ഓസ്കാറിൽ സെക്സിയായി പ്രിയങ്ക, വിമർശിച്ചും പുകഴ്ത്തിയും ആരാധകർ

പ്രിയങ്ക ചോപ്ര ഓസ്കാര്‍ റെഡ് കാര്‍പറ്റില്‍

ഓസ്കാർ പുരസ്കാര ചടങ്ങിലേക്ക് ബോളിവുഡ് ഐക്കൺ പ്രിയങ്ക ചോപ്രയുടെ രണ്ടാമത്തെ വരവായിരുന്നു അത്. സിനിമാലോകത്തിന്റെ മാസ്മരികതയ്ക്കപ്പുറം ഫാഷന്റെയും ഗ്ലാമറിന്റെയും മറ്റൊരു മുഖം കൂടിയാണ് ഓസ്കാറിൽ തെളിഞ്ഞു കാണുന്നത്. ശരീരത്തോട് ചേർന്നുകിടക്കുന്ന മനോഹരമായ ഐവറി നിറത്തിലുള്ള ഗൗൺ ധരിച്ചാണ് താരം ചടങ്ങിനെത്തിയത്.

പറയാതെ വയ്യല്ലോ ഒറ്റനോട്ടത്തിൽ സെക്സിയും എലഗന്റുമായിരുന്നു പ്രിയങ്ക. സിമ്പിൾ ആൻഡ് ഹമ്പിൾ എന്നൊക്കെ പറയാവുന്ന വിധമായിരുന്നു പ്രിയങ്കയുടെ ഔട്ട്ലുക്ക്. മുടിഒരുവശത്തേക്ക് ഒതുക്കിയിട്ട് ഇളം പിങ്ക് നിറം ലിപ്സ്റ്റിക്കും ഇരുകൈകളിലും വസ്ത്രത്തിനു ചേരുന്ന ബ്രേസ്‍ലെറ്റുകളും അണിഞ്ഞാണ് താരം എത്തിയത്.

പ്രിയങ്ക അണിഞ്ഞ കമ്മലായിരുന്നു ബി‌ടൗണിലെ സംസാരവിഷയം. ഒന്നും രണ്ടുമല്ല മുപ്പതു കോടി വിലമതിക്കുന്ന ഡയമണ്ട് കമ്മലുകളാണ് താരം അണിഞ്ഞത്. പ്രിയങ്കയുടെ വസ്ത്രത്തെ ആരാധകർ സമൂഹമാധ്യമത്തിൽ ആഘോഷമാക്കുകയാണ്. ഫാഷൻ പ്രേമികൾക്ക് പ്രിയങ്കയുടെ വസ്ത്രത്തിനെ എത്രതന്നെ പുകഴ്ത്തിയാലും മതിവരുന്നില്ല.

ചിലരൊക്കെ വസ്ത്രത്തെ കളിയാക്കിയും രംഗത്തെത്തി. സൈഡ്കട്ട് ഉള്ള ഗൗൺ ധരിച്ചതിനാൽ ആരാണ് പ്രിയങ്കയുടെ വസ്ത്രത്തിന്റെ ഇരുവശവും കടിച്ചുതിന്നതെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. പ്രിയങ്കയുടേതു ഡ്രസ് തന്നെയാണോ അതോ അവർ സെൻസർ ചെയ്യപ്പെട്ടതാണോ എന്നും ചിലർ ചോദിക്കുന്നു.

ബ്ലാങ്കറ്റു കൊണ്ട് ഇവന്റിലേക്കു പോകുംപോലെയെന്നും പറഞ്ഞവരുമുണ്ട്. എന്തായാലും ഫാഷന്റെ കാര്യത്തിൽ ഇക്കുറി പ്രിയങ്ക തന്നെ ഓസ്കാറിലെ താരമെന്നു പറയുന്നവരും ഉണ്ട്.