ഫാഷനിലൂടെ 1.5 കോടി രൂപയുടെ വരുമാനവുമുണ്ടാക്കി സഞ്ജുക്താസ്!

സഞ്ജുക്ത ദത്ത. ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്

വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലാണ് സഞ്ജുക്ത ദത്ത ജനിച്ചത്. അസം എന്‍ജിനീയറിംഗ് കോളെജില്‍ നിന്നും ബിരുദം, ശേഷം പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍ക്കാര്‍ ജോലി, അസിസ്റ്റന്റ് എന്‍ജിനീയറായി. 10 വര്‍ഷം അവിടെ ജോലി ചെയ്തു. എന്നാല്‍ ഫാഷനോടുള്ള തന്റെ ഭ്രമം പിടിച്ചു നിര്‍ത്താന്‍ സാധിച്ചിരുന്നില്ല അവര്‍ക്ക്. 

ചെറുപ്പം മുതലേ വസ്ത്രങ്ങളോട് വലിയ പാഷനാണ് സഞ്ജുക്തയ്ക്ക്. അസമീസ് സ്ത്രീകള്‍ പ്രായഭേദമന്യേ ധരിക്കുന്ന മെകേല ചഡൊര്‍ (ഒരു തരം സാരി) എന്ന പരമ്പരാഗത വേഷം തന്റേതായ ശൈലിയില്‍ ഡിസൈന്‍ ചെയ്യുന്നതിന് പ്രത്യേക താല്‍പ്പര്യമായിരുന്നു അവര്‍ക്ക്. പലപ്പോഴും വീട്ടിലുള്ളവര്‍ക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കിയിരുന്നത് സഞ്ജുക്തയായിരുന്നു.  അങ്ങനെ ജോലി മടുത്തു, സ്വന്തമായി സംരംഭം തുടങ്ങാമെന്ന തീരുമാനത്തിലെത്തി അവര്‍.

ബിപാഷ ബസുവിനൊപ്പം സഞ്ജുക്ത ദത്ത. ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്

ജോലി രാജിവെച്ച് ആദ്യം സഞ്ജുക്ത ചെയ്തത് ഗുവഹാട്ടിയില്‍ ഒരു നെയ്ത്ത് യൂണിറ്റ് തുടങ്ങുകയായിരുന്നു, 2012ല്‍. മെക്കേല ചഡൊര്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു ഉദ്ദേശ്യം. ഡിസൈന്‍ ചെയ്ത 3,000 യൂണിറ്റുകള്‍ വിറ്റു തീര്‍ക്കാന്‍ അവര്‍ക്കായി. ഇത് ആത്മവിശ്വാസം നല്‍കി. ഒടുവില്‍ 15 ലക്ഷം രൂപ മുതല്‍മുടക്കില്‍ അവര്‍ സ്വന്തം സംരംഭം തുടങ്ങി. പേരുമിട്ടു, സഞ്ജുക്താസ് സ്റ്റുഡിയോ.

2013ല്‍ രണ്ട് പുതിയ നെയ്ത്ത് യൂണിറ്റുകള്‍ ഗുവാഹട്ടിയില്‍ തുടങ്ങി. അതിനുശേഷം ഒരു കൊമേഴ്‌സ്യല്‍ ബൊട്ടിക്കും. ഉപഭോക്താക്കള്‍ക്ക് ബൊട്ടിക് സന്ദര്‍ശിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും ഓര്‍ഡര്‍ ചെയ്യാം. അസമിലെ പരമ്പാരഗത ആഭരണങ്ങളാണ് സ്റ്റുഡിയോയില്‍ ഡിസൈന്‍ ചെയ്യുന്നത്. 100 ലധിം വരുന്ന നെയ്ത്തുകാരുടെ കുടുംബങ്ങള്‍ സഞ്ജുക്തയുടെ സംരംഭത്തിന്റെ ബലത്തില്‍ ജീവിതം കെട്ടിപ്പടുക്കുന്നു. അവരുടെ കുടുംബങ്ങിലുള്ളവരുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും വരെ തന്റെ ഉത്തരവാദിത്തമായി അവര്‍ കാണാറുണ്ട്.

ഏറ്റവും ചുരുങ്ങിയത് മെക്കേല ചഡൊറിന്റെ 500 സെറ്റുകളെങ്കിലും ഒരു മാസം വിറ്റഴിക്കാറുണ്ട് സഞ്ജുക്താസ് സ്റ്റുഡിയോ. കഴിഞ്ഞ വര്‍ഷം 1.5 കോടി രൂപയുടെ വരുമാനവുമുണ്ടാക്കി ഈ ഫാഷന്‍ സംരംഭം. ഫേസ്ബുക്ക് പേജിലൂടെ നല്ല ബിസിനസ് ലഭിക്കാറുണ്ടെന്ന് അവര്‍ പറയുന്നു.