വൻ ഹിറ്റ്, ജോർജ് രാജകുമാരന്റെ കുട്ടിയുടുപ്പ്

പ്രിൻസ് ജോർജ് അച്ഛൻ വില്യം രാജകുമാരനും അമ്മ കെയ്റ്റ് മിഡിൽടണുമൊപ്പം

കുഞ്ഞുപെങ്ങളുടെ മാമോദീസയ്ക്ക് ചേട്ടൻ ധരിച്ച ഉടുപ്പ് വിറ്റു തീർന്നത് നിമിഷങ്ങൾ കൊണ്ട്. ബ്രിട്ടണിലെ വില്യം രാജകുമാരന്റെ ഇളയമകൾ ഷാർലറ്റിന്റെ മാമോദീസ ചടങ്ങായിരുന്നു ഇന്നലെ. ഗംഭീര ആഘോഷമായിട്ടായിരുന്നു ചടങ്ങുകളെല്ലാം. മാമോദീസയ്ക്ക് എത്തിയവർക്കെല്ലാം വില്യം രാജകുമാരനും ഭാര്യ കെയ്റ്റും നന്ദിയും പറഞ്ഞു. അതിനു പിറകെയാണ് ജോർജ് രാജകുമാരനും വാർത്തകളിൽ ഇടം നേടിയത്. അതിനു കാരണമായതോ കക്ഷിയിട്ട കുട്ടി ഷോർട്സും ഷർട്ടും.

പ്രിൻസ് ജോർജ്

ഈ മാസം 22ന് രണ്ടു വയസ്സു തികയും ജോർജിന്. അതിനു മുൻപു തന്നെ ഫാഷൻ ലോകത്ത് പേരെടുത്തുകഴിഞ്ഞിരിക്കുകയാണ് ഈ പയ്യൻസ്. ബ്രിട്ടിഷ് ഡിസൈനർ റേച്ചർ റൈലി ഡിസൈൻ ചെയ്തതായിരുന്നു ജോർജിന്റെ മാമോദീസ ഉടുപ്പ്. ജോർജിന്റെ അമ്മ കെയ്റ്റിന്റെ പ്രിയ ഡിസൈനർ കൂടിയാണ് റേച്ചൽ. പ്രധാന പരിപാടികളിലെല്ലാം പങ്കെടുക്കാൻ പോകുമ്പോൾ റേച്ചലാണ് കുട്ടികളുടെ ഡ്രസുകൾ ഡിസൈൻ ചെയ്യുക പതിവ്. മാമോദീസ ചടങ്ങിന് ജോർജ് എത്തിയതിന്റെ ചിത്രങ്ങൾ പ്രചരിക്കപ്പെട്ടതിനു തൊട്ടുപിറകെ ഈ ഡ്രസ് അന്വേഷിച്ച് റേച്ചലിന്റെ കമ്പനി വെബ്സൈറ്റിലും അന്വേഷണമെത്തി. നോക്കുമ്പോഴുണ്ട് അതേ ഡ്രസ് വിൽപനയ്ക്കുമുണ്ട്. 85 പൗണ്ടായിരുന്നു വില. ഒരു വയസ്സും ഒന്നരവയസ്സും പ്രായമായവരുടെ സൈസിലായിരുന്നു വിൽപന. ഞായറാഴച രാവിലെത്തന്നെ ആ മോഡലിലുള്ള സകലഡ്രസും വിറ്റുതീർന്നു.

പ്രിൻസ് ജോർജ് അച്ഛൻ വില്യമിനൊപ്പം

അച്ഛൻ വില്യമിനെ അനുകരിച്ചാണ് ജോർജും സ്റ്റാറാകുന്നതെന്ന വർത്തമാനവും ഫാഷൻ ലോകത്ത് കേൾക്കുന്നുണ്ട്. 1984ൽ സഹോദരൻ ഹാരി ജനിച്ചപ്പോൾ ആശുപത്രിയിലേക്ക് കാണാനെത്തിയ കുഞ്ഞുവില്യം അന്നു ധരിച്ചിരുന്നത് ജോർജിന്റേതിനു സമാനമായ ഡ്രസായിരുന്നു. അതിന്റെ ചിത്രങ്ങളും ഇന്നലെ പ്രചരിപ്പിക്കപ്പെട്ടു. കാഴ്ചയില്‍ സംഗതി സത്യവുമാണ്. ബക്കിങ് ഹാം പാലസിന്റെ ബാൽക്കണിയിൽ ആദ്യമായി വില്യം രാജകുമാരൻ ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ ദിവസം ധരിച്ച അതേ വസ്ത്രത്തിന്റെ മോഡലിലായിരുന്നു ഏതാനും മാസം മുൻപ് ജോർജ് രാജകുമാരന്റെയും ബാൽക്കണിയിലെ ആദ്യ പ്രത്യക്ഷപ്പെടൽ. വിന്റേജ് ഫാഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജോർജിന്റെ പുതുവസ്ത്രം തയാറാക്കിയെടുത്തതെന്ന് റേച്ചലും സമ്മതിക്കുന്നുണ്ട്. തുന്നൽപ്പണികൾ നടത്തി ഭംഗിയാക്കിയ ഷർട്ടുമായി കണക്ട് ചെയ്യാൻ ബട്ടണുകളോടു കൂടിയുള്ളതാണ് ചുവപ്പൻ ഷോർട്സ്. ഡ്രസിന്റെ നിര്‍മാണമാകട്ടെ 100 ശതമാനവും കോട്ടണിലും.