ജയസൂര്യയുടെ ഭാര്യ സിനിമയിലേക്ക്

സരിതയും ഭർത്താവ് ജയസൂര്യയും

എറണാകുളത്തെ പനമ്പിള്ളി നഗറിലുള്ള ദേജാവു എന്ന വസ്ത്രശാലയുടെയും ഭർത്താവും നടനുമായ ജയസൂര്യയുടെയും രണ്ടു മക്കളുടെയുമെല്ലാം കാര്യങ്ങൾ നോക്കിനടക്കുന്ന ഒരു സാധാരണ വീട്ടമ്മ. പക്ഷേ വീടിനുള്ളിൽ ചടഞ്ഞുകൂടി ഇരിക്കാതെ സ്വന്തമായ സൃഷ്ടികളിലൂടെ വസ്ത്രാലങ്കാര രംഗത്തു തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണിന്ന് സരിത. ദേജാവുവിന്റെ ആത്മാവാണു സരിത. നവംബർ ഇരുപതിനു പുറത്തിറങ്ങാനിരിക്കുന്ന സു സു സുധീ വാത്മീകം എന്ന രഞ്ജിത് ശങ്കർ ചിത്രത്തിലൂടെ സിനിമാ വസ്ത്രാലങ്കാര രംഗത്തേക്കും സരിത കാലെടുത്തു വച്ചിരിക്കുന്നുവെന്നതാണ് പുതിയ വിശേഷം. വസ്ത്രാലങ്കാരത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചുമെല്ലാം സരിത മനോരമ ഓണ്‍ലൈനുമായി പങ്കുവെയ്ക്കുന്നു.

സരിത ജയസൂര്യ

ആദ്യം തന്നെ ചോദിക്കട്ടെ വസ്ത്രശാല ദേജാവു എങ്ങനെ പോകുന്നു?

ദേജാവു നന്നായി പോകുന്നു. വളരെ സപ്പോർട്ടിംഗ് ആയ ഒരു ടീമാണ് അവിടെയുള്ളത്. അതുകൊണ്ട് ഞാനൊന്നു വിട്ടു നിന്നാലും കാര്യങ്ങൾ സുഗമമായി പൊയ്ക്കോളും

മൈക്രോ ബയോളജിയിൽ ബിരുദം ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം. പൂർണമായും ശാസ്ത്രസംബന്ധിയായ ഒരു മേഖലയിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു പ്രൊഫഷനലിലേക്ക്. എപ്പോൾ മുതലാണ് ഫാഷൻ ഡിസൈനിംഗിൽ കമ്പം തുടങ്ങിയത്?

സത്യത്തിൽ ഒരു റിസർച്ച് സ്കോളർ ആകണം എന്നൊക്കെയായിരുന്നു എന്റെ ആഗ്രഹം. സയൻസ് ഇഷ്ടമുള്ള മേഖലയുമായിരുന്നു. പിന്നെ നാം പ്രതീക്ഷിക്കുന്നുപോലല്ലല്ലോ ജീവിതത്തിൽ സംഭവിക്കുന്നത്. വിവാഹം കഴിഞ്ഞപ്പോൾ ജയന്റെ പ്രഫഷനുമായി ഇണങ്ങുന്ന പ്രഫഷൻ തന്നെ വേണമെന്നു തോന്നി. ജയൻ ആണെങ്കിൽ മിക്കവാറും യാത്രകളിലൊക്കെ ആയിരിക്കും. ബയോടെക്നോളജി ഫീൽഡിലേക്കു പോയാൽ ജോലി സാധ്യതകളിലേറെയും പുറത്താണ്. ഞങ്ങൾ രണ്ടുപേരും കരിയറിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് കുടുംബജീവിതത്തിനാണ്. അതുകൊണ്ട് കുടുംബം വിട്ടൊരു ജോലിയിലേക്കു പോകുവാന്‍ താൽപര്യമില്ലായിരുന്നു. പിന്നെ അതൊരു നഷ്ടമായിട്ടു തോന്നിയിട്ടുമില്ല. മോൻ വലുതായി അവന്‍ സ്കൂളിലേക്കു പോകുന്ന സമയങ്ങളിൽ വെറുതെ ഇരുന്നു േബാറടിച്ചപ്പോഴാണ് ഇങ്ങനെയൊരു മേഖലയിലേക്കു തിരിഞ്ഞാലോ എന്നാലോചിച്ചത്. ആദ്യം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ വസ്ത്രങ്ങളാണ് ഡിസൈൻ ചെയ്തു തുടങ്ങിയത്. അതിപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു,

സരിതയും ഭർത്താവ് ജയസൂര്യയും

സു സു സുധി വാത്മീകത്തിലൂടെ ആദ്യമായി സിനിമാ വസ്ത്രാലങ്കാരത്തിലേക്ക്? എങ്ങനെയുണ്ടായിരുന്നു അനുഭവം?

