അസം മുഖ്യമന്ത്രി ബെസ്റ്റ് ഫ്രണ്ടെന്ന് രാഖി സാവന്ത്; അല്ലെന്ന് മന്ത്രി!

ബോളിവുഡ് നടി രാഖി സാവന്തിനു വാർത്തകളും വിവാദങ്ങളും അത്ര പുത്തരിയൊന്നുമല്ല. വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയാനാണു താരത്തിനു പ്രിയമെന്നും തോന്നുന്നു. ഇപ്പോൾ ആത്മാർഥ സുഹൃത്തുക്കളുടെ കണക്കെടുക്കുന്ന തിരക്കിലാണു രാഖി. കഴിഞ്ഞ ദിവസം ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി തന്റെ പ്രിയ സുഹൃത്താണ് എന്നു പറഞ്ഞതിനു പിന്നാലെയിതാ മറ്റൊരു സുഹൃത്തിന്റെ കാര്യംകൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇത്തവണ നല്ല സുഹൃത്തെന്നു വിശേഷിപ്പിച്ചിരിക്കുന്നത് അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ്‌യെയാണ്. എന്നാൽ മന്ത്രിയാകട്ടെ അക്കാര്യം നിഷേധിക്കുകയും ചെയ്തു.

ഗൊഗോയ് എന്റെ നല്ല സുഹൃത്താണ്. ഞാൻ മൂന്നോ നാലോ അവസരങ്ങളിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ കാണാന്‍ എന്നെ ക്ഷണിച്ചിട്ടുമുണ്ട്. ഗൊഗോയ് നല്ല മനുഷ്യനാണ്. ബിഹു ഫെസ്റ്റിവലിന് എന്നെ അദ്ദേഹം ഗുവാഹത്തിയില്ക്ക് ക്ഷണിച്ചിട്ടുണ്ട്. അസാമിലെ പരമ്പരാഗത വസ്ത്രമായ സാദാർ മേഖ് ല അദ്ദേഹത്തിനു വേണ്ടി ധരിക്കണം. അദ്ദേഹത്തൊടൊപ്പം ബിഹു നൃത്തവും ചെയ്യണം-ഇതായിരുന്നു രാഖിയുടെ വാക്കുകൾ.

എന്നാൽ രാഖിയുടെ വാക്കുകളെ ചിരിച്ചുതള്ളിയിരിക്കുകയാണ് അസംമന്ത്രി. രാഖി ഇക്കാര്യങ്ങള്‍ പറഞ്ഞതായി താൻ അറിഞ്ഞുവെന്നും എന്നാൽ‌ അവരെ കണ്ടോ ഇല്ലയോ എന്നുപോലും ഓർക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. ചിലപ്പോള്‍ ഒരിക്കൽ കണ്ടിട്ടുണ്ടാവാം. ഇതുപോലെ എല്ലാവരും പറയാന്‍ തുടങ്ങിയാൽ താൻ പലരുടെയും നല്ല സുഹൃത്തു തന്നെയാവും. അവർ പറഞ്ഞതുപോലെ പല അവസരങ്ങളിലൊന്നും കണ്ടിട്ടില്ലെന്നും രാഖിയെ തനിക്ക് അടുത്തു പരിചയമില്ലെന്നും ഗൊഗോയ് പറഞ്ഞു.