ചിലരെ എനിക്ക് ഒഴിവാക്കെണ്ടിയും വന്നു. കറുത്ത മുത്തിലെ സഹ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും ഇവരെയും കൊണ്ട് തുടർന്ന് പോകാൻ പറ്റാത്ത സാഹചര്യം വന്നത് കൊണ്ടാണ് കഥാപരമായി കുറെ നാളായി ശ്രീമതി.പ്രേമിയെ ഒഴിവാക്കി നിർത്തിയത്. പിന്നെ ആയിരത്തി അഞ്ഞൂറ് രൂപയെ പ്രതിഫലം ഉണ്ടായിരുന്നുള്ളൂ എന്ന ചില നവ മാധ്യങ്ങൾ എന്തോ അപരാധം പോലെ എഴുതിയും കണ്ടു. അഭിനയം ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ വരുന്ന ഇത്തരക്കാർക്ക് ആരെങ്ങിലും അയ്യായിരമോ പതിനായിരമോ (പ്രതി ദിനം) പ്രതിഫലം കൊടുക്കുമോ എന്ന് ദയവായി മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഉള്ള ആരോടെങ്ങിലും ഒന്ന് തിരക്കി നോക്കാനും അപേക്ഷിക്കുന്നു. എഗ്രിമെന്റ് പ്രകാരം, കറുത്ത മുത്തിന്റെ കാലയളവിൽ അനുവാദമില്ലാതെ മറ്റ് പ്രൊജക്റ്റ്കൾ ചെയ്യരുത് എന്ന നിബന്ധന തെറ്റിച്ചത് കൊണ്ട് അവരെ മാറ്റി എന്നത് സാങ്കേതികം മാത്രം. ഈ പരമ്പര ആരംഭിച്ചപ്പോൾ മുതൽ ശ്രീമതി.പ്രേമി മൂലം ഉണ്ടായ ബുദ്ധിമുട്ടുകളുടെ ഒരു പരിണാമ ഗുപ്തിയായി മാത്രം ഈ ഒഴിവാക്കലിനെ കണ്ടാൽ മതി. ഗുരുത്വത്തിലും, സത്യസന്ധതയിലും, തൊഴിൽ നീതിയിലും അങ്ങനെ പലതിലും വിള്ളലുകൾ ഉള്ള ഒരു വ്യക്തിയും കൊണ്ട് മുന്നൂറിൽ അധികം എപിസോഡുകൾ കൊണ്ടുപോയ എന്റെ ബുദ്ധിമുട്ടുകൾക്ക് ഒരു വിലയും ഇല്ലേ എന്റെ പ്രിയപ്പെട്ടവരേ ..?!