ഇതെന്റെ ആദ്യചിത്രമല്ല. പുണ്യാളൻ അഗർബത്തീസിൽ ജയനു വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരുന്നതും ഞാൻ തന്നെയാണ്. അതും ഹോം പ്രൊഡക്ഷൻ ആയിരുന്നു. പിന്നെ സു സുവിസുധി വാത്മീകത്തിന്റെ ചര്‍ച്ചകൾക്കു വേണ്ടി രഞ്ജിത് ശങ്കർ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്. ആദ്യം ശിവദയ്ക്കു വേണ്ടി ചെയ്യാനായിരുന്നു തീരുമാനം. പിന്നെ സ്വാതിയ്ക്കു വേണ്ടിയും ചെയ്തു. ഒരാൾക്കു മോഡേൺ വേഷവും മറ്റൊരാൾക്ക് നാടൻ വേഷവുമായിരന്നു. സിനിമ ആവശ്യപ്പെടുന്നതെന്തോ അതു ചെയ്യുക. ഒന്നാമത്തെ കാര്യം ഹോം പ്രൊഡക്ഷൻ ആയതുകൊണ്ടു ഞാൻ വളരെ കംഫർട്ടബിൾ ആയിരുന്നു. ചിത്രത്തിൽ ശിവദയ്ക്കുപയോഗിച്ച വസ്ത്രങ്ങളേറെയും സിൽക്ക് ബേസ്ഡ് ആണ്. പിന്നെ മുഗൾ പ്രിന്റുള്ള ദുപ്പട്ടകളും. ഇതു പുതിയൊരു ട്രെൻഡായിരുന്നു. ഷോപ്പിലും ഇപ്പോൾ മുഗൾ പ്രിന്റഡ് സാരികൾക്കും സാൽവാറുകൾക്കും ആവശ്യക്കാർ ഏറെയാണ്. നമ്മുടെ തന്നെ പ്രൊഡക്ഷൻ ആയതുകൊണ്ട് ഹോംലി എക്സ്പീരിയൻസ് ആയിരുന്നു.

ഭർത്താവ് അഭിനയിക്കുന്ന സിനിമയ്ക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോൾ ഭർത്താവിന്റെ ഇടപെടൽ എത്രത്തോളമുണ്ടായിരുന്നു?

ജയൻ അമിതമായി ഇടപെടാറില്ല. എന്നാൽ ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്യാറുണ്ട്. കളർ ടോണുകളുടെയും മറ്റും കാര്യത്തിൽ നിർദ്ദേശങ്ങൾ പറയാറുണ്ട്, അവ സ്വീകരിക്കാറുമുണ്ട്.

ജയസൂര്യ ഫാഷൻ സെൻസുള്ളയാളാണോ?

തീർച്ചയായും. അതിപ്പോ സിനിമയുടെ കാര്യത്തിലായാലും വ്യക്തി ജീവിതത്തിലായാലും നല്ല ഫാഷൻ സെൻസുള്ളയാളാണ് അദ്ദേഹം. മാറിമാറി വരുന്ന ട്രെൻഡ്സിനെക്കുറിച്ചൊക്കെ നല്ല ധാരണയാണ്. അവയൊക്കെ നന്നായി അപ്‍ഡേറ്റ് ചെയ്യാറുണ്ട്.

സിനിമയിൽ ഇനിയും പ്രതീക്ഷിക്കാമല്ലോ?

അങ്ങനെ ചിന്തിച്ചിട്ടേയില്ല. ഇതു നമ്മുടെ തന്നെ ഹോം പ്രൊഡക്ഷൻ ആയതുകൊണ്ട് അത്രത്തോളം കംഫർട്ടബിൾ ആയതുകൊണ്ടു ചെയ്തതാണ്. മറ്റൊരു പടം ചെയ്യുമ്പോൾ നമ്മൾ എപ്പോഴും അവെയ് ലബിൾ ആയിരിക്കണ്ടേ. ഒരു വർക് ഏറ്റെടുത്ത് അങ്ങോട്ടു അസിസ്റ്റന്റിനെ വിടാൻ ഒട്ടും താൽപര്യമില്ല. നാം ഒരു കാര്യം ഏറ്റാൽ നൂറു ശതമാനവും അതിനോടു നീതി പുലർത്തിയിരിക്കണം എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. അതിനു പറ്റാതെ പേരിനു പുതിയ പ്രൊജക്റ്റുകൾ ഏറ്റെടുക്കാൻ താല്‍പര്യമില്ല. പിന്നെ അടുത്ത മാസം കോട്ടയത്തൊരു എക്സിബിഷൻ ഉണ്ട്. അതിന്റെ തിരക്കിലാണിപ്പോൾ.

സരിതയും ഭർത്താവ് ജയസൂര്യയും

പേഴ്സണലി എത്തരം വസ്ത്രങ്ങളോടാണ് പ്രിയം?

അത് സാഹചര്യങ്ങൾക്കനുസരിച്ചിരിക്കും. വ്യക്തിപരമായി സാരി എനിക്കു വളരെയധികം ഇഷ്ടമുള്ള േവഷമാണ്. പിന്നെ യാത്രകളിലും മറ്റും കാഷ്വൽ വസ്ത്രങ്ങൾ ധരിക്കാനാണിഷ്ടം. ഇതിലെല്ലാമുപരി കംഫർട്ടബിൾ ആകുന്ന വസ്ത്രമായിരിക്കണം. നമ്മുടെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണു ധരിക്കേണ്ടത്.

ഈ രംഗത്തേക്കു വരാൻ പ്രചോദനമായ വ്യക്തികൾ ആരെങ്കിലും?

പ്രചോദനം ഒരു വ്യക്തി മാത്രമാകണമെന്നില്ല, പ്രകൃതിയോ നിറങ്ങളോ ഒക്കെയാവാം. പക്ഷേ പ്രചോദനമാകുന്ന ഒന്നും കോപ്പി ആവരുതെന്നു നിര്‍ബന്ധമുണ്ട്. അതിനെ എങ്ങനെ മറ്റൊരു രീതിയിൽ അവതരിപ്പിക്കാം എന്നാണു നോക്കേണ്ടത്.

സരിതയും ഭർത്താവ് ജയസൂര്യയും

പുതുതലമുറയുടെ ഇപ്പോഴത്തെ ഡ്രസിങ് ട്രെൻഡ് എങ്ങനെയാണെന്നാണ് തോന്നുന്നത്

ശരിക്കും പറഞ്ഞാല്‍ അതു മിക്സഡ് ആണ്. പുതിയ കുട്ടികൾ ഇന്ന ഒരു ട്രെൻഡ് മാത്രം പിന്തുടരുന്നവരാണെന്ന് ഇപ്പോള്‍ പറയാൻ പറ്റില്ല. സാഹചര്യങ്ങൾക്കനുസരിച്ചു വസ്ത്രം ധരിക്കാനാണ് അവർക്കിഷ്ടം. പിന്നെ താൻ ധരിക്കുന്ന വസ്ത്രം മറ്റുള്ളവയിൽ നിന്നും വേറിട്ടതായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് യുവതലമുറയിലേറെയും.

വീട്ടുകാര്യങ്ങൾ, ടെക്സ്റ്റൈൽസ് ,വസ്ത്രാലങ്കാരം, എല്ലാം കൂടി എങ്ങനെ മാനേജ് ചെയ്യുന്നു?

ഇതെല്ലാം ടൈം മാനേജ്മെന്റിന്റെ കാര്യമാണ്. നാം വിചാരിച്ചാല്‍ കിട്ടുന്ന സമയമേയുള്ളു. കുട്ടികളെ പഠിപ്പിക്കുന്ന സമയങ്ങളിൽ മറ്റൊന്നും ചെയ്യാറില്ല. ജയൻ വീട്ടിലുണ്ടാകുന്ന അവസരങ്ങളിലും വർക് ചെയ്യാറില്ല. അപ്പോൾ സാഹചര്യങ്ങള്‍ക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായാല്‍ പിന്നെ സമയം കിട്ടിയില്ല എന്നു പരാതിപ്പെടേണ്ടല്ലോ.

സരിതയും ജയസൂര്യയും മക്കളായ അദ്വൈതിനും വേദയ്ക്കുമൊപ്പം‌

പ്രതീക്ഷകൾ, മോഹങ്ങൾ?

മോഹങ്ങൾ ഒരിക്കലും അവസാനിക്കില്ലല്ലോ. അതിങ്ങനെ വന്നുകൊണ്ടേയിരിക്കും. ചെയ്യുന്ന ജോലി ആത്മാർഥമായി ചെയ്യാൻ കഴിയണം എന്നുമാത്രമേ ആഗ്രഹമുള്ളു. അതിനു പൂർണ പിന്തുണയുമായി ജയനും കുടുംബവും എനിക്കൊപ്പമുണ്ട്. പറഞ്ഞറിയിക്കാൻ പറ്റില്ല ആ പിന്തുണ. ഓടിനടന്നു ജോലി ചെയ്യാതെ കുടുംബത്തെ കൂടെ നിർത്തി റിലാക്സ്‍ഡ് ആയി ചെയ്യാനാണിഷ്ടം.

സരിതയും ജയസൂര്യയും

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